ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്താല്‍ ഒരു കിലോ 'ഫ്രഷ്' ഉരുളക്കിഴങ്ങ് 'ഫ്രീ'
പ്രതിസന്ധിക്കാലത്ത് പരസ്പരം കൈ കൊടുക്കേണ്ടതിന്റെയും ചേര്‍ത്തുനിര്‍ത്തേണ്ടതിന്റെയും പ്രാധാന്യം ആളുകളിലെത്തിക്കാനാണ് കുറിപ്പ് കൂടി ചേര്‍ക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. നേരത്തേ ലോക്ഡൗണിനെ തുടര്‍ന്ന് കച്ചവടം കുറഞ്ഞ സാഹചര്യത്തില്‍ മറ്റ് ഫുഡ് ചെയ്‌നുകളില്‍ നിന്ന് കൂടി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കണമെന്ന് 'ബര്‍ഗര്‍ കിംഗ്' സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു
ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മിക്കവാറും എന്തെങ്കിലും തരത്തിലുള്ള ഓഫറുകളെല്ലാം നമുക്ക് കേിട്ടാറുണ്ട്, അല്ലേ? എന്നാല്‍ പാകം ചെയ്ത ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അതിനൊപ്പം പാകം ചെയ്യാത്ത 'ഫ്രഷ്' പച്ചക്കറിയോ പഴങ്ങളോ ഒക്കെ ഏതെങ്കിലും റെസ്‌റ്റോറന്റുകള്‍ നല്‍കുമോ? അങ്ങനെയൊരു ഓഫറിനെ കുറിച്ച് നമ്മളാരും ഇതുവരെ കേട്ടുകാണില്ല.
എന്തായാലും അത്തരമൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഫുഡ് ചെയ്‌നായ 'ബര്‍ഗര്‍ കിംഗ്'. ഫ്രാന്‍സിലാണ് വ്യത്യസ്തമായ ഈ ഓഫര്‍ 'ബര്‍ഗര്‍ കിംഗ്' മുന്നോട്ടുവച്ചിരിക്കുന്നത്. ഇവരുടെ റെസ്‌റ്റോറന്റില്‍ നിന്ന് എന്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്താലും ഫെബ്രുവരി 2 മുതല്‍ ഏതാനും ദിവസത്തേക്ക് ഒരു കിലോ ഉരുളക്കിഴങ്ങ് വീതം ഉപഭോക്താവിന് സൗജന്യമായി ലഭിക്കും.
എന്തുകൊണ്ടാണ് ഇത്തരമൊരു ഓഫര്‍ ഇവര്‍ നല്‍കുന്നതെന്ന് ആരും ചിന്തിക്കാം. അതെ, ഈ തീരുമാനത്തിന് പിന്നില്‍ ബര്‍ഗര്‍ കിംഗിന് പറയാനൊരു കഥയുണ്ട്. കൊവിഡ് 19ന്റെ വരവോടുകൂടി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ കച്ചവടമേഖലയെ ആകെയും പ്രതികൂലമായി ബാധിച്ചിരുന്നു. റെസ്റ്റോറന്റുകളെല്ലാം അടഞ്ഞുകിടന്ന മാസങ്ങള്‍, അക്കാലത്ത് ഉരുളക്കിഴങ്ങ് കര്‍ഷകര്‍ വിളവെടുത്ത ഉരുളക്കിഴങ്ങെല്ലാം വില്‍പന നടക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യം വന്നു.
ഈ കര്‍ഷകരെ സഹായിക്കുന്നതിനായി 200 ടണ്‍ അധിക ഉരുളക്കിഴങ്ങ് വാങ്ങിയിരിക്കുകയാണ് 'ബര്‍ഗര്‍ കിംഗ്'. ഇങ്ങനെ വാങ്ങിയ ഉരുളക്കിഴങ്ങാണ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക. ഇക്കാര്യം വിശദമാക്കുന്നൊരു കുറിപ്പും പാര്‍സല്‍ പൊതിക്കൊപ്പം ചേര്‍ത്തുവയ്ക്കാനാണ് തീരുമാനം.
പ്രതിസന്ധിക്കാലത്ത് പരസ്പരം കൈ കൊടുക്കേണ്ടതിന്റെയും ചേര്‍ത്തുനിര്‍ത്തേണ്ടതിന്റെയും പ്രാധാന്യം ആളുകളിലെത്തിക്കാനാണ് കുറിപ്പ് കൂടി ചേര്‍ക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. നേരത്തേ ലോക്ഡൗണിനെ തുടര്‍ന്ന് കച്ചവടം കുറഞ്ഞ സാഹചര്യത്തില്‍ മറ്റ് ഫുഡ് ചെയ്‌നുകളില്‍ നിന്ന് കൂടി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കണമെന്ന് 'ബര്‍ഗര്‍ കിംഗ്' സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഇതും വാര്‍ത്താമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് ശേഷം ഒരിക്കല്‍ കൂടി 'ബര്‍ഗര്‍ കിംഗ' ജനങ്ങളുടെ കയ്യടി വാങ്ങുകയാണിപ്പോള്‍.
Also Read:- ജോലിക്ക് അപേക്ഷിച്ച് മടുത്ത ഉദ്യോഗാര്‍ത്ഥി ചെയ്തത്; വൈറലായി വ്യത്യസ്തമായ 'അപേക്ഷ'...