തുടരെ തുടരെ തലയ്ക്കടി, വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; സംഭവം കല്ലടി സ്‌കൂളിലോ? Fact Check
അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ വച്ച് ക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യത്തില്‍
പാലക്കാട്: വിദ്യാര്‍ഥിയെ സഹപാഠികളുടെ മുന്നില്‍ വച്ച് ക്രൂരമായി മര്‍ദിക്കുന്ന അധ്യാപകന്‍റെ വീഡിയോ സാമൂഹ്യമാധ്യമായ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്. കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ റഫീക്കാണ് കുട്ടിയെ തല്ലുന്നത് എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ഒരു എഫ്‌ബി പോസ്റ്റിലുള്ളത്. വിദ്യാര്‍ഥിയുടെ തലയ്‌ക്ക് തുടര്‍ച്ചയായി ഇയാള്‍ തല്ലുന്നതും ശരീരത്തില്‍ മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം. കണ്ട എല്ലാവരേയും ദേഷ്യം പിടിപ്പിച്ച ഈ വീഡിയോ കല്ലടി സ്‌കൂളില്‍ നിന്നുള്ളത് തന്നെയോ? എന്താണ് സത്യം...വസ്‌തുത പരിശോധിക്കാം.
പ്രചാരണം
#വയനാട് #കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ റഫീക്ക് വിദ്യാർഥികളെ പഠിപ്പിക്കുന്ന വിധം. ഇങ്ങനെ പഠിപ്പിക്കുകയാണെങ്കിൽ ഭാവിയിൽ ക്ഷയരോഗികളായ ഒരു സമൂഹത്തെ ആയിരിക്കും ഇവനെ പോലുള്ള നീചന്മാർ വാർത്തെടുക്കുന്നത് വിദ്യാർത്ഥികളെ ശിക്ഷിക്കാനും, ശാസിക്കാനും അധ്യാപകർക്ക് അവകാശവും അധികാരവും ഉണ്ട്.. ''പക്ഷെ ഇത് മർദ്ധനമാണ് ' ഇയാളെ നിയമപരമായി ശിക്ഷിക്കണം'- ഇത്രയുമാണ് വിത്ത് പുതുപ്പള്ളി എന്ന ഫേസ്‌ബുക്ക് പേജില്‍ ഒക്ടോബര്‍ നാലാം തിയതി പോസ്റ്റ് ചെയ്തിരിക്കുന്നത്. വയനാട്, കല്ലടി എന്നീ ഹാഷ്‌ടാഗുകള്‍ പോസ്റ്റിനൊപ്പം കാണാം.
പോസ്റ്റിന്‍റെ സ്‌ക്രീന്‍ഷോട്ട്
വസ്‌തുത
എന്നാല്‍ പോസ്റ്റില്‍ പറയുന്നത് പോലെയല്ല കാര്യങ്ങളുടെ നിജസ്ഥിതി എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താനായത്. കല്ലടി സ്‌കൂള്‍ വയനാട്ടില്‍ അല്ല, പാലക്കാടാണ് എന്നതാണ് ഒരു യാഥാര്‍ഥ്യം. മറ്റൊരു കാര്യം പരിശോധിച്ചത് ഈ വീഡിയോ വാസ്‌തമാണോ, ഇത്തരത്തില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം കല്ലടി സ്‌കൂളില്‍ ഉണ്ടായിട്ടുണ്ടോ എന്നാണ്. ഇക്കാര്യം പരിശോധിച്ചപ്പോള്‍ മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീന്‍റെ പ്രതികരണമായി കല്ലടി സ്‌കൂള്‍ അവരുടെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ കാണാനായി. കല്ലടി സ്‌കൂളിനെതിരെ വ്യാജ പ്രചാരണം നടക്കുകയാണ് എന്നാണ് എംഎല്‍എ ഈ വീഡിയോയില്‍ പറയുന്നത്. ഒക്ടോബര്‍ നാലാം തിയതിയാണ് കല്ലടി സ്‌കൂളിന്‍റെ പേജില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'കല്ലടി ഹയർ സെക്കണ്ടറി സ്കൂളിനെ കുറിച്ചുള്ള വ്യാജ വീഡിയോ അപവാദ പ്രചാരണത്തിനെതിരെ മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീൻ പ്രതികരിക്കുന്നു' എന്നാണ് വീഡിയോയുടെ തലക്കെട്ട്.
എംഎല്‍എയുടെ വാക്കുകള്‍
'പ്രിയമുള്ളവരെ, നിങ്ങള്‍ക്ക് എന്‍റെ സ്നേഹാഭിവാദ്യങ്ങള്‍. മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ പ്രശസ്‌തമായ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ സംബന്ധിച്ച് ഒരു വ്യാജ വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ വീഡിയോ 2017ലുണ്ടായി, അന്ന് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കി. 2019ലുണ്ടായി, അന്നും പരാതി നല്‍കി. ഇപ്പോള്‍ അതേ വീഡിയോ വീണ്ടും പ്രചരിക്കുകയാണ്. സ്‌കൂള്‍ അധ്യാപകന്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നു എന്ന തരത്തിലാണ് പ്രചാരണം. ഈ ദൃശ്യം കേരളത്തിന് പുറത്തുള്ള എന്തോ സംഭവമാണ്. ഇതിന് കല്ലടി സ്‌കൂളുമായി ബന്ധമൊന്നുമില്ലാത്തതാണ് എന്ന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും എല്ലാം അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇടയ്ക്കിടെ ഈ വീഡിയോ പ്രചരിപ്പിച്ച് സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. സ്‌കൂള്‍ അധികൃതര്‍ ഇന്നലെ വീണ്ടും പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതരുടെ ഈ പ്രയാസം നമ്മള്‍ വളരെ ഗൗരവമായി കാണേണ്ടതാണ്. അവര്‍ അറിഞ്ഞിട്ട് പോലുമില്ലാത്ത ഒരു സംഭവത്തിന്‍റെ പേരില്‍ സ്‌കൂളിനെയും അധ്യാപകരെയും വിദ്യാര്‍ഥികളേയും കരിവാരി തേക്കുന്നത് നീതീകരിക്കാനാവില്ല. കായികരംഗത്ത് സംസ്ഥാന- ദേശീയ നേട്ടങ്ങള്‍ കൈവരിക്കുന്ന സ്‌കൂളാണ്. ഈ വ്യാജ പ്രചാരണത്തിനെതിരെ സമൂഹം ഒന്നിച്ച് സ്‌കൂളിനും മാനേജ്‌മെന്‍റിനും വിദ്യാര്‍ഥികള്‍ക്കും ഒപ്പം നില്‍ക്കണം. അവര്‍ക്കുള്ള പിന്തുണ നാം നല്‍കണം, ഇത് ബോധപൂര്‍വമുള്ള പ്രചാരണമാണ്'.
എംഎല്‍എ സംസാരിക്കുന്ന വീഡിയോ
വീഡിയോ കേരളത്തിന് പുറത്തുനിന്നുള്ളതാണ് എന്ന് മണ്ണാര്‍ക്കാട് എംഎല്‍എ പറയുന്നതിനാല്‍ തന്നെ ഈ ദൃശ്യത്തിന്‍റെ ഉറവിടം വിശദമായി പരിശോധിച്ചു. വീഡിയോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയതോടെ ഉറവിടം കണ്ടെത്താനായി. ഈ സംഭവത്തെ കുറിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവി മുമ്പ് വാര്‍ത്ത നല്‍കിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്‌കൂളില്‍ നടന്ന സംഭവമാണിത് എന്നാണ് എന്‍ഡിടിവിയുടെ വാര്‍ത്തയില്‍ പറയുന്നത്. 2017 ഒക്ടോബര്‍ 18നാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എന്‍ഡിടിവി വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട്
നിഗമനം
വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ല എന്നും കല്ലടി സ്‌കൂളുമായി ഇതിന് ബന്ധമൊന്നുമില്ല എന്നും പരിശോധനയില്‍ വ്യക്തമായിരിക്കുകയാണ്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വീഡിയോയാണ് കല്ലടി സ്‌കൂളിലേത് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. 2017 ഒക്ടോബര്‍ മാസത്തില്‍ നടന്ന സംഭവമാണിത്.
Read more: ഇസ്രായേൽ- ഹമാസ് സംഘർഷം; ദൃശ്യങ്ങൾ എല്ലാം വിശ്വസിക്കല്ലേ, ആ വീഡിയോ ഇപ്പോഴത്തേത് അല്ല! Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം