'കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ പീഡനത്തിനിരയായി പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു'; നടക്കുന്നത് വ്യാജ പ്രചാരണം
അമൃത്സറില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പൊലീസുകാരിയുടെ മൃതദേഹം എന്ന പേരിലായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ നടന്ന സംഭവത്തില്‍ കോണ്‍ഗ്രസ് മൌനം പാലിക്കുന്നുവെന്നും വിവരിക്കുന്നതായിരുന്നു ചിത്രത്തോടുള്ള കുറിപ്പ്
ഹാഥ്റസ് സംഭവത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പഞ്ചാബിലെ സ്ത്രീ സുരക്ഷയെ രൂക്ഷമായി വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ചിത്രം വ്യാജം. പീഡനത്തിനിരയായ പൊലീസ് ഉദ്യോഗസ്ഥയുടെ മൃതദേഹം എന്നരീതിയിലായിരുന്നു ചിത്രം പ്രചരിച്ചത്. അമൃത്സറില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പൊലീസുകാരിയുടെ മൃതദേഹം എന്ന പേരിലായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ നടന്ന സംഭവത്തില്‍ കോണ്‍ഗ്രസ് മൌനം പാലിക്കുന്നുവെന്നും ചിത്രത്തോടുള്ള കുറിപ്പ് വിശദമാക്കുന്നു.
ഹാഥ്റസില്‍ മാത്രമാണോ പ്രതിഷേധം? പഞ്ചാബില്‍ വനിതാ പൊലീസ് ക്രൂരപീഡനത്തിന് ഇരയായി മരിച്ചത് നിങ്ങള്‍ കാണുന്നില്ലേ? പഞ്ചാബ് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് അല്‍പം പോലും സുരക്ഷയില്ലാത്ത സംസ്ഥാനമായി മാറിക്കഴിഞ്ഞു. നിങ്ങളുടെ പ്രതിഷേധമെന്താണ് ചില സംസ്ഥാനങ്ങളിലെ സംഭവങ്ങളേക്കുറിച്ച് മാത്രമാണോ? എന്ന കുറിപ്പുകളോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. വിഷയത്തിലെ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും പ്രതികരണം ആരാഞ്ഞായിരുന്നു പ്രചാരണം.
എന്നാല്‍ റോഡ് അപകടത്തില്‍ മരിച്ച വനിതാ പൊലീസുകാരിയുടെ ചിത്രമാണ് വ്യാജ പ്രചാരണങ്ങളോടെ വ്യാപകമായി പ്രചരിക്കുന്നതെന്നാണ് ദി ക്വിന്‍റിന്‍റെ വസ്തുതാ പരിശോധക വിഭാഗം കണ്ടെത്തിയത്. റിവേഴ്സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയില്‍ സംഭവത്തെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളുടെ വാര്‍ത്തകളും കണ്ടെത്താനായി. നോമി എന്ന പൊലീസ് കോണ്‍സ്റ്റബിളിന്‍റെ ചിത്രമാണ് വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന നോമിയുടെ സ്കൂട്ടറില്‍ എസ് യു വി ഇടിച്ചായിരുന്നു അപകടമെന്ന് അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദി ക്വിന്‍റിനോട് വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രം എന്ന പേരില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ്.