കാലാവസ്ഥ മാറുമ്പോള്‍ ചര്‍മ്മ സംരക്ഷണത്തിനായി ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ചർമ്മത്തിന് തിളക്കവും ആരോ​ഗ്യവും നിലനിർത്താനായി ബോഡി ലോഷനുകളും ക്രീമുകളും അങ്ങനെ സൗന്ദര്യ സംരക്ഷണത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നവരുണ്ട്. എന്നാല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഭക്ഷണക്രമത്തിലും ഒരല്‍പ്പം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്.

5 Diet Tips to take care of Skin During Weather Change

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. കാലാവസ്ഥ മാറുമ്പോൾ ചർമ്മ സംരക്ഷണം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചർമ്മത്തിന് തിളക്കവും ആരോ​ഗ്യവും നിലനിർത്താനായി ബോഡി ലോഷനുകളും ക്രീമുകളും അങ്ങനെ സൗന്ദര്യ സംരക്ഷണത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നവരുണ്ട്. എന്നാല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഭക്ഷണക്രമത്തിലും ഒരല്‍പ്പം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. 

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും. കാലാവസ്ഥ മാറ്റങ്ങൾക്കിടെ ചർമ്മ സൗന്ദര്യം നിലനിർത്താന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ശരീരത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിനും വളരെ അത്യാവശ്യമായ കാര്യമാണ് വെള്ളം. വെള്ളം ധാരാളം കുടിക്കുന്നത്  ആരോഗ്യത്തിനും ചര്‍മ്മത്തിനും  ഗുണം ചെയ്യും. ദിവസവും കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും. 

രണ്ട്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും മറ്റും കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 
അത്തരത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ് ഓറഞ്ച്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും, ചർമ്മത്തിലെ വരൾച്ച അകറ്റുകയും ചെയ്യുന്നു. 

മൂന്ന്...

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ധാരാളം വിറ്റാമിനുകളും മിനറലുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്‍റെ ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മസംരക്ഷണത്തിനും ബീറ്റ്റൂട്ട് ഏറേ സഹായിക്കും. വിറ്റാമിന്‍ സി പോലെ ചര്‍മ്മ സംരക്ഷണത്തിന് അത്യാവശ്യമായ  പോഷകങ്ങള്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് ചര്‍മ്മം തിളങ്ങാനും ആരോഗ്യത്തോടെയിരിക്കാനും ഏറെ നല്ലതാണ്. 

നാല്...

പച്ചിലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.  ഇവയിൽ അടങ്ങിയിരിക്കുന്ന ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങൾ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. ഒപ്പം ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും. അതിനാല്‍ ചീര, ബ്രോക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ ധാരാളമായി ഡയറ്റില്‍ ഉൾപ്പെടുത്താം.

അഞ്ച്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നട്സ് കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് ബദാം, വാള്‍നട്സ് തുടങ്ങിയവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ് . ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, ഇ, മറ്റ് പോഷകങ്ങള്‍ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കും. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചർമ്മത്തിന്റെ പ്രായാധിക്യ ലക്ഷണങ്ങളെ വൈകിപ്പിക്കുകയും ചർമ്മത്തെ  തിളക്കമാർന്നതായി നിലനിർത്തുകയും ചെയ്യും. 

Also Read: കുറച്ച ശരീരഭാരം നിലനിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios