വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ സുഗന്ധവ്യജ്ഞനങ്ങള്‍...
ചിലര്‍ വേനല്‍ക്കാലത്ത് പഴങ്ങളും മറ്റും അധികമായി കഴിക്കുന്ന കൂട്ടത്തില്‍ എരുവേറിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാറുണ്ട്. എന്നാല്‍ വേനല്‍ക്കാലത്ത് സുഗന്ധവ്യജ്ഞനങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തേണ്ടത് പ്രധാനമാണ്. വേനല്‍ക്കാലത്തും ഭക്ഷണത്തിലും ആരോഗ്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചിലര്‍ വേനല്‍ക്കാലത്ത് പഴങ്ങളും മറ്റും അധികമായി കഴിക്കുന്ന കൂട്ടത്തില്‍ എരുവേറിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാറുണ്ട്. എന്നാല്‍ വേനല്‍ക്കാലത്ത് സുഗന്ധവ്യജ്ഞനങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്ന് ആയൂര്‍വേദവും പറയുന്നു.
അത്തരത്തില്‍ വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ജീരകം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നമ്മുടെ വീടുകളില്‍ പണ്ടുകാലം മുതല്‍ക്കേ ഉള്ള ശീലമായിരുന്നു തിളപ്പിച്ച ജീരകവെള്ളം കുടിക്കുന്നത്. ദാഹശമനിയായും കുടിക്കാനുമായി നല്‍കിയിരുന്നത് ഈ വെള്ളമാണ്. ഇവ മലബന്ധം അകറ്റാന്‍ സഹായിക്കും. നീര്‍ജ്ജലീകരണത്തിന് ഏറ്റവും മികച്ചതാണ് ജീരകവെളളം. ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്‌ക്ക് ഇടയ്‌ക്കിടെ ജീരകവെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം. അതിനാല്‍ വേനല്‍ക്കാലത്ത് ഇവ പതിവായി കുടിക്കുന്നത് നല്ലതാണ്. ജീരകവെള്ളം ശീലമാക്കുന്നത് ശരീരഭാരവും വണ്ണവും കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ നല്ലതാണ്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു.
രണ്ട്...
ഭക്ഷണം പാകം ചെയ്യുമ്പോള്‍ പലരും പതിവായി ഉപയോഗിക്കുന്ന ഒന്നാണ് മല്ലിയും മല്ലിയിലയുമൊക്കെ. എന്നാല്‍ ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ശരീരത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ഇവ. ശരീരം തണുപ്പിക്കാന്‍ ഇവ സഹായിക്കും. പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ എ, സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മല്ലി. ദഹനം മെച്ചപ്പെടുത്താനും മല്ലിയില സഹായിക്കും.
മൂന്ന്...
പുതിനയില ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വേനല്‍ക്കാലത്ത് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലൊരു കൂളിംഗ് നല്‍കും. ഇവയും ദഹനത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്. ചര്‍മ്മത്തിനും ഇവ മികച്ചതാണ്.
നാല്...
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അല്ലെങ്കില്‍ ഏലയ്ക്ക അറിയപ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഉപാപചയം വർധിപ്പിക്കുകയും ശരീരത്തിൽ നിന്ന് അതുവഴി കൂടുതൽ കൊഴുപ്പ് നീക്കംചെയ്യാനും ഏലയ്ക്ക സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ താപനിലയെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിവുണ്ട്. വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
വേനല്‍ക്കാലത്ത് ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട സുഗന്ധവ്യജ്ഞനങ്ങള്‍...
റെഡ് ചില്ലി പൗഡര്‍, വെളുത്തുള്ളി, ഇഞ്ചി, കുരുമുളക് തുടങ്ങിയവ ശരീരത്തിലെ താപനില ഉയര്‍ത്താം. അതിനാല്‍ ഇവയുടെ ഉപയോഗം പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: നിസാരക്കാരനല്ല ചോളം; അറിയാം ഈ ഗുണങ്ങള്‍...