വയറിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ആറ് പ്രോബയോട്ടിക് ഭക്ഷണങ്ങള്‍...

നിരന്തരമായി  ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്‍റെ കൃത്യമായ സൂചനയാണ്. ഭക്ഷണത്തെ ദഹിപ്പിക്കുന്ന ഇടങ്ങളായ വയറും കുടലുകളും ആരോഗ്യത്തോടെ ഇരിക്കാന്‍ ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം.  
 

Probiotic Foods to Manage Tummy Problems

എല്ലാ രോഗങ്ങളും ആരംഭിക്കുന്നത് വയറിലും കുടലിലുമാണെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. വയറിന്‍റെ ആരോഗ്യം നല്ല രീതിയില്‍ ആയാല്‍ ആകെ ആരോഗ്യം മെച്ചപ്പെടുമെന്നാണ് പറയാറ്. നമ്മള്‍ എന്ത് കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നത് തന്നെയാണ് ഇതിനെ സ്വാധീനിക്കുന്ന വലിയൊരു ഘടകം. 

നിരന്തരമായി ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്‍റെ കൃത്യമായ സൂചനയാണ്. ഭക്ഷണത്തെ ദഹിപ്പിക്കുന്ന ഇടങ്ങളായ വയറും കുടലുകളും ആരോഗ്യത്തോടെ ഇരിക്കാന്‍ ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹന സംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ 'പ്രോബയോട്ടിക്സ്' എന്നാണ് വിളിക്കുന്നത്. കുടലിലെ സൂക്ഷമജീവികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്നവയാണ് പ്രോബയോട്ടിക്കുകള്‍.

ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രോബയോട്ടിക് ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

തൈര് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് എന്ന് പറയുമ്പോള്‍ തന്നെ, എല്ലാവരുടെയും ആദ്യ ചോയിസ് തന്നെ തൈര് ആയിരിക്കും. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും. 

രണ്ട്... 

പനീര്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ തയ്യാറാക്കിയ  മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ് പനീര്‍. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും വയറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്...

ഇഡ്ഡലി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പുളിപ്പിക്കല്‍ പ്രക്രിയയിലൂടെയാണ് ഇഡ്ഡലിക്കുള്ള മാവ് തയ്യാറാക്കുന്നത്. അതിനാല്‍, ഇത് മികച്ചൊരു പ്രോബയോട്ടിക്കായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ധാരാളം പോഷകങ്ങളും ഇഡ്ഡലിയില്‍ അടങ്ങിയിക്കുന്നു. അതിനാല്‍ ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കും. 

നാല്... 

ഉപ്പിലിട്ട വിഭവങ്ങള്‍, അച്ചാറുകള്‍ എന്നിവ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. അതിനാല്‍ ഇത്തരത്തില്‍ പുളിപ്പിച്ചെടുത്ത അച്ചാറുകളും ഉപ്പിലിട്ട വിഭവങ്ങളും മിതമായ അളവില്‍ കഴിക്കുന്നത് വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. 

അഞ്ച്... 

ബട്ടര്‍മില്‍ക്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമായ തൈര് കൊണ്ടാണ് ബട്ടര്‍മില്‍ക്ക് തയ്യാറാക്കുന്നത്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനത്തിനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ആറ്...

ആപ്പിള്‍ സൈഡര്‍ വിനാഗറും നല്ലൊരു പ്രോബയോട്ടിക് വിഭവമാണ്. എന്നാല്‍ ഇവയില്‍ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ അധികം കഴിക്കരുത്. 

Also Read: കൊളസ്ട്രോള്‍ മുതല്‍ പ്രമേഹം വരെ; അറിയാം പച്ചമുളകിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios