Viral Video : ഇതാണ് 'ബ്ലൂ ഇഡ്ഡലി'; വൈറലായി ഒരു ഫുഡ് വീഡിയോ
വീഡിയോ ഇതുവരെ എട്ട് ലക്ഷത്തോളം പേരാണ് കണ്ടത്. 30,000-ല്‍ അധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. പ്രതീക്ഷിച്ചതു പോലെ ഇഡ്ഡലി പ്രേമികളും രംഗത്തെത്തി. ഇഡ്ഡലിയില്‍ ഇങ്ങനെയൊരു പരീക്ഷണം വേണ്ടിയിരുന്നില്ലെന്നതാണ് മിക്കവരുടെയും അഭിപ്രായം.
നമ്മള്‍ നിത്യം കഴിക്കുന്ന വിഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ഇഡ്ഡലി. നിരവധി ആരോഗ്യ ഗുണങ്ങളുള്ളതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയില്‍ പ്രഭാത ഭക്ഷണങ്ങളിലെ പ്രിയപ്പെട്ട വിഭവമായി ഇഡ്ഡലി മാറുകയായിരുന്നു. അടുത്തിടെയായി ഇഡ്ഡലി പ്രേമികള്‍ക്കുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.
24 മണിക്കൂറും ഇഡ്ഡലിയും ചട്‌നിയും ലഭ്യമാകുന്ന ഇഡ്ഡലി വെന്‍ഡിങ് മെഷീനിന്‍റെ വീഡിയോ നാം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടതേയുള്ളൂ. അതിനു മുമ്പ് നാഗ്പൂരിലുള്ള ഒരു കടയില്‍ തയ്യാറാക്കിയ കറുത്ത ഇഡ്ഡലിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കറുത്ത മാവ്, ഇഡ്ഡലിത്തട്ടിലേക്ക് പകര്‍ന്ന്, അത് വേവിച്ചെടുത്ത ശേഷം മസാലയും മറ്റ് ചേര്‍ത്ത്, ചട്ണിയോടൊപ്പം ചൂടോടെ വിളമ്പുന്നതാണ് വീഡിയോയിലുള്ളത്. സംഭവം വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തു.
ഇപ്പോഴിതാ സമാനമായ മറ്റൊരു ഇഡ്ഡലി പരീക്ഷണത്തിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. നീല നിറത്തില്‍ തയ്യാറാക്കിയ ഇഡ്ഡലിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ജ്യോതിസ് കിച്ചന്‍ എന്ന ഫുഡ് ബ്ലോഗേര്‍ പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ശംഖുപുഷ്പം ആണ് ഇവിടെ ഈ ഇഡ്ഡലിക്ക് നീല നിറം നല്‍കുന്നത്. ശംഖുപുഷ്പം പറിക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ശംഖുപുഷ്പത്തിന്‍റെ ഇതളുകള്‍ നന്നായി കഴുകി വെള്ളത്തിലിട്ട് തിളപ്പിക്കും. പിന്നീട് ഈ വെള്ളം തയ്യാറാക്കി വച്ചിരിക്കുന്ന മാവിലേയ്ക്ക് ചേര്‍ത്ത് ഇളക്കും. ശേഷം ഈ മാവ് ഇഡ്ഡലിത്തട്ടിലേക്ക് പകര്‍ന്ന്, അത് വേവിച്ചെടുക്കുന്നതോടെ ബ്ലൂ ഇഡ്ഡലി റെഡി.
വീഡിയോ ഇതുവരെ എട്ട് ലക്ഷത്തോളം പേരാണ് കണ്ടത്. 30,000-ല്‍ അധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. പ്രതീക്ഷിച്ചതു പോലെ കമന്‍റുകളുമായി ഇഡ്ഡലി പ്രേമികളും രംഗത്തെത്തി. ഇഡ്ഡലിയില്‍ ഇങ്ങനെയൊരു പരീക്ഷണം വേണ്ടിയിരുന്നില്ലെന്നതാണ് മിക്കവരുടെയും അഭിപ്രായം. എന്നാല്‍ ചിലര്‍ ശംഖുപുഷ്പത്തിന്‍റെ ഗുണങ്ങളെ കുറിച്ചും കമന്‍റ് ചെയ്തു. ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്നതാണ് ശംഖുപുഷ്പം എന്നും ഇവ കൊണ്ട് ചായ തയ്യാറാക്കി കുടിക്കുന്നത് ഏറെ ഗുണകരമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.