വേനല്‍ക്കാലത്ത് വണ്ണം കുറയ്ക്കാന്‍ ഇതാ അഞ്ച് ടിപ്സ്...
ശരിയായ ഭക്ഷണരീതിയിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. വേനല്‍ക്കാലത്ത് ഭക്ഷണക്രമത്തിൽ പ്രത്യേക മാറ്റങ്ങൾ വരുത്തുന്നതിലൂടെ ശരീരത്തിലെ താപനില കൂടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
വണ്ണം ഒന്ന് കുറച്ചാല്‍ മാതിയെന്ന് ചിന്തിച്ച് കഠിനമായ വ്യായാമവും ഡയറ്റിങ്ങും ചെയ്യുന്നവരുണ്ട്. ശരിയായ ഭക്ഷണരീതിയിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. വേനല്‍ക്കാലത്ത് ഭക്ഷണക്രമത്തിൽ പ്രത്യേക മാറ്റങ്ങൾ വരുത്തുന്നതിലൂടെ ശരീരത്തിലെ താപനില കൂടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് വണ്ണം കുറയ്ക്കുമ്പോള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
വെള്ളം ധാരാളം കുടിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഒഴിവാക്കാനും വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും. വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ചര്‍മ്മത്തിനും നല്ലതാണ്.
രണ്ട്...
വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന 'പ്രോബയോട്ടിക്സ്' ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതിനാല്‍ തൈര് പോലെയുള്ളവ കഴിക്കാം. ഇത് ശരീരത്തിന് പ്രോട്ടീനും കാത്സ്യവും ലഭിക്കാനും സഹായിക്കും. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും തൈര് സഹായിക്കും.
മൂന്ന്...
വെള്ളരിക്ക, തണ്ണിമത്തന്‍ പോലെ വെള്ളം ധാരാളം അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. വണ്ണം കുറയ്ക്കാനും വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ ഒഴിവാക്കാനും ഇവ സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റിയെ തടയാനും മലബന്ധം ഒഴിവാക്കാനും ഇവ സഹായിക്കും.
നാല്...
ജീരകം, മല്ലിയില, പുതിനയില, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരഭാരവും വണ്ണവും കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ നല്ലതാണ്. ശരീരം തണുപ്പിക്കാനും ഇവ സഹായിക്കും. അതേസമയം വെളുത്തുള്ളി, മുളക്, ഇഞ്ചി തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
അഞ്ച്...
വേനല്‍ക്കാലത്ത് എല്ലാവരുടെയും വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാമ്പഴം ഒഴിവാക്കാറുണ്ട്. മാമ്പഴം കഴിക്കുന്നത് കൊണ്ട് ഒരിക്കലും വണ്ണം കൂടില്ല എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ചെറിയ അളവില്‍ മാമ്പഴം കഴിക്കുന്നതില്‍ തെറ്റില്ല. കലോറി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ആണ് ശരീരഭാരം കൂടുന്നത്. പഴങ്ങള്‍ കഴിക്കുന്നത് കൊണ്ട് ഒരിക്കലും വണ്ണം കൂടില്ല. മാമ്പഴത്തിലെ ഫൈബര്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: വേനല്‍ക്കാലത്ത് കഴിക്കാം പച്ചമാങ്ങ; അറിയാം ഗുണങ്ങള്‍...