പ്രമേഹ രോഗികള്‍ക്ക് കുടിക്കാം നാരുകളടങ്ങിയ ഈ മൂന്ന് സ്മൂത്തികള്‍...
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് ഏറെ പ്രധാനമാണ്. അതുകൊണ്ടു തന്നെ പ്രമേഹ രോഗികള്‍ക്ക് എന്തു കഴിക്കാനും സംശയമാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്.
പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന നാരുകളടങ്ങിയ ചില സ്മൂത്തികളെ പരിചയപ്പെടാം...
സ്ട്രോബെറി-പൈനാപ്പിൾ സ്മൂത്തി
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും നിറഞ്ഞ സ്ട്രോബെറി-പൈനാപ്പിൾ സ്മൂത്തി പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന ഒരു സ്മൂത്തിയാണ്. ഇതിനായി 1 കപ്പ് അരിഞ്ഞ സ്ട്രോബെറി, 1 കപ്പ് അരിഞ്ഞ പൈനാപ്പിൾ, ¾ കപ്പ് ബദാം പാൽ, 1 ടേബിൾസ്പൂൺ ബദാം വെണ്ണ എന്നിവ ഒരു ബ്ലെൻഡറിൽ യോജിപ്പിക്കുക. ശേഷം ഇവ കുടിക്കാം.
ചെറി സ്മൂത്തി
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് ചെറി. കലോറി വളരെ കുറഞ്ഞ ചെറിപ്പഴത്തില്‍ വിറ്റാമിനുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചെറി സ്മൂത്തി കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ഇതിനായി അര കപ്പ് ഓട്സ് പാൽ, 1 ടേബിൾസ്പൂൺ ബദാം വെണ്ണ, 1 ടീസ്പൂൺ കൊക്കോ പൗഡർ, ½ ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്, 1 കപ്പ് ഫ്രോസൺ ഡാർക്ക് സ്വീറ്റ് ചെറി എന്നിവ ഒരു ബ്ലെൻഡറിലേക്ക് ചേർത്ത് അടിച്ചെടുക്കുക. ശേഷം ഇത് കുടിക്കാം.
ഫ്രൂട്ട്- ഗ്രീന്‍സ് സ്മൂത്തി
പ്രമേഹ രോഗികള്‍ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടവയാണ് പഴങ്ങളും പച്ചിലക്കറികളും. അതിനാല്‍ ഇവ കൊണ്ടുള്ള സ്മൂത്തി പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന ഒന്നാണ്. ഇതിനായി 1 ഇടത്തരം നേന്ത്രപ്പഴം, ½ കപ്പ് അരിഞ്ഞ സ്ട്രോബെറി, ബ്ലൂബെറി അല്ലെങ്കിൽ അരിഞ്ഞ മാങ്ങ, തൈര്, 1 ടേബിൾ സ്പൂൺ ബദാം വെണ്ണ, ½ കപ്പ് ചീര; ½ കപ്പ് മധുരമില്ലാത്ത ബദാം പാൽ, 1-2 തുളസി ഇലകൾ എന്നിവ ഒരു ബ്ലെൻഡറിൽ ചേർക്കുക. ശേഷം അടിച്ചെടുത്ത സ്മൂത്തി കുടിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: എന്തുകൊണ്ട് ഈ രോഗമുള്ളവര്‍ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണം?