ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ കർശന പരിശോധന തുടങ്ങി; മത്സ്യങ്ങളുടെ ഉൾപ്പെടെ സാമ്പിളുകൾ ശേഖരിച്ചു

അതിര്‍ത്തി കടന്ന് കൊണ്ടുവന്ന മത്സ്യ ഇനങ്ങളുടെ 17 സാമ്പിളുകളും പച്ചക്കറികളുടെ എട്ട് സാമ്പിളുകളും സസ്യ എണ്ണയുടെ ഒരു സര്‍വൈലന്‍സ് സാമ്പിളും ശേഖരിച്ചിട്ടുണ്ട്. പാലിന്റെ ഏഴ് സ്റ്റാറ്റിയൂട്ടറി സാമ്പിളും ശേഖരിച്ചു. 

food safety department started testing of food products samples collected at check posts afe

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ ചെക്ക്‌ പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആകെ 155 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പാല്‍, പാലുല്പന്നങ്ങളുടെ 130 സര്‍വൈലന്‍സ് സാമ്പിളുകള്‍ ചെക്ക് പോസ്റ്റുകളില്‍ നിന്ന് ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. 

അതിര്‍ത്തി കടന്ന് കൊണ്ടുവന്ന മത്സ്യ ഇനങ്ങളുടെ 17 സാമ്പിളുകളും പച്ചക്കറികളുടെ എട്ട് സാമ്പിളുകളും സസ്യ എണ്ണയുടെ ഒരു സര്‍വൈലന്‍സ് സാമ്പിളും ശേഖരിച്ചിട്ടുണ്ട്. പാലിന്റെ ഏഴ് സ്റ്റാറ്റിയൂട്ടറി സാമ്പിളും ശേഖരിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ ആറ് മണി മുതലാണ് രാത്രിയും പകലും തുടര്‍ച്ചയായ പരിശോധനകള്‍ ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചത്. 

കുമളി, പാറശാല, ആര്യങ്കാവ് , മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. മായം ചേര്‍ക്കാത്ത ഭക്ഷണം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായാണ് ഓണക്കാല വിപണിയിലും ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയത്. 

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഓണ വിപണിയിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ശക്തമായ പരിശോധനയാണ് വകുപ്പ് നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അധികമായെത്തുന്ന പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാര പരിശോധനയും തുടരുകയാണ്. ഇതുകൂടാതെ ഓണം വിപണിയിലെ പരിശോധനയും ശക്തമായി തുടരുന്നു.

Read also: ഓണവിപണി: 1196 പരിശോധനകള്‍, 16 കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം, ചെക്കുപോസ്റ്റുകളിലും പരിശോധന

അതേസമയം ഓണക്കാലത്തെ പാലിന്‍റെ അധിക ഉപയോഗം മുന്നില്‍ കണ്ട് ഒരു കോടി ലിറ്റര്‍ പാല്‍ അധിക സംഭരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. ബി പി എല്‍ ഓണക്കിറ്റിനായി ആറര ലക്ഷം യൂണിറ്റ് നെയ്യും, പായസക്കിറ്റും മില്‍മ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അയല്‍സംസ്ഥാനങ്ങളിലെ ക്ഷീരസഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് ഓണക്കാലത്ത് പാലിന്‍റെ വരവ് മില്‍മ ഉറപ്പാക്കിയിട്ടുള്ളത്.

കൊവിഡ് ഭീതി പൂര്‍ണമായും അകന്ന സമയമായതിനാല്‍ തന്നെ പാലും അനുബന്ധ ഉത്പന്നങ്ങളുടെയും വില്‍പ്പന ഇക്കുറി സര്‍വകാല റെക്കോര്‍ഡിലെത്തുമെന്നാണ് അനുമാനം. ഓണത്തിന്‍റെ ഉത്സവദിനങ്ങളില്‍ പാല്‍ 12 ശതമാനവും തൈര് 16 ശതമാനവും അധിക ഉപഭോഗം ഉണ്ടാകുമെന്നാണ് മില്‍മ കണക്കുകൂട്ടുന്നത്. മറ്റുല്‍പ്പന്നങ്ങള്‍ക്കൊപ്പം നെയ്യ്, പായസം മിക്സ് എന്നിവയുടെ വില്‍പ്പനയിലും റെക്കോര്‍ഡ് നേട്ടം മില്‍മ പ്രതീക്ഷിക്കുന്നു. ഓണനാളുകളില്‍ ഒരു മുടക്കവുമില്ലാതെ പാലും, പാലുല്‍പ്പന്നങ്ങളും ലഭിക്കുമെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios