കാടിനുള്ളിലൊരു ഭീമാകാരൻ 'കൈ'; വൈറൽ ചിത്രത്തിന് പിന്നിലെ അറിയാക്കഥ
മനോഹര ശില്‍പം ഇന്ത്യയിലാണെന്നും ജമ്മുകശ്മീരിലെ പുല്‍വാമയിലെ ദോഗ്രിപോരയിലാണ് ഇതെന്നും സമൂഹമാധ്യമങ്ങളിലെ പ്രചാരണം
'ആകാശത്തിലേക്ക് ഉയര്‍ത്തിപ്പിടിച്ച ഒരു കൈ'.കാടിനുള്ളില്‍ മറ്റ് മരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന മനോഹര ശില്‍പത്തെച്ചൊല്ലിയാണ് സമൂഹമാധ്യമങ്ങളില്‍ തര്‍ക്കം. മരത്തില്‍ കൊത്തിയെടുത്ത ഈ മനോഹര ശില്‍പം ഇന്ത്യയിലാണെന്നും ജമ്മുകശ്മീരിലെ പുല്‍വാമയിലെ ദോഗ്രിപോരയിലാണ് ഇതെന്നും സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
വനത്തിനുള്ളില്‍ നശിച്ച് പോവുമായിരുന്ന ഒരു മരത്തടിയെ മനോഹര ശില്‍പമാക്കിയെന്ന കുറിപ്പുകളോടെയാണ് പ്രചാരണം വ്യാപകമാവുന്നത്. ഈ ശില്‍പത്തിന്‍റെ തന്നെ വിവിധ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഒടിഞ്ഞ് വീണ മരത്തെ പറിച്ച് മാറ്റാതെയാണ് ശില്‍പം ചെയ്തിരിക്കുന്നത്. മനുഷ്യന്‍റെ കരങ്ങളുമായി അസാമാന്യ സാമ്യമാണ് ശില്‍പത്തിനുള്ളത്.
ഒറ്റനോട്ടത്തില്‍ മരത്തില്‍ നിന്ന് ആകാശത്തിലേക്ക് ഉയരുന്ന കൈയ്യായി തോന്നുന്ന ശില്‍പം ഇന്ത്യയിലല്ല ചെയ്തിരിക്കുന്നത്. ലണ്ടനിലെ ഏറ്റവും വലിയ മരമായി കണക്കാക്കിയിരുന്ന വൃക്ഷം കൊടുങ്കാറ്റില്‍ നിലംപൊത്തിയതോടെ സൈമണ്‍ ഒ റൂര്‍ക്ക് എന്ന ശില്‍പി മരത്തിന്‍റെ നിലം പൊത്താതിരുന്ന ഭാഗത്ത് ചെയ്തതാണ് ഈ ചിത്രം. ദി ജയന്‍റ് ഹാന്‍ഡ് ഓഫ് വിര്‍ന്വി എന്നാണ് ഈ ശില്‍പത്തിന്‍റെ പേര്. അന്‍പത് അടിയോളം ഉയരമാണ് ഈ ശില്‍പത്തിനുള്ളത്. 209 അടിയോളമായിരുന്നു ഈ ശില്‍പം നിര്‍മ്മിച്ച മരം നിലം പൊത്തുന്നതിന് മുന്‍പുള്ള ഉയരമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെയ്ല്‍സിലെ വിര്‍ന്വി തടാകത്തിന് സമീപമാണ് ഈ ശില്‍പമുള്ളത്.
ജമ്മുകശ്മീരിലെ ദോഗ്രിപോരയിലെ മനോഹര ശില്‍പമെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്.