'വീഗനിസം';വീഗൻ ഡയറ്റ് പാലിക്കുന്നത് കൊണ്ടുള്ള നാല് ഗുണങ്ങള്‍...

എല്ലാ തരം ഡയറ്റുകള്‍ക്കും അതിന്‍റേതായ പോസിറ്റീവ് വശവും നെഗറ്റീവ് വശവും കാണാം. എന്തായാലും വീഗൻ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ലഭിക്കാനിടയുള്ള നാല് നല്ല ഗുണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്രയാണ് ഈ നാല് പോസിറ്റീവ് വശങ്ങളും പട്ടികപ്പെടുത്തി നല്‍കിയിരിക്കുന്നത്. 

four health benefits of vegan diet

വ്യക്തികളുടെ ഭക്ഷണാഭിരുചിയെന്നത് തീര്‍ത്തും അവരുടെ തെരഞ്ഞെടുപ്പ് തന്നെയാണ്. ചിലര്‍ സസ്യാഹാരവും ഒപ്പം തന്നെ മാംസാഹാരവും മത്സ്യവുമെല്ലാം കഴിക്കും. ചിലര്‍ സസ്യാഹാരം മാത്രം. മറ്റ് ചിലരാകട്ടെ ഇവയില്‍ നിന്ന് തെരഞ്ഞെടുത്ത് ചിലത് മാത്രം ഉള്‍പ്പെടുത്തി അവരുടേതായ ഡയറ്റ് പാലിച്ചുപോകും. എങ്ങനെയായാലും അത് വ്യക്തിയുടെ താല്‍പര്യത്തിന് അനുസരിച്ചായിരിക്കുക എന്നതാണ് പ്രധാനം. 

ഡയറ്റുകളില്‍ പല തരം ഡയറ്റുമുണ്ടെന്ന് ലളിതമായി സൂചിപ്പിച്ചുവല്ലോ. ഇക്കൂട്ടത്തിലൊന്നാണ് വീഗൻ ഡയറ്റ്. വീഗൻ ഡയറ്റ് എന്താണെന്ന് ആദ്യമേ പറയാം. ജീവികളെ യാതൊരു തരത്തിലും ഉപയോഗിക്കാത്ത, അവരില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ പോലും ഒഴിവാക്കുന്ന തരം ജീവിതരീതിയാണ് വീഗനിസം. 

എല്ലാ തരം ഡയറ്റുകള്‍ക്കും അതിന്‍റേതായ പോസിറ്റീവ് വശവും നെഗറ്റീവ് വശവും കാണാം. എന്തായാലും വീഗൻ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ലഭിക്കാനിടയുള്ള നാല് നല്ല ഗുണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്രയാണ് ഈ നാല് പോസിറ്റീവ് വശങ്ങളും പട്ടികപ്പെടുത്തി നല്‍കിയിരിക്കുന്നത്. 

ഒന്ന്...

വീഗൻ ഡയറ്റ് പാലിക്കുന്നവര്‍ക്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്തി കൊണ്ടുപോകാൻ സാധിക്കും. കാരണം ഫൈബര്‍, ഫോളിക് ആസിഡ്, ഫൈറ്റോകെമിക്കല്‍സ്, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാലെല്ലാം സമ്പന്നമായ പച്ചക്കറികളാണല്ലോ ഇവര്‍ അധികവും കഴിക്കുന്നത്. ഇവയെല്ലാം തന്നെ കൊളസ്ട്രോളിനെ അകറ്റാൻ സഹായിക്കുന്നു. ഇത് ഹൃദയാഘാതം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം എന്നിവയെല്ലാം അകറ്റുകയും ചെയ്യുന്നു.

രണ്ട്...

വീഗൻ ഡയറ്റ് പാലിക്കുന്നവരില്‍ ക്യാൻസര്‍ സാധ്യതയും താരതമ്യേന കുറവായി കാണുന്നു. താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമാണിത്. മറിച്ച്, വീഗൻ ഡയറ്റുള്ളവരില്‍ ക്യാൻസര്‍ വരികയേ ഇല്ലെന്ന് ഇതിനര്‍ത്ഥമില്ല. കൂടുതല്‍ പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, പഴങ്ങള്‍, തക്കാളി,ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍, വൈറ്റമിൻ-സി അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം കഴിക്കുന്നത് മൂലമാണ് വീഗൻ ഡയറ്റിലുള്ളവരില്‍ ക്യാൻസര്‍ സാധ്യത കുറയുന്നതത്രേ. 

മൂന്ന്...

എല്ലുകളെ ബലപ്പെടുത്തുന്നതിനും വീഗൻ ഡയറ്റ് സഹായിക്കും. പൊതുവെ സസ്യാഹാരം മാത്രം കഴിക്കുന്നവരില്‍ എല്ലുബലം ഉണ്ടാകില്ലെന്നതാണ് ഉള്ള സങ്കല്‍പം. കാരണം എല്ലിനെ ശക്തിപ്പെടുത്തുന്ന പ്രോട്ടീൻ, കാത്സ്യം എന്നീ ഘടകങ്ങള്‍ പ്രധാനമായും മാംസാഹാരത്തിലാണല്ലോ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ ഘടകങ്ങള്‍ക്ക് പുറമെ വൈറ്റമിൻ-ഡി, വൈറ്റമിൻ-കെ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് വേണം. ഇവയെല്ലാം അധികവും സസ്യാഹാരങ്ങളിലൂടെയാണ് ലഭിക്കുന്നത്. 

നാല്...

വാതരോഗമുള്ളവരിലാണെങ്കില്‍ ഇതിന്‍റെ വേദനയും അസ്വസ്ഥതകളും കുറയുന്നതിനും വീഗൻ ഡയറ്റ് സഹായകമാണ്. അതിനാല്‍ വാതരോഗികള്‍ക്ക് ഇങ്ങനെയുള്ള ഡയറ്റ് ഡോക്ടര്‍മാര്‍ തന്നെ പലപ്പോഴും നിര്‍ദേശിക്കാറുണ്ട്. 

Also Read:- 'ബയോട്ടിൻ' അടങ്ങിയ ഈ ഭക്ഷണങ്ങള്‍ പതിവായി കഴിച്ചുനോക്കൂ; മുടിയിലും നഖത്തിലും മുഖത്തും വ്യത്യാസം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios