ഏറെ ആരാധകരുള്ള ഒച്ച് കറി; ഇന്ത്യയില്‍ എവിടെയാണിത് പ്രചാരത്തില്‍ എന്നറിയുമോ?
മലയാളികളെ സംബന്ധിച്ച് മിക്കവര്‍ക്കും ഇത് കേള്‍ക്കുമ്പോള്‍ അല്‍പം അസ്വസ്ഥത തോന്നാം. കേരളത്തിലും മുൻകാലങ്ങളില്‍ ഒച്ചിനെ ഭക്ഷിച്ചിരുന്നവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കേരളത്തില്‍ അതത്ര പ്രചാരത്തിലുള്ളൊരു ഭക്ഷണമല്ല.
പല തരത്തിലുള്ള ജീവജാലങ്ങളെയും മൃഗങ്ങളെയുമെല്ലാം മനുഷ്യര്‍ ഭക്ഷ്യാവശ്യങ്ങള്‍ക്കായി ഉപയോഗിച്ച ചരിത്രം നമുക്കുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിലാണെങ്കില്‍ വൈവിധ്യമാര്‍ന്നൊരു ഭക്ഷണസംസ്കാരം തന്നെ നമുക്കുണ്ട്. ഓരോ പ്രദേശത്തും പ്രചാരത്തിലുള്ള രുചികള്‍- വിഭവങ്ങള്‍ എല്ലാം അടുത്തൊരു സ്ഥലമെത്തുമ്പോള്‍ ഒരുപക്ഷേ ഉള്‍ക്കൊള്ളാൻ സാധിക്കാത്ത രുചികളായി മാറാറുണ്ട്.
പലപ്പോഴും ദേശങ്ങള്‍ തിരിഞ്ഞ് ഭക്ഷണങ്ങളുടെ കാര്യത്തില്‍ വഴക്കോ വാഗ്വാദമോ തര്‍ക്കമോ ഉണ്ടാകുന്നത് തന്നെ ഈ വൈവിധ്യങ്ങളുടെ പേരിലാണ്. ഇത്തരത്തില്‍ ഏറെ ശ്രദ്ധ ലഭിക്കാൻ സാധ്യതയുള്ളൊരു വിഭവമാണ് ഒച്ച് കറി.
മലയാളികളെ സംബന്ധിച്ച് മിക്കവര്‍ക്കും ഇത് കേള്‍ക്കുമ്പോള്‍ അല്‍പം അസ്വസ്ഥത തോന്നാം. കേരളത്തിലും മുൻകാലങ്ങളില്‍ ഒച്ചിനെ ഭക്ഷിച്ചിരുന്നവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കേരളത്തില്‍ അതത്ര പ്രചാരത്തിലുള്ളൊരു ഭക്ഷണമല്ല. എന്ന് മാത്രമല്ല ഒച്ചിനെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു എന്നത് തന്നെ മിക്കവര്‍ക്കും ഇവിടെ ഉള്‍ക്കൊള്ളാൻ സാധിക്കുകയുമില്ല.
എന്നാല്‍ ഒച്ച് കറിക്ക് ഒരുപാട് ആരാധകരുള്ളൊരു സ്ഥലമുണ്ട് ഇന്ത്യയില്‍. അത് എവിടെയെന്ന് അറിയാമോ?
ആന്ധ്ര പ്രദേശിലാണ് ഒച്ച് കറിക്ക് ഏറെ ആരാധകരുള്ളത്. രുചിക്കൊപ്പം തന്നെ ഇതിന്‍റെ ആരോഗ്യഗുണങ്ങള്‍ ആണത്രേ മിക്കവരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്.
ഒന്നിച്ച് പിടിക്കുന്ന ഒച്ചുകളെ അതിന്‍റെ തോട് നീക്കം ചെയ്ത് പ്ലാസ്റ്റിക് ഷീറ്റിലാക്കി വില്‍പന നടത്തുന്ന ഇഷ്ടംപോലെ കച്ചവടക്കാരെ ആന്ധ്രയില്‍ പലയിടങ്ങളിലും കാണാനാകും. പ്രത്യേകിച്ച് ഗോദാവരി പുഴയുടെ സമീപപ്രദേശങ്ങളില്‍.
ഇവ വാങ്ങി പല രീതിയിലും വിഭവങ്ങള്‍ തയ്യാറാക്കുന്നവരുണ്ട്. നമ്മള്‍ ചിക്കനോ മട്ടണോ പ്രോണ്‍സോ എല്ലാം തയ്യാറാക്കുന്നത് പോലെ തന്നെ. ഇന്ത്യക്ക് പുറത്ത് തായ്ലാൻഡ് പോലെ ചിലയിടങ്ങളിലും ഒച്ച് പ്രിയപ്പെട്ട വിഭവം തന്നെയാണ്. എന്തായാലും അടുത്ത ദിവസങ്ങളിലായി ആന്ധ്രക്കാരുടെ ഒപ്പ് കറി ഇഷ്ടം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
മിക്കവരും അറപ്പോട് കൂടി ഇതിനോട് പ്രതികരണം അറിയിക്കുമ്പോള്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഇത്തരത്തിലുള്ള അവഹേളനമോ അങ്ങനെയുള്ള പ്രതികരണമോ നടത്തരുത് എന്നാണ് ഒരു വിഭാഗം പേര്‍ വാദിക്കുന്നത്.