Fact Check : ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തിൽ ഷാരുഖ് ഖാൻ തുപ്പിയെന്ന് വ്യാജപ്രചരണം; സത്യമിതാണ്...

ലതാ മങ്കേഷ്കറിന് ആദരാജ്ഞലി അർപ്പിക്കാനെത്തിയവരിൽ ബോളിവുഡ് നടൻ ഷാരുഖ് ഖാൻ അവരുടെ ഭൗതിക ശരീരത്തിൽ  തുപ്പി എന്നാണ് സമൂഹമാധ്യമങ്ങൾ വഴിയുള്ള വ്യാജപ്രചരണം.

fake news  Shah Rukh Khan spit on Lata Mangeshkar s body

ദില്ലി: ഇന്ത്യയുടെ ഇതിഹാസ ​ഗായിക ലതാ മങ്കേഷ്കർ (Lata Mangeshkar) അന്തരിച്ചത് ഫെബ്രുവരി ആറിനാണ്. ലതാ മങ്കേഷ്കറിന്റെ വിയോ​ഗത്തെ തുടർന്ന് കേന്ദ്രസർക്കാർ രണ്ട് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിരുന്നു. എല്ലാ വിധ ബഹുമതികളോടും കൂടെ മുംബൈ ശിവാജി പാർക്കിലാണ് ലതാ മങ്കേഷ്കറിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ളവർ ലതാ മങ്കേഷ്കറിന് ആദരാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നു. ലതാ മങ്കേഷ്കറിന് ആദരാജ്ഞലി അർപ്പിക്കാനെത്തിയവരിൽ ബോളിവുഡ് നടൻ ഷാരുഖ് ഖാൻ അവരുടെ ഭൗതിക ശരീരത്തിൽ  തുപ്പി എന്നാണ് സമൂഹമാധ്യമങ്ങൾ വഴിയുള്ള വ്യാജപ്രചരണം. നടനെതിരെ സമൂഹമാധ്യമങ്ങള് വഴി സൈബറാക്രമണവും നടക്കുന്നുണ്ട്. 

ലതാ മങ്കേഷ്കറിന്റെ ഭൗതിക ശരീരത്തിന് മുന്നിൽ നിന്ന് ഷാരുഖ് ഖാൻ ആദരമർപ്പിക്കുന്ന വീഡിയോ, ഭൗതിക ശരീരത്തിൽ തുപ്പി എന്ന പ്രചരണത്തിനൊപ്പം, സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഷാരൂഖ് ഖാൻ ഇസ്ലാം മതവിശ്വാസ പ്രകാരം, മാസ്ക് മാറ്റിയതിന് ശേഷം പ്രാർത്ഥനയോടെ ഭൗതിക ശരീരത്തിലേക്ക് ഊതുകയാണ് ചെയ്യുന്നത്. ഈ പ്രവർത്തിയാണ് ലതാമങ്കേഷ്കറുടെ ഭൗതിക ശരീരത്തിൽ ഷാരുഖ് ഖാൻ തുപ്പി എന്ന വ്യാജവാക്കുകളുടെ അകമ്പടിയോടെ പ്രചരിക്കുന്നത്. ഷാരുഖ് ഖാനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അപലപിച്ച് നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. 

92-ാം വയസിലാണ് ഇന്ത്യയുടെ വാനമ്പാടി വിടവാങ്ങിയത്. കൊവിഡ് ബാധിതയായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാരതരത്നമടക്കം പരമോന്നത ബഹുമതികൾ നൽകി രാഷ്ട്രം ആദരിച്ച മഹാപ്രതിഭയുടെ വിയോഗത്തിൽ രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെബ്രുവരി 6 ഞായറാഴ്ച രാവിലെ 8.12 ഓടെയാണ് ലതാ മങ്കേഷ്കരുടെ മരണം സ്ഥിരീകരിച്ചത്. കൊവിഡ് ബാധയെ തുടർന്ന് ജനുവരി 8 മുതൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 6 ദിവസം മുൻപ് രോഗമുക്തയായി ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് സൂചന നൽകിയ ശേഷമാണ് മരണം. ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇന്നലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 2019ൽ സമാന സാഹചര്യത്തിൽ ഒരുമാസത്തോളം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും സാധാരണ ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ച് വന്നിരുന്നു.

അങ്ങനെയൊരു അത്ഭുതം ഇത്തവണയുണ്ടായില്ല. അവയവങ്ങൾ ഒന്നിച്ച് പ്രവർത്തനരഹിതമായതോടെ ഡോക്ട‍മാരുടെ പരിശ്രമങ്ങൾ വിഫലമാവുകയായിരുന്നു. ഉച്ചയോടെ പെഡ്ഡാർ റോഡിലെ വസതിയിൽ മൃതദേഹം ആദ്യം എത്തിച്ചു. അമിതാഭ് ബച്ചൻ അടക്കമുള്ള പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. വൈകീട്ട് നാല് മണിയോടെ വിലാപയാത്രയായി ശിവാജി പാർക്കിലേക്ക്. അവസാനമായി ഒരുനോക്ക് കാണാൻ ആറ് മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയിരുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios