International Coffee Day: ഇന്ന് ഇന്‍റര്‍നാഷണല്‍ കോഫി ഡേ; അറിയാം കോഫിയുടെ ഗുണങ്ങള്‍...
മിതമായ കാപ്പിയുടെ ഉപയോഗം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി കണക്കാക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇന്ന് ഒക്ടോബര്‍ 1- 'ഇന്‍റര്‍നാഷണല്‍ കോഫി ഡേ'. മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂടുള്ള കാപ്പി കുടിച്ചുകൊണ്ടാകാം. മിതമായ കാപ്പിയുടെ ഉപയോഗം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി കണക്കാക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ക്ഷീണം ചെറുക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി കുടിക്കുന്നത് നല്ലതാണ്. കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ ഹൃദ്രോഗം- പ്രമേഹം പോലെയുള്ള പല അസുഖങ്ങളെയും ചെറുക്കാന്‍ സഹായകമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമത്രേ. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവും കാപ്പിക്കുണ്ട്.
കോഫി കുടിക്കുന്നത് ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. അതുപോലെ തന്നെ കാപ്പിയിലടങ്ങിയിട്ടുള്ള 'ക്ലോറോജെനിക് ആസിഡ്' പല ആരോഗ്യപ്രശ്‌നങ്ങളെയും പ്രതിരോധിക്കാനും ബിപി കുറയ്ക്കാനുമെല്ലാം സഹായിക്കുന്നു. ബ്ലാക്ക് കോഫിയില്‍ കാണപ്പെടുന്ന 'ക്ലോറോജെനിക് ആസിഡ്' ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
ചര്‍മ്മത്തിനും കാപ്പി നല്ലതാണ്. ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുളള കാപ്പി തരികള്‍ കൊണ്ടുള്ള സ്‌ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കും. ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. അത്തരത്തില്‍ ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
ഒന്ന്...
ഒരു ടീസ്പൂണ്‍ കോഫിപ്പൊടി, ഒന്നര ടീസ്പൂണ്‍ തിളപ്പിക്കാത്ത പാല്‍ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന്ശേഷം, തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
രണ്ട്...
ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
മൂന്ന്...
രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ക്കാം. ശേഷം ഇവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് അകറ്റി ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് ആഴ്ചയില്‍ രണ്ട് തവണ വരെ ഉപയോഗിക്കാം.
നാല്...
കാപ്പിപ്പൊടി വെള്ളം ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കി കണ്ണിന് താഴെ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റുകയും ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യും.
Also Read: കൺതടങ്ങളിലെ കറുപ്പ് മാറ്റാൻ പരീക്ഷിക്കാം ഈ പത്ത് വഴികള്‍...