ഹാഥ്റാസിലെ ദളിത് പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം
ഇന്ന് പുലര്‍ച്ചെ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിക്കുകയും ചെയ്തതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടേതെന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഔദ്യോഗിക അക്കൌണ്ടുകള്‍ അടക്കം നിരവധിപ്പേരാണ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്.
ഉത്തര്‍ പ്രദേശിലെ ഹാഥ്റാസില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന ചിത്രം വ്യാജം. സെപ്തംബര്‍ 29നാണ് ബലാത്സംഗത്തേത്തുടര്‍ന്നുള്ള ഗുരുതര പരിക്കുകളേത്തുടര്‍ന്ന് ദളിത് പെണ്‍കുട്ടി മരിച്ചത്. ഇതിന് പിന്നാലെ യുപി സര്‍ക്കാരിനും ഉത്തര്‍പ്രദേശ് പൊലീസിനും വ്യാപക വിമര്‍ശനം നേരിട്ടിരുന്നു.
ഇന്ന് പുലര്‍ച്ചെ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിക്കുകയും ചെയ്തതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടേതെന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഔദ്യോഗിക അക്കൌണ്ടുകള്‍ അടക്കം നിരവധിപ്പേരാണ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. പെണ്‍കുട്ടി നേരിട്ട് ക്രൂരപീഡനത്തെക്കുറിച്ചും ഇത്തരം സംഭവങ്ങള്‍ക്ക് അന്ത്യം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രമുപയോഗിച്ചുള്ള പ്രചാരണം.
എന്നാല്‍ വ്യാപക പ്രചാരം നേടിയ ഈ ചിത്രത്തിന് ഹാഥ്റാസിലെ ക്രൂര ബലാത്സംഗവുമായും ദളിത് പെണ്‍കുട്ടിയുമായും ബന്ധമില്ലെന്നാണ് ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം വിശദമാക്കുന്നത്. ഹാഥ്റാസിലെ ദളിത് പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതല്ല വൈറലായ ചിത്രമെന്ന് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിമായി ബന്ധമുള്ള ആര്‍ക്കും വൈറല്‍ ചിത്രത്തിലെ പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
വൈറല്‍ ചിത്രത്തിലുള്ള പെണ്‍കുട്ടി ചണ്ഡിഗഡിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2018 ജൂലൈ 22 ന് മരിച്ച പോയ മനിഷാ യാദവ് എന്ന മറ്റൊരു പെണ്‍കുട്ടിയാണ്. കരിമ്പ് തോട്ടത്തില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ആ പെണ്‍കുട്ടിയുടെ സഹോദരന്‍ അജയ് എടുത്തതാണെന്നും ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം കണ്ടെത്തി. ചികിത്സാ പിഴവിനേ തുടര്‍ന്നാണ് ഈ പെണ്‍കുട്ടി മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. മനിഷയുടെ മരണത്തില്‍ ആശുപത്രിക്കെതിരെ പരാതി സ്വീകരിക്കാന്‍ പൊലീസ് വിസമ്മതിച്ചതിനേ തുടര്‍ന്ന് സഹോദരന്‍ സമൂഹമാധ്യമങ്ങളില്‍ സഹോദരിക്കായി ശബ്ദമുയര്‍ത്തിയിരുന്നു.
ഹാഥ്റാസില്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം മറ്റൊരാളുടേതാണ്.