മുംബൈയുടെ ഐപിഎല്‍ വിജയം ആഘോഷിക്കാന്‍ ജിയോയുടെ ഓഫര്‍; 599 രൂപയുടെ സൗജന്യ റീച്ചാര്‍ജ് സത്യമോ?
മുംബൈ ഇന്ത്യന്‍സിന്‍റെ ജയം ആഘോഷിക്കാന്‍ ആരാധകര്‍ക്ക് സൗജന്യ റീച്ചാര്‍ജ് നല്‍കുന്നു എന്നാണ് സന്ദേശത്തില്‍ പറയുന്നത്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) പതിമൂന്നാം സീസണ്‍ യുഎഇയില്‍ അവസാനിച്ചിട്ട് ആഴ്‌ചകളായെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഐപിഎല്ലിനെ ചൊല്ലി വ്യാജ പ്രചാരണം സജീവം.
പ്രചാരണം ഇങ്ങനെ
മുംബൈ ഇന്ത്യന്‍സിന്‍റെ ജയം ആഘോഷിക്കാന്‍ ആരാധകര്‍ക്ക് സൗജന്യ റീച്ചാര്‍ജ് നല്‍കുന്നു എന്നാണ് സന്ദേശത്തില്‍ പറയുന്നത്. 599 രൂപയുടെ ജിയോ റീച്ചാര്‍ജ് 99,000 പേര്‍ക്ക് സൗജ്യനമായി നിതാ അംബാനി പ്രഖ്യാപിച്ചതായും ഇത് ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെട്ടാണ് സന്ദേശം പ്രചരിക്കുന്നത്. നവംബര്‍ 29 വരെയാണ് ഈ ഓഫര്‍ ലഭ്യമാവുക എന്നും സന്ദേശത്തിലുണ്ട്.
വസ്‌തുത
പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു വെബ്‌സൈറ്റിലാണ് എത്തിച്ചേരുക. ഈ വെബ്‌സൈറ്റില്‍ ഫോം പൂരിപ്പിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും. മുംബൈ ഇന്ത്യന്‍ ആരാധകനാണോ എന്ന ചോദ്യം ഫോം സമര്‍പ്പിച്ച് കഴിഞ്ഞയുടന്‍ നിങ്ങള്‍ക്ക് ലഭിക്കും. 'അല്ല' എന്നാണ് ഉത്തരം നല്‍കുന്നതെങ്കില്‍ ഈ പേജ് വീണ്ടും തുറന്നുവരും. അതേ' എന്ന് ഉത്തരം നല്‍കിയാല്‍ കാത്തിരിക്കുന്നത് രണ്ട് ചോദ്യങ്ങളാണ്.
നിങ്ങളുടെ ഏരിയയില്‍ ജിയോ ഇന്‍റര്‍നെറ്റിന് നല്ല സ്‌പീഡുണ്ടോ?, ജിയോ 5ജിയെ നിങ്ങള്‍ പിന്തുണയ്‌ക്കുന്നുണ്ടോ? ഇതാണ് പ്രത്യക്ഷപ്പെട്ട രണ്ട് ചോദ്യങ്ങള്‍. റീച്ചാര്‍ജ് ഓഫര്‍ ലഭിക്കാനായി 10 പേര്‍ക്കോ പത്ത് ഗ്രൂപ്പുകളിലേക്കോ വെബ്‌സൈറ്റ് ലിങ്ക് ഷെയര്‍ ചെയ്യാനാണ് ഒടുവില്‍ ലഭിക്കുന്ന നിര്‍ദേശം. എന്നാല്‍ ലിങ്ക് ഷെയര്‍ ചെയ്താല്‍ റീചാര്‍ജിനെ സംബന്ധിച്ചുള്ള ഒരു അറിയിപ്പും ലഭിക്കില്ല.
നിഗമനം
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ജേതാക്കളായതിന്‍റെ ഭാഗമായി 99,000 ആരാധകര്‍ക്ക് ജിയോ 599 ഓഫര്‍ സൗജന്യമായി റീച്ചാര്‍ജ് ചെയ്യാം എന്ന് പറഞ്ഞുള്ള വൈറല്‍ സന്ദേശം വ്യാജമാണെന്ന് ലോജിക്കല്‍ ഇന്ത്യന്‍ ഫാക്‌ട് ചെക്ക് വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...