'ഗാസയില്‍ മൃതദേഹങ്ങള്‍ വരെ അഭിനയം, മൊബൈല്‍ ഫോണില്‍ തോണ്ടിയിരിക്കുന്നു'; ചിത്രവും വസ്‌തുതയും
ഒരു മൃതദേഹത്തെ പൊതിഞ്ഞിരിക്കുന്ന പോലെ വെള്ളത്തുണി ചുറ്റി കുട്ടി ഇരിക്കുന്ന ചിത്രമാണ് സാമൂഹ്യമാധ്യമമായ എക്‌സില്‍ പ്രചരിക്കുന്നത്
ഏറ്റവും പുതിയ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അരോപണ പ്രത്യാരോപണങ്ങളും വ്യാജ പ്രചാരണങ്ങളും നിറയുകയാണ്. ഗാസയില്‍ നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു എന്നത് അഭിനയമാണ് എന്ന് പലരും ഒരു വീഡിയോ ഷെയര്‍ ചെയ്‌തുകൊണ്ട് മുമ്പ് ആരോപിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ പരിക്കേറ്റു എന്ന് കാണിക്കാന്‍ ഛായം പൂശി ഗാസക്കാര്‍ ലോക ജനതയെ പറ്റിക്കുകയാണ് എന്നായിരുന്നു ഈ പ്രചാരണം. ഏറ്റവും പുതിയതായി വന്നിരിക്കുന്ന ഒരു പ്രചാരണം ഗാസയില്‍ മൃതദേഹമായി പോലും ആളുകള്‍ അഭിനയിക്കുകയാണ് എന്നാണ്.
പ്രചാരണം
ഒരു മൃതദേഹത്തെ പൊതിഞ്ഞിരിക്കുന്നതുപോലെ വെള്ളത്തുണി ചുറ്റി കുട്ടി ഇരിക്കുന്ന ചിത്രമാണ് സാമൂഹ്യമാധ്യമമായ എക്‌സില്‍ പ്രചരിക്കുന്നത്. അമ്യൂസ് എന്ന എക്‌സ് യൂസര്‍ 2023 ഒക്ടോബര്‍ 26-ാം തിയതി ഈ ചിത്രം ട്വീറ്റ് ചെയ്‌തിരിക്കുന്നത് കാണാം. 'അത്ഭുതം, ഗാസയിലെ മൃതദേഹങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സന്ദേശമയക്കുന്നു' എന്ന തലക്കെട്ടോടെയാണ് ഇയാള്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ദേഹമാകെ വെള്ളത്തുണിയില്‍ മൂടിക്കെട്ടിയിരിക്കുന്ന കുട്ടി കയ്യില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചിരിക്കുന്നത് ചിത്രത്തില്‍ വ്യക്തമായി കാണാം. ഇങ്ങനെ മൃതദേഹങ്ങളായി പോലും അഭിനയിച്ചാണ് ഗാസ മരണസംഖ്യ ഉയര്‍ത്തിക്കാണിക്കുന്നത് എന്ന് ചിത്രം പങ്കുവെക്കുന്നവര്‍ ആരോപിക്കുന്നു.
ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
സമാന ആരോപണത്തോടെ The Mossad: Satirical, Yet Awesome എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് 2023 ഒക്ടോബര്‍ 26ന് ഫോട്ടോ ട്വീറ്റ് ചെയ്‌തിട്ടുള്ളതും കാണാം.
വസ്‌തുത
എന്നാല്‍ ഈ ചിത്രത്തിന് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. The Mossad: Satirical, Yet Awesome എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ച ഫോട്ടോയ്‌ക്ക് താഴെ ഈ ചിത്രം പഴയതാണ് എന്ന് ട്വീറ്റ് വായിച്ചവര്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാനായതാണ് വസ്‌തുതകളിലേക്ക് സൂചന നല്‍കിയത്. ഇതിന് ശേഷം നടത്തിയ വിശദ പരിശോധനയില്‍ 2022 ഒക്ടോബര്‍ 22ന് തായ്‌ലന്‍ഡില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ ഒരു കുട്ടി ഇത്തരമൊരു വേഷമണിഞ്ഞ് ഇരിക്കുന്നതാണ് ചിത്രമെന്ന് വ്യക്തമായി. ഈ ഫോട്ടോ siamnews.com എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്‌തിട്ടുള്ളതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ. ഈ ചിത്രത്തിലും കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ കാണാം.
ഇതേ ചിത്രം 2022 നവംബര്‍ 29ന് എക്‌സില്‍ പൂര്‍വ ബാവ്‌സര്‍ എന്ന യൂസര്‍ പങ്കുവെച്ചിരിക്കുന്നത് ചുവടെ കൊടുത്തിരിക്കുന്നു. ഈ രണ്ട് തെളിവുകള്‍ കൊണ്ടുതന്നെ ചിത്രം പഴയതാണ് എന്നും നിലവിലെ ഇസ്രയേല്‍-ഹമാസ് സംഭവങ്ങളുമായി ഫോട്ടോയ്‌ക്ക് യാതൊരു ബന്ധവുമില്ല എന്ന നിഗമനത്തില്‍ എത്തിച്ചേരാം.
Read more: Fact Check: പലസ്‌തീന് പിന്തുണയുമായി ഷാരൂഖ് ഖാന്‍? പലസ്തീന്‍ നിറമുള്ള ജാക്കറ്റിട്ട ചിത്രവും സത്യവും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം