'ബ്രേക്ക്ഫാസ്റ്റിന് പതിവായി പഴങ്കഞ്ഞി'; ശതകോടീശ്വരനായ ശ്രീധറിന്‍റെ ട്വീറ്റിന് വിമര്‍ശനവും ട്രോളും
ശതകോടീശ്വരനായ ശ്രീധര്‍ വെമ്പു ട്വിറ്ററിലൂടെ പങ്കുവച്ചൊരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നതും ചര്‍ച്ചകളില്‍ നിറയുന്നതും. താൻ പതിവായി പ്രഭാതഭക്ഷണമായി പഴങ്കഞ്ഞിയാണ് കഴിക്കാറുള്ളതെന്നും ഈ ശീലം ക്രമേണ തന്‍റെ ആരോഗ്യത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവന്നു എന്നുമാണ് ഇദ്ദേഹം തന്‍റെ ട്വീറ്റിലൂടെ പങ്കുവച്ചിരുന്നത്.
വര്‍ക്കൗട്ടും ഡയറ്റുമടക്കം ഫിറ്റ്നസുമായും ആരോഗ്യവുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവയ്ക്കുന്ന സെലിബ്രിറ്റികളുണ്ട്. ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് വലിയ രീതിയിലുള്ള ശ്രദ്ധയും ലഭിക്കാറുണ്ട്.
ഇപ്പോഴിതാ ശതകോടീശ്വരനായ ശ്രീധര്‍ വെമ്പു ട്വിറ്ററിലൂടെ പങ്കുവച്ചൊരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നതും ചര്‍ച്ചകളില്‍ നിറയുന്നതും. താൻ പതിവായി പ്രഭാതഭക്ഷണമായി പഴങ്കഞ്ഞിയാണ് കഴിക്കാറുള്ളതെന്നും ഈ ശീലം ക്രമേണ തന്‍റെ ആരോഗ്യത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവന്നു എന്നുമാണ് ഇദ്ദേഹം തന്‍റെ ട്വീറ്റിലൂടെ പങ്കുവച്ചിരുന്നത്.
'കഴിഞ്ഞ ഒരു വര്‍ഷമായി ഞാൻ ബ്രേക്ക്ഫാസ്റ്റായി എല്ലാ ദിവസവും കഴിക്കുന്നതും പഴങ്കഞ്ഞിയാണ്. ഞാൻ അക്കാര്യത്തില്‍ ചിട്ടയായി മുന്നോട്ടുപോയിരുന്നു. എനിക്ക് ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം -ഐബിഎസ്- എന്ന അസുഖമുണ്ടായിരുന്നു. ദീര്‍ഘകാലം ഞാൻ ഈ രോഗം കൊണ്ട് നടന്നു. അലര്‍ജി സംബന്ധമായ പ്രശ്നങ്ങളും ഞാൻ ഏറെ നേരിട്ടു. എന്നാല്‍ പഴങ്കഞ്ഞി പതിവാക്കിയതോടെ ഈ പ്രശ്നങ്ങളെല്ലാം ഭേദപ്പെട്ടു. സമാനമായ പ്രശ്നങ്ങളുള്ളവര്‍ക്ക് ഇത് ഉപകരിക്കട്ടെയെന്ന് വച്ചാണ് പങ്കുവയ്ക്കുന്നത്...' - ഇതായിരുന്നു ശ്രീധര്‍ വെമ്പുവിന്‍റെ ട്വീറ്റിന്‍റെ ചുരുക്കം.
ഐബിഎസ് അഥവാ ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം എന്ന അസുഖം കാര്യമായും ജീവിതരീതികളിലെ പിഴവ് മൂലം പിടിപെടുന്നതാണ്. ഭക്ഷണത്തിനും വിശ്രമത്തിനും വ്യായാമത്തിനും ഉറക്കത്തിനുമെല്ലാം സമയക്രമം ഇല്ലാതെ മുന്നോട്ട് പോകുന്നതാണ് അധികപേരിലും ഐബിഎസ് പിടിപെടാൻ കാരണമാകുന്നത്. എന്നാല്‍ ഒരിക്കല്‍ ഐബിഎസ് പിടിപെട്ടുകഴിഞ്ഞാല്‍ പിന്നെ അത് ഭേദപ്പെടുത്താൻ സാധിക്കില്ലെന്നും കൈകാര്യം ചെയ്തും നിയന്ത്രിച്ചും ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ആശ്വാസം കണ്ടെത്താൻ മാത്രമേ സാധിക്കൂ, അതിനാല്‍ ശ്രീധര്‍ വെമ്പു പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനം.
ശ്രീധര്‍ വെമ്പുവിന്‍റെ ട്വീറ്റിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് താഴെയും അദ്ദേഹത്തിന്‍റെ ട്വീറ്റിന് താഴെയും തന്നെ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ട്വീറ്റിന് താഴെ പക്ഷേ അധികപേരും ശ്രീധര്‍ വെമ്പുവിനെ പിന്തുണച്ചും പ്രശംസിച്ചുമാണ് കമന്‍റ് ചെയ്തിരിക്കുന്നത്. ഐബിഎസ് പോലുള്ള ദഹനവ്യവസ്ഥയെ ബാധിക്കുന്ന അസാധാരണമായ അവസ്ഥകളില്‍ ഡയറ്റിന് വലിയ പ്രാധാന്യമുണ്ട്. കഞ്ഞി പോലുള്ള ഭക്ഷണം മിതമായ രീതിയില്‍ കഴിക്കുന്നത് ഇതിന്‍റെ അനുബന്ധ പ്രശ്നങ്ങളെ ലഘൂകരിക്കാം. എന്നാല്‍ രോഗം ഭേദപ്പെടുത്താൻ സാധിക്കില്ലെന്നും അതുപോലെ കഞ്ഞി അമിതമായാല്‍ വണ്ണം വയ്ക്കുമെന്നും ചിലര്‍ മാത്രം ചൂണ്ടിക്കാട്ടുന്നു.
മലയാളികളാണ് കൂടുതലും ഇദ്ദേഹത്തെ ട്രോളുന്നത്. പഴങ്കഞ്ഞി രാവിലെ കുടിക്കുന്ന ഇഷ്ടം പോലെ ആളുകളുണ്ട്. എന്നാല്‍ കോടീശ്വരന്മാര്‍ ഇത് കഴിച്ചാല്‍ അത് അസാധാരണസംഭവമാകുമെന്നും, പഴങ്കഞ്ഞി ഇപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മെനുവിലുള്‍പ്പെടുന്ന ഭക്ഷണമാണെന്നുമെല്ലാം മലയാളികള്‍ കമന്‍റിലൂടെ കുറിക്കുന്നു. ഒപ്പം ഐബിഎസ് അങ്ങനെയൊന്നും ഭേദപ്പെടുകയില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്ന കമന്‍റുകളുമുണ്ട്. ഏതായാലും ശ്രീധര്‍ വെമ്പുവിന്‍റെ ട്വീറ്റ് വലിയ രീതിയില്‍ തന്നെ ശ്രദ്ധേയമായി എന്ന് നിസംശയം പറയാം.
Also Read:- ഇളനീരും ചെറുനാരങ്ങയും മിക്സ് ചെയ്ത് കഴിച്ചിട്ടുണ്ടോ? സംഗതി ട്രെൻഡാണിപ്പോള്‍...