കൊവിഡ് വാക്‌സിന്‍ തയ്യാറെന്ന് ട്രംപ്; വിടുവായിത്തം തുറന്നുകാട്ടി ഫാക്ട്ചെക്കര്‍മാര്‍
ട്രംപിന്‍റെ പെരുംനുണ പൊളിച്ചടുക്കി ഫാക്‌ട്‌ചെക്കര്‍മാര്‍. നമ്മുക്കൊരു വാക്സിനുണ്ട് അത് വരികയാണ് എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവന
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിനിടെ കൊവിഡ് വാക്സിന്‍ തയ്യാറായതായുള്ള ഡൊണാള്‍ഡ് ട്രംപിന്‍റെ വാദത്തിലെ വ്സതുതയെന്താണ്. നമ്മുക്കൊരു വാക്സിനുണ്ട് അത് വരികയാണ് എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവന.
എന്നാല്‍ വാക്സിന്‍ തയ്യാറാണെന്നുള്ള ട്രംപിന്‍റെ അവകാശവാദം തെറ്റാണെന്ന് സിഎന്‍എന്‍ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നു. നിലവില്‍ വാക്സിന്‍ പരീക്ഷണം ഫേസ് 3യിലാണ് എത്തിയിരിക്കുന്നത്. മോഡേണ,പ്ഫിസര്‍, ആസ്ട്രാ സെനാകാ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയുടെ വാക്സിന്‍ പരീക്ഷണം ഫേസ് 3യില്‍ മാത്രമാണ് എത്തിയിട്ടുള്ളത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇവ ഉപയോഗിക്കാന്‍ എഫ്ഡിഎയുടെ അനുമതി നല്‍കിയിട്ടുമില്ലെന്ന് സിഎന്‍എന്‍ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നു.
രണ്ട് വാക്സിനുകളുടെ ക്ലിനിക്കല്‍ ട്രയല്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. വാക്സിന്‍ പരീക്ഷണത്തിന് വിധേയമായ ആളുകളില്‍ അസാധാരണമായ ചില രോഗങ്ങള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു ഇത്. പ്ഫിസര്‍, മോഡേണ എന്നിവയുടെ വാക്സിന്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അടുത്ത ആഴ്ചയില്‍ അനുമതി തേടാനൊരുങ്ങുന്നതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ക്ലിനിക്കല്‍ ട്രയലിന്‍റെ റിസല്‍ട്ടിനെ അടിസ്ഥാമാക്കിയാവും ഇതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൊവിഡ് 19നെതിരായ വാക്സിന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാദം തെറ്റാണ്.