'യുദ്ധ നടന്മാര്‍ തൊട്ട്, റഷ്യന്‍ സൈന്യത്തിലെ നടന്‍ വരെ'; യുദ്ധത്തെ വെല്ലുന്ന ഗൂഢാലോചന സിദ്ധാന്തങ്ങള്‍.!
Russia Ukraine War False claims : യുദ്ധത്തില്‍ പരിക്കേറ്റവര്‍ എന്ന നിലയില്‍ ചിലര്‍ ഫേക്കായി രക്തം മുഖത്ത് പുരട്ടി അഭിനയിക്കുന്നു എന്ന് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്നത്.
കീവ്: റഷ്യയുടെ യുക്രൈന്‍ ആക്രമണം (Russia Ukraine War) രണ്ടാഴ്ച പിന്നിടുകയാണ്. ഇതിനിടയില്‍ തന്നെ നിരവധി വ്യാജ പ്രചാരണങ്ങളും, വ്യാജ വാര്‍ത്തകളും ലോകമെങ്ങും മലവെള്ളം പോലെ ഒലിച്ചുവരുന്നുണ്ട്. ഇതില്‍ ചില 'ഗൂഢാലോചന' സിദ്ധാന്തങ്ങള്‍ (Conspiracy Theory) ഏറെ വൈറലും ആകുന്നുണ്ട്. ഇപ്പോള്‍ ഇതാ ഈ യുദ്ധം മൊത്തത്തില്‍ ഒരു തട്ടിപ്പാണ് എന്ന പ്രചാരണമാണ് ചിലര്‍ ഉയര്‍ത്തുന്നത്. മാധ്യമങ്ങള്‍ യുദ്ധത്തിന്‍റെ ആവസ്ഥ പെരുപ്പിച്ച് കാണിക്കുന്നു എന്നാണ് വാദം. ബിബിസി റിയാലിറ്റി ചെക്ക് (Fact Check) ഇത്തരം ചില വാദങ്ങള്‍ പരിശോധിച്ചു.
'യുദ്ധ നടന്മാരും, വ്യാജ ചോരയും' - യാഥാര്‍ത്ഥ്യം
യുദ്ധത്തില്‍ പരിക്കേറ്റവര്‍ എന്ന നിലയില്‍ ചിലര്‍ ഫേക്കായി രക്തം മുഖത്ത് പുരട്ടി അഭിനയിക്കുന്നു എന്ന് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്നത്. 'യുദ്ധ നടന്മാര്‍' എന്ന് വിളിക്കാവുന്ന ഇവര്‍ യുക്രൈന് വേണ്ടി യുദ്ധത്തില്‍പ്പെട്ട സിവിലിയന്മാരായി അഭിനയിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.
എന്നാല്‍ ഈ വീഡിയോയുടെ സത്യവസ്ഥ പരിശോധിച്ച ഫാക്ട്ചെക്ക് വിദഗ്ധരും ബിബിസിയും അതിന്‍റെ യാഥാര്‍ത്ഥ്യം കണ്ടുപിടിച്ചു. 2020ല്‍ ഇറങ്ങിയ യുക്രൈന്‍ ടിവി സീരിസ് 'കന്‍റാമിന്‍റെ' സെറ്റില്‍ നിന്നുള്ള പ്രൊഡക്ഷന്‍ വീഡിയോയാണ് 'യുദ്ധം ഫേക്കാണ്' എന്ന് പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഡിസംബര്‍ 2020 ല്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇതിന്‍റെ പിന്നണി രംഗങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
'അനങ്ങുന്ന മൃതദേഹങ്ങള്‍'
ഇത് പോലെ മറ്റൊരു വ്യാജ പ്രചാരണം നടക്കുന്നത് ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗ് ചിത്രം വച്ചിട്ടാണ്. ഒരു റിപ്പോര്‍ട്ടര്‍ ജര്‍മ്മന്‍ ഭാഷയിലോ മറ്റോ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നിലെ മൃതദേഹങ്ങള്‍ എന്ന് തോന്നിക്കുന്നവ കാണാം. അതില്‍ ഒരാള്‍ ബാഗില്‍ നിന്നും എഴുന്നേല്‍ക്കുന്നു. ഇത് യുക്രൈന്‍റെ സിവിലിയന്‍ മൃതദേഹങ്ങള്‍ കാണിച്ച് സഹതാപം പിടിക്കാനുള്ള നീക്കം പൊളിഞ്ഞുവെന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
എന്നാല്‍ സത്യം എന്താണ്, വിയന്നയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഒരു കാലവസ്ഥ മാറ്റത്തിനെതിരായ പ്രതിഷേധ പരിപാടിയാണ് ഇത്. ഇത് സംബന്ധിച്ച് അന്ന് തന്നെ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മൃതദേഹം പോലെ കിടന്നായിരുന്നു പ്രതിഷേധം. ഇതിന്‍റെ വീഡിയോയാണ് യുക്രൈനിലെ മൃതദേഹങ്ങള്‍ക്ക് ജീവന്‍ വച്ചു എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ഇതേ വീഡിയോ ഉപയോഗിച്ച് കൊവിഡ് മരണങ്ങള്‍ എന്ന പേരില്‍ ചിലര്‍ പ്രചാരണം നടത്തിയിരുന്നു എന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
'മരത്തോക്കുകള്‍'
റഷ്യന്‍ സൈന്യത്തെ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് ആയുധം നല്‍കും എന്ന് യുക്രൈന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പൊള്ളയാണെന്നും. ചിലര്‍ക്ക് മരത്തോക്കുകളും ഡമ്മി തോക്കുകളുമാണ് നല്‍കിയത് എന്നുമാണ് ഫോക്സ് ന്യൂസിന്‍റെ സ്ക്രീന്‍ ഷോട്ട് അടക്കം പ്രചാരണം നടക്കുന്നത്.
എന്നാല്‍ ഇത് തീര്‍ത്തും ശരിയല്ല, റഷ്യന്‍ ആക്രമണ ഭീഷണി നേരിട്ടിരുന്ന ഫെബ്രുവരിയില്‍ യുക്രൈനിലെ തീവ്രവലത് വിഭാഗമായ അസോബ് ബറ്റാലിയന്‍ സിവിലിയന്മാര്‍ക്ക് നല്‍കിയ പരിശീലനത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
'സ്റ്റീഫന്‍ സീഗള്‍ റഷ്യന്‍ സൈന്യത്തില്‍'
റഷ്യന്‍ അമേരിക്കന്‍ അഭിനേതാവ് സ്റ്റീഫന്‍ സീഗള്‍ റഷ്യന്‍ സ്പെഷ്യല്‍ ഫോഴ്സിന് വേണ്ടി യുക്രൈനില്‍ യുദ്ധം ചെയ്യുന്നു എന്നാണ് സിഎന്‍എന്‍ ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നുള്ള ട്വീറ്റ് എന്ന രീതിയില്‍ പ്രചരിക്കുന്നത്. അമേരിക്കയിലെ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറായ പോഡ്കാസ്റ്റര്‍ ജോ റോഗണ്‍ അടക്കം ഇത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു.
എന്നാല്‍ ഇത്തരത്തില്‍ ഒരു യുദ്ധത്തിലും താന്‍ പങ്കെടുക്കില്ലെന്നും. റഷ്യയും അമേരിക്കയും തനിക്ക് ഒരു കുടുംബമാണെന്നും സീഗള്‍ പ്രതികരിച്ചു. സ്വതന്ത്ര്യ ഫാക്ട് ചെക്ക് വിദഗ്ധര്‍ സിഎന്‍ന്‍ സ്ക്രീന്‍ ഷോട്ട് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി. റീഗന്‍ പിന്നീട് തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്തു.