'പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി'; പ്രചാരണത്തിലെ സത്യാവസ്ഥ എന്താണ്
പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്ന് ഇരുപത്തിയൊന്ന് ആക്കിയെന്നും നവംബർ നാല് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നുമാണ് പ്രചാരണം.
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കിയോ? നവംബർ നാല് മുതൽ ഇത് പ്രാബല്യത്തിൽ വരുമോ? പലരെയും ആശങ്കയിലും ആശയക്കുഴപ്പത്തിലുമാക്കിയ ഈ വാർത്തയുടെ സത്യാവസ്ഥ എന്താണ്? വാട്സ്ആപ്പിലും ഫേസ്ബുക്കിലും ട്രോൾ ഗ്രൂപ്പുകളിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിക്കുന്ന വാർത്തയാണിത്. പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്ന് ഇരുപത്തിയൊന്ന് ആക്കിയെന്നും നവംബർ നാല് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നുമാണ് പ്രചാരണം. കേന്ദ്ര നിയമമന്ത്രി മുക്താർ അബ്ബാസ് നഖ്‍വി ആണ് ഇക്കാര്യം അറിയിച്ചത് എന്നും ചേർത്തിട്ടുണ്ട്..
പെൺകുട്ടികളുടെ വിവാഹപ്രായം ഉടൻ പുതുക്കി നിശ്ചയിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പ്രചാരണം സജീവമായത്. പുതുക്കിയ വിവാഹപ്രായം എത്രയെന്നോ അത് എന്ന് നിലവിൽ വരുമെന്നോ സർക്കാർ അറിയിച്ചിട്ടില്ല. വിവാഹപ്രായം ഉയർത്തുന്നതിനെ കുറിച്ച് പഠിക്കാൻ സാമൂഹിക പ്രവർത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു.ഇവരുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാവും തീരുമാനം.മാതൃമരണ നിരക്ക് കുറയ്ക്കാനും വിളർച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കലുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മാത്രമല്ല ഈ പ്രചരിക്കുന്ന വാർത്തയിൽ മറ്റൊരു പിശക് കൂടിയുണ്ട്. മുക്താർ അബ്ബാസ് നഖ്‍വി കേന്ദ്ര നിയമമന്ത്രി എന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. രവിശങ്കർ പ്രസാദാണ് കേന്ദ്ര നിയമമന്ത്രി. നഖ്‍വി ന്യൂനപക്ഷകാര്യ മന്ത്രിയാണ്.അപ്പോൾ പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്തിയെന്നും നവംബർ നാലിന് നിയമം നിലവിൽ വരുമെന്നുമുളള പ്രചാരണം വ്യാജമാണ്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ഇതുവരെ വന്നിട്ടില്ല.