'കാന്‍റീനില്‍ സമൂസയ്ക്കും പക്കാവടയ്ക്കും പകരം ഹെല്‍ത്തി മുട്ടയും കടലയും പഴങ്ങളും'; തീരുമാനവുമായി 'എയിംസ്'
പരമ്പരാഗതമായ രീതിയായതിനാല്‍ തന്നെ ഇന്നും എണ്ണക്കടിയോടാണ് അധികപേര്‍ക്കും പ്രിയം. ഇഷ്ടത്തെക്കാളേറെ അതൊരു ശീലവും കൂടിയാണ്. അതേസമയം ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരുമെല്ലാം ഏറെ വാചാലരാകാറുമുണ്ട്.
നമ്മുടെ നാട്ടിലെ ഹോട്ടലുകളിലും ചായക്കടകളിലും ബേക്കറികളിലുമെല്ലാം ചായയ്ക്കൊപ്പം കഴിക്കാൻ ചെറുകടിയായി കിട്ടുന്ന സ്നാക്സ് മിക്കപ്പോഴും എണ്ണയില്‍ പൊരിച്ചതോ വറുത്തതോ ആയ വിഭവങ്ങളാണ്. ഇത്തരം കടികളെല്ലാം ആരോഗ്യത്തിന് ക്രമേണ വെല്ലുവിളി ഉയര്‍ത്തുന്നതുമാണ്.
എങ്കില്‍ക്കൂടിയും പരമ്പരാഗതമായ രീതിയായതിനാല്‍ തന്നെ ഇന്നും എണ്ണക്കടിയോടാണ് അധികപേര്‍ക്കും പ്രിയം. ഇഷ്ടത്തെക്കാളേറെ അതൊരു ശീലവും കൂടിയാണ്. അതേസമയം ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരുമെല്ലാം ഏറെ വാചാലരാകാറുമുണ്ട്.
എന്നിട്ടോ? ഇപ്പറയുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഇരിക്കുന്ന ആശുപത്രികളുടെ കാന്‍റീനുകളില്‍ വരെ കഴിക്കാൻ കിട്ടുന്ന കടികള്‍ ഇത്തരത്തിലുള്ളവയാണ്. ഈ പേരുദോഷം മാറ്റാനുള്ള ശ്രമത്തിലാണ് ദില്ലി എയിംസ് (ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ്) ആശുപത്രി.
ഇവരുടെ കാന്‍റീനില്‍ ഇനി മുതല്‍ സമൂസ, പക്കാവട പോലുള്ള എണ്ണക്കടികള്‍ക്ക് പകരം പുഴുങ്ങിയ മുട്ട, പുഴുങ്ങിയ കടല, സ്പ്രൗട്ട്സ്, പാല്‍, പഴങ്ങള്‍ അരിഞ്ഞത്, ഫ്രൂട്ട്സ് സലാഡ്, ആവിയില്‍ വേവിച്ച സ്നാക്സ്, ഉപ്പുമാവ്, പോഹ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ വിളമ്പാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് കാന്‍റീന്‍ മേല്‍നോട്ടം വഹിക്കുന്നവര്‍ക്ക് ആശുപത്രി നിര്‍ദേശം കൈമാറിയിട്ടുണ്ട്. ഒരാഴ്ച കൊണ്ട് തന്നെ എയിംസിലെ വിവിധയിടങ്ങളിലുള്ള കാന്‍റീനുകളില്‍ ഇത് സംബന്ധിച്ച മാറ്റം വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. സമൂസ, പക്കാവട പോലുള്ള എണ്ണക്കടികള്‍ പൂര്‍ണ്ണമായി കാന്‍റീനുകളില്‍ നിന്ന് ഒഴിവാക്കുമോയെന്നതില്‍ വ്യക്തതയില്ല.
എന്തായാലും ആരോഗ്യകരമായ വിഭവങ്ങള്‍ കാന്‍റീനുകളില്‍ ലഭ്യമാക്കുകയെന്നതാണ് നിലവിലെ ലക്ഷ്യമെന്ന് എയിംസ് അറിയിക്കുന്നു.
'എയിംസിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍, അധ്യാപകര്‍ എല്ലാം രോഗികളെ ശുശ്രൂഷിക്കുകയും നിരന്തരം ജോലി ചെയ്യുകയും വേണം. ഇതിന് അവര്‍ക്ക് സ്വന്തം നിലയില്‍ ആരോഗ്യവും പ്രതിരോധശക്തിയും വേണ്ടതുണ്ട്. ഇത് കണക്കാക്കിയാണ് കാന്‍റീനിലെ മെനു മെച്ചപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്...'- എയിംസ് അറിയിക്കുന്നു.
Also Read:- രാത്രിയിൽ കിടക്കാൻ പോകുന്നതിന് മുമ്പായി കുതിര്‍ത്ത നാല് അണ്ടിപ്പരിപ്പ് കഴിച്ചാല്‍...