കാത്സ്യം മാത്രമല്ല, അറിയാം പാലില്‍ അടങ്ങിയ മറ്റ് പോഷകങ്ങളെ...
കാത്സ്യം മാത്രമല്ല പാലില്‍ മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന ഒരു പാനീയമാണ് പാല്‍. നിരവധി പോഷകങ്ങളാല്‍ സമ്പന്നവുമാണ് പാല്‍. പൊതുവേ കാത്സ്യത്തിന്‍റെ മികച്ച സ്രോതസായി എല്ലാവരും കണക്കാക്കുന്നത് പാലിനെയാണ്. എന്നാല്‍ കാത്സ്യം മാത്രമല്ല പാലില്‍ മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീനിന്‍റെ കുറവിനെ പരിഹരിക്കാന്‍ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. എല്ലാത്തരം അമിനോ ആസിഡുകളാൽ സമൃദ്ധമാണ് പാൽ. പേശികളുടെ ആരോഗ്യത്തിന് ഇവ സഹായിക്കും. കാത്സ്യത്തിന്‍റെ മികച്ച ഉറവിടമായ പാല്‍ കുടിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ ഡി, എ, ബി12 തുടങ്ങിയവ നിരവധി വിറ്റാമിനുകളും അടങ്ങിയ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
പാലിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പാലും പാലുൽപന്നങ്ങളും പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വെള്ളം അടങ്ങിയതിനാല്‍ പാല്‍ പതിവാക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പുകളായ ഒമേഗ 3 ഫാറ്റി ആസിഡും, ഒമേഗ 6 ഫാറ്റി ആസിഡും പാലില്‍ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രോട്ടീന്‍ അടങ്ങിയ പാല്‍ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. രാത്രി പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. വിറ്റാമിന്‍ എയും മറ്റും അടങ്ങിയ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: തലമുടി വളരാന്‍ കഴിക്കാം സിങ്ക് അടങ്ങിയ ഈ ആറ് ഭക്ഷണങ്ങള്‍...