'ഹിന്ദുസ്ഥാനി അല്ലെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു, ജവാന്‍ സിനിമ ബഹിഷ്‌കരിക്കുക'; വീഡിയോ പ്രചാരണം വ്യാജം
ഞാന്‍ മുസ്ലീമും പാകിസ്ഥാനിയുമാണ്, ഹിന്ദുവോ ഹിന്ദുസ്ഥാനിയോ അല്ല എന്ന് ഷാരൂഖ് ഖാന്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞതായാണ് പ്രചാരണം
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ സിനിമയെ ചൊല്ലിയുള്ള വ്യാജ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തിന്‍റെ വ്യാജ രംഗങ്ങള്‍ വൈറലായതിന് പിന്നാലെ ഷാരൂഖ് ഖാനെ ചൊല്ലിയും തെറ്റായ ഒരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. ഷാരൂഖിന്‍റെ ദേശസ്നേഹം ചോദ്യം ചെയ്‌തും അദേഹത്തിന്‍റെ ജവാന്‍ സിനിമ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്‌തുമാണ് വീഡിയോ എക്‌സില്‍ (ട്വിറ്റര്‍) പ്രചരിക്കുന്നത്.
പ്രചാരണം
'ഞാന്‍ മുസ്ലീമും പാകിസ്ഥാനിയുമാണ്, ഹിന്ദുവോ ഹിന്ദുസ്ഥാനിയോ അല്ല' എന്ന് ഷാരൂഖ് ഖാന്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞതായാണ് പ്രചാരണം. ട്വിറ്ററിലാണ് ഒരാള്‍ ഈ അവകാശവാദത്തോടെ ഷാരൂഖിന്‍റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ അവസാനം വരെ കാണൂ, ഷാരൂഖ് പറഞ്ഞത് എന്തെന്ന് മനസിലാക്കൂ എന്നും ഇയാള്‍ ആവശ്യപ്പെടുന്നു. ഞാന്‍ ഇന്ത്യക്കാരനല്ല, പാകിസ്ഥാനിയാണ് എന്ന് പറഞ്ഞ ഷാരൂഖ് ഖാന്‍റെ സിനിമ ബഹിഷ്കരിക്കണം, ഷാരൂഖിനെ പിന്തുണയ്‌ക്കുന്നവരെ കാണുമ്പോള്‍ അപമാനം തോന്നുന്നു എന്നും ട്വീറ്റിനൊപ്പമുള്ള കുറിപ്പില്‍ എഴുതിയിരിക്കുന്നു. #JawanReview #SRK #Jawan #BoycottJawanMovie എന്നീ ഹാഷ്‌ടാഗുകളും ഇതിനൊപ്പമുണ്ട്.
വസ്‌തുത
ട്വീറ്റിനൊപ്പമുള്ള വീഡിയോ അവസാന വരെ കണ്ടാല്‍, ഷാരൂഖ് ഖാന്‍ താന്‍ പാകിസ്ഥാനിയാണെന്നും ഹിന്ദുസ്ഥാനി അല്ലെന്നും ഒരിടത്തും പറയുന്നില്ല എന്ന് വ്യക്തമാകും. 'അസ്ലാം അലൈക്കും, കുട്ടിക്കാലം മുതല്‍ ഖുറാന്‍ പഠിക്കുന്ന ഞാന്‍ അല്ലാഹു എന്താണ് പഠിപ്പിച്ചത് എന്ന് മനസിലാക്കാനും പിന്തുടരാനും ശ്രമിച്ചിട്ടുണ്ട്. നല്ലൊരു മുസ്ലീമാണ് എന്നതില്‍ അഭിമാനിക്കുന്നു. ഇന്‍ഷാ അള്ളാഹ്' എന്നുമേ ട്വിറ്ററില്‍ ഷെയര്‍ ചെയ്യപ്പെടുന്ന 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഷാരൂഖ് ഖാന്‍ പറയുന്നുള്ളൂ. ഈ വീഡിയോയുടെ പൂര്‍ണരൂപം ദേശീയ മാധ്യമമായ എന്‍ഡിടിവി 2009 നവംബര്‍ 29ന് അവരുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവര്‍ക്കുള്ള ആദരമായി സംഘടിപ്പിച്ച പരിപാടിയില്‍ ഷാരൂഖ് സംസാരിക്കുന്ന വീഡിയോയാണിത്. ഞാന്‍ അഭിമാനിയായ ഇന്ത്യക്കാരനാണ് എന്ന് ഷാരൂഖ് കൃത്യമായി പറയുന്നത് ഈ വീഡിയോയില്‍ കാണാം.
Read more: നീറ്റ് പരീക്ഷാര്‍ഥികളെ ശ്രദ്ധിക്കുവിന്‍; ടെന്‍ഷന്‍ വേണ്ടാ, ആ സര്‍ക്കുലര്‍ വ്യാജം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം