വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ഈ വിഭവം പതിവായി കഴിച്ചുനോക്കൂ...
സാധാരണഗതിയില്‍ ഉള്ളി, പച്ചമുളക്, തക്കാളി, കക്കിരി എന്നിവയെല്ലാമാണ് സലാഡുകളില്‍ ചേര്‍ക്കാറ്. ഇത് മറ്റ് കറികള്‍ കൂട്ടി ഭക്ഷണം കഴിക്കുമ്പോള്‍ സൈഡായി കഴിക്കാൻ വേണ്ടി തയ്യാറാക്കുന്നത്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണമായിത്തന്നെ സലാഡ് തയ്യാറാക്കുമ്പോള്‍ അതില്‍ അല്‍പം കൂടി ചേരുവകള്‍ വരണം.
വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമായ കാര്യമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമാണ്. ഓരോരുത്തരുടെയും ശരീരഭാരം, പ്രായം, മറ്റ് ആരോഗ്യാവസ്ഥകള്‍ എന്നിവ കണക്കാക്കിയാണ് വര്‍ക്കൗട്ടും ഡയറ്റുമെല്ലാം നിശ്ചയിക്കേണ്ടത്.
എന്നാല്‍ നിങ്ങള്‍ അനാരോഗ്യകരമായ ഭക്ഷണം കുറച്ചും ആരോഗ്യകരമായ ഭക്ഷണം കൂട്ടിയും ഭക്ഷണത്തിന്‍റെ സമയക്രമം പാലിച്ചും വ്യായാമം ചെയ്തുമെല്ലാം വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ സ്വയം തന്നെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി ചെയ്യേണ്ടി വരും.
പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടിവരിക. ആദ്യമേ സൂചിപ്പിച്ചത് പോലെ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ, ചിലത് ഡയറ്റിലുള്‍പ്പെടുത്തുകയോ എല്ലാം വേണ്ടിവരാം. അത്തരത്തില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു വിഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
മറ്റൊന്നുമല്ല, 'ഹെല്‍ത്തി'യായ സലാഡ് പതിവായി തയ്യാറാക്കി കഴിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. സലാഡ്, നമുക്കറിയാം പല രീതിയിലും തയ്യാറാക്കാറുണ്ട്. എങ്ങനെ ആണെങ്കില്‍ താരതമ്യേന ആരോഗ്യകരമായ വിഭവം തന്നെയാണ് സലാഡുകള്‍. അത് പഴങ്ങളോ പച്ചക്കറികളോ ഇറച്ചിയോ മുട്ടയോ വച്ചെല്ലാം ചെയ്യുന്നതാണെങ്കിലും.
സാധാരണഗതിയില്‍ ഉള്ളി, പച്ചമുളക്, തക്കാളി, കക്കിരി എന്നിവയെല്ലാമാണ് സലാഡുകളില്‍ ചേര്‍ക്കാറ്. ഇത് മറ്റ് കറികള്‍ കൂട്ടി ഭക്ഷണം കഴിക്കുമ്പോള്‍ സൈഡായി കഴിക്കാൻ വേണ്ടി തയ്യാറാക്കുന്നത്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണമായിത്തന്നെ സലാഡ് തയ്യാറാക്കുമ്പോള്‍ അതില്‍ അല്‍പം കൂടി ചേരുവകള്‍ വരണം.
ഉള്ളി, പച്ചമുളക്, തക്കാളി, കക്കിരി എന്നിവയ്ക്കെല്ലാം പുറമെ ക്യാരറ്റ്, കാപ്സിക്കം, ചന്ന (വെള്ളക്കടല), കറുത്ത കടല, ബീൻസ്, പയര്‍ എന്നിവയെല്ലാം ചേര്‍ക്കാം. ഇവ മാറി മാറി ചേര്‍ത്ത് സലാഡ് തയ്യാറാക്കാം.
അതുപോലെ തന്നെ മുട്ടയും ചേര്‍ക്കാവുന്നതാണ്. ഇറച്ചിയാണെങ്കിലും അല്‍പം വേവിച്ച ഇറച്ചി ചെറിയ കഷ്ണങ്ങളാക്കി സലാഡില്‍ ചേര്‍ക്കാം. വെജിറ്റേറിയൻസാണെങ്കില്‍ പനീറോ കൂണോ എല്ലാം സലാഡില്‍ ചേര്‍ത്ത് കഴിക്കാവുന്നതേയുള്ളൂ. പഴങ്ങളും ഇത്തരത്തില്‍ സലാഡുകളില്‍ ചേരുകളാക്കാം. പൈനാപ്പിള്‍, മാതളം, മാമ്പഴം എല്ലാം ഇത്തരത്തില്‍ പരീക്ഷിക്കാവുന്നതാണ്.
എന്താണ് ചേരുവകളെങ്കിലും ഒടുവില്‍ അതിലേക്ക് ഉപ്പ്, ചെറുനാരങ്ങാനീര്, കുരുമുളക് എന്നിവ കൂടി ചേര്‍ത്താലേ രുചി കൃത്യമാകൂ.
സലാഡുകളുടെ പ്രത്യേകതയെന്തെന്നാല്‍ ഇതില്‍ എണ്ണ ചേര്‍ക്കുന്നില്ല. അപ്പോള്‍ തന്നെ ഈ വിഭവം 'ഹെല്‍ത്തി'യായിക്കഴിഞ്ഞു. വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ എന്നിവയാലെല്ലാം സമ്പന്നമായിരിക്കും സലാഡുള്‍. അതായത് ശരീരത്തിന് അവശ്യം വേണ്ടുന്ന പല പോഷകങ്ങളും ഒന്നിച്ച് ലഭിക്കുന്നു. അതും 'ഫ്രഷ്' ആയി. എണ്ണമയമില്ലാത്തതിനാല്‍ കലോറിയില്ല. കൊഴുപ്പും 'സീറോ' ആണ്. ശരീരത്തിലേക്ക് ആവശ്യത്തിന് ജലാംശം എത്തുന്നതിനും ദഹനം എളുപ്പത്തിലാക്കുന്നതിനുമെല്ലാം സലാഡുകള്‍ സഹായിക്കുന്നു.
ഇക്കാരണങ്ങളെല്ലാമാണ് വണ്ണം കുറയ്ക്കുന്നവര്‍ക്ക് ഏറ്റവും യോജിച്ച വിഭവമായി സലാഡുകളെ മാറ്റുന്നത്. ദിവസവും ഒരു നേരം ഭക്ഷണമായി ഏതെങ്കിലുമൊരു സലാഡ് തയ്യാറാക്കി കഴിച്ചുനോക്കൂ. ദിവസങ്ങള്‍ കൊണ്ട് തന്നെ മാറ്റം അനുഭവിക്കാൻ സാധിക്കും. അതേസമയം സലാഡ് ഭക്ഷണമായി കഴിച്ച ശേഷം വീണ്ടും മറ്റെന്തെങ്കിലും ഭക്ഷണത്തിലേക്ക് തിരിയരുത്. അങ്ങനെ വന്നാല്‍ വണ്ണം കുറയില്ല എന്ന് മാത്രമല്ല- വണ്ണം കൂടുകയും ചെയ്യും.
Also Read:- കാപ്പി കഴിക്കുന്ന പതിവ് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമോ?