വീട്ടില്‍ ഡയറ്റ്; പുറത്തുപോയാല്‍ വറുത്തതും പൊരിച്ചതും പിന്നെ മദ്യവും...
വീട്ടില്‍ മുഴുവൻ സമയവും ഡയറ്റെന്നും പറഞ്ഞ് നടക്കുന്ന ആളുകള്‍ വീടിന് പുറത്ത് പോയാല്‍ ഉടനെ വറുത്തും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, മദ്യം എന്നിവയെല്ലാം അളവില്ലാതെ കഴിക്കുന്നതും അംഗീകരിക്കാവുന്നതല്ല. എങ്ങനെയാണ് ഇതിനെയൊന്ന് 'ബാലൻസ്' ചെയ്യുന്നതെന്ന് അറിയാതെ പലരും വിഷമിക്കാറുണ്ട്.
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് പ്രധാനമായും കൃത്യമായ ഡയറ്റ് പിന്തുടരേണ്ടിവരിക. വണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഡയറ്റ് ചെയ്യുമ്പോള്‍ ഇതില്‍ വിട്ടുവീഴ്ചയ്ക്ക് നില്‍ക്കുന്നത് സ്വയം ചതി ചെയ്യുന്നത് പോലെയാണ്. എന്നാലോ, ആഘോഷപരിപാടികളോ പാര്‍ട്ടികളോ എല്ലാം പൂര്‍ണമായും ഒഴിവാക്കി എപ്പോഴും ഒറ്റ തിരിഞ്ഞ് ജീവിക്കാൻ സാധിക്കുമോ? അതും ഇല്ലല്ലോ!
എന്നുവച്ച് വീട്ടില്‍ മുഴുവൻ സമയവും ഡയറ്റെന്നും പറഞ്ഞ് നടക്കുന്ന ആളുകള്‍ വീടിന് പുറത്ത് പോയാല്‍ ഉടനെ വറുത്തും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, മദ്യം എന്നിവയെല്ലാം അളവില്ലാതെ കഴിക്കുന്നതും അംഗീകരിക്കാവുന്നതല്ല. എങ്ങനെയാണ് ഇതിനെയൊന്ന് 'ബാലൻസ്' ചെയ്യുന്നതെന്ന് അറിയാതെ പലരും വിഷമിക്കാറുണ്ട്.
നമ്മുടെ ഡയറ്റിന് കാര്യമായ ദോഷം വരുത്താത്ത വിധം വീടിന് പുറത്ത് സല്‍ക്കാരങ്ങളിലോ ആഘോഷപരിപാടികളിലോ എല്ലാം കൂടാവുന്നതാണ്. ചില കാര്യങ്ങള്‍ ഇതിനായി ശ്രദ്ധിച്ചാല്‍ മാത്രം മതിയാകും.
ഏറ്റവും പ്രധാനം മാസത്തില്‍ എല്ലാ ആഴ്ചയിലുമെന്ന നിലയിലൊന്നും ഇത്തരം പരിപാടികള്‍ക്ക് പങ്കെടുക്കരുത്. വല്ലപ്പോഴും മാത്രമേ ഇങ്ങനെയുള്ള അവസരങ്ങളില്‍ ഭക്ഷണത്തില്‍ പങ്കാളിയാകാവൂ. അത് സ്വന്തം ഇഷ്ടാനുസരണം തീരുമാനിക്കാം. എവിടെ പോയാലും ഡയറ്റുണ്ട്- ആരോഗ്യപ്രശ്നങ്ങളുണ്ട്, അതിനാല്‍ വീട്ടില്‍ പോയി കഴിച്ചോളാം എന്ന് പറയുന്നതില്‍ യാതൊരുവിധത്തിലുള്ള മടിയോ നാണക്കേടോ വിചാരിക്കേണ്ടതില്ല. ആരെങ്കിലും നിരുത്സാഹപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്താല്‍ പോലും നമുക്ക് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാവുന്നതേയുള്ളൂ.
ഇനി, പാര്‍ട്ടിയിലെ ഭക്ഷണസല്‍ക്കാരത്തില്‍ പങ്കാളിയാകുന്നുവെന്ന് കരുതുക. ഇതില്‍ കഴിയുന്നതും 'ഹോംലി' ആയിട്ടുള്ള ചെറിയ സ്നാക്കുകളോടെ ഭക്ഷണം തുടങ്ങുക. ഇത് അപകടകരമാം വിധത്തിലുള്ള മറ്റ് പാര്‍ട്ടി ഭക്ഷണങ്ങള്‍ വാരിവലിച്ച് കഴിക്കുന്നത് തടയും. അതുപോലെ സലാഡുകളും സൂപ്പുകളുമെല്ലാം സ്റ്റാര്‍ട്ടേഴ്സ് ആയി കൂട്ടത്തില്‍ കഴിച്ചുപോവുക. കെബാബ്, ഗ്രില്‍സ്, ടിക്ക എല്ലാം ഇതുപോലെ കഴിക്കുക. ഇവയെല്ലാം തുടര്‍ന്നും അമിതമായി കഴിക്കുന്നത് തടയാൻ സഹായിക്കും. എന്നാല്‍ ഫ്രൈഡ് ഫുഡ്സ് സ്റ്റാര്‍ട്ടേഴ്സ് ആയി കഴിക്കരുത്.
ഡയറ്റ് പാലിക്കുന്നവരായാലും വല്ലപ്പോഴും അല്‍പം മദ്യപിക്കുന്നത് കൊണ്ട് ദോഷമില്ല. എന്നാല്‍ പതിവായി കഴിക്കുന്നതും, കഴിക്കുമ്പോള്‍ അമിതമായി കഴിക്കുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം. മദ്യപിക്കുമ്പോള്‍ ഒരു ഡ്രിങ്കിന് ശേഷം തന്നെ ധാരാളം വെള്ളം കുടിക്കുക.
ഇനി പ്രധാന ഭക്ഷണത്തിലേക്ക് വരുമ്പോള്‍ കാര്‍ബ് പൂര്‍ണമായും ഒഴിവാക്കുക. മറ്റുള്ള ഭക്ഷണം കഴിക്കാവുന്നതാണ്.
പിസ, ബര്‍ഗര്‍, ചിപ്സ്, ഫ്രൈസ്, സോസ്, വിവിധ ഡിപ്പുകള്‍ എല്ലാം ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. അതുപോലെ മദ്യപിക്കുമ്പോള്‍ ഇതിനൊപ്പം ഫ്രൈഡ്, ഉപ്പ് കാര്യമായി അടങ്ങിയ- ഭക്ഷണങ്ങള്‍ എന്നിവയും കഴിക്കാതിരിക്കുക. സോഡിയം (ഉപ്പ്) അടങ്ങിയ ഭക്ഷണങ്ങള്‍ (പ്രോസസ്ഡ്- പാക്കറ്റ് ഭക്ഷണങ്ങള്‍ അടക്കം) പെട്ടെന്ന് തന്നെ വണ്ണം കൂട്ടാനിടയാക്കും. മദ്യപാനത്തിലും കൃത്യമായ നിയന്ത്രണം വേണമെന്ന കാര്യം ഓര്‍ക്കുക.
Also Read:- വെജിറ്റേറിയൻസിന് മധുരത്തോട് കൂടുതല്‍ കൊതിയുണ്ടാകുമോ?