ട്രംപ് റഷ്യന്‍ കൊവിഡ് വാക്സിന്‍ കുത്തിവച്ചോ?; വസ്തുത ഇതാണ്.!
സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചരണം കൊഴുക്കുന്നത്. ട്രംപ് റഷ്യ വികസിപ്പിച്ച കൊവിഡ് 19 പ്രതിരോധ വാക്സിന്‍ എടുത്തിട്ടുണ്ട് എന്നത്. ഇതിന്‍റെ വസ്തുത എന്താണെന്ന് പരിശോധിക്കാം,
വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിന്‍റെ കൊവിഡ് 19 ന്‍റെ അവസ്ഥ എന്താണ് എന്നത് ഇപ്പോഴും വ്യക്തമല്ല. ഒക്ടോബര്‍ 2ന് കൊവിഡ് ബാധിതനായ ഇദ്ദേഹം ആശുപത്രി വാസത്തിന് ശേഷം ഒക്ടോബര്‍ 10 മുതല്‍ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്. അതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചരണം കൊഴുക്കുന്നത്. ട്രംപ് റഷ്യ വികസിപ്പിച്ച കൊവിഡ് 19 പ്രതിരോധ വാക്സിന്‍ എടുത്തിട്ടുണ്ട് എന്നത്. ഇതിന്‍റെ വസ്തുത എന്താണെന്ന് പരിശോധിക്കാം,
പ്രചരണം ഇങ്ങനെ
ട്രംപ് ഒക്ടോബര്‍ 2ന് പുലര്‍ച്ചെ 12.54ന് ചെയ്ത ഒരു ട്വീറ്റ് എന്ന പേരിലുള്ള സ്ക്രീന്‍ ഷോട്ടാണ് പ്രചരണത്തിന്‍റെ അടിസ്ഥാനം. ഈ ട്വീറ്റ് പ്രകാരം, "ഞാനിപ്പോള്‍ കൊവിഡ് 19ന് എതിരായ വാക്സിന്‍ വൈറ്റ് ഹൌസില്‍ വച്ച് എടുത്തു, റഷ്യ നിര്‍മ്മിച്ച വാക്സിനാണ് ഇത്. രാവിലെ എട്ടുമണിക്കാണ് ഞാന്‍ ഇത് എടുത്തത്. ഇത് തീര്‍ത്തും സുരക്ഷിതമാണ് എന്നത് നിങ്ങളെ ഞാന്‍ അറിയിക്കുന്നു, ഇതിന് ഒരു സൈഡ് എഫക്ടും ഇല്ല" -ട്രംപിന്‍റെയെന്ന് അവകാശപ്പെടുന്ന ട്വീറ്റില്‍ പറയുന്നു.
എല്ലാവര്‍ക്കും ശുഭ വാര്‍ത്ത, നമ്മുക്ക് ആശ്വസിക്കാം എന്ന തലക്കെട്ടിലാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഇത് പ്രചരിക്കുന്നത്.
ഇതിന്‍റെ വസ്തുത
എന്നാല്‍ ഈ ട്വീറ്റ് വ്യാജമാണ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. ഒന്നാമത് ട്വീറ്റിലെ സമയം 12.54 AM ആണ്. ട്രംപിന്‍റെ എന്ന പേരിലെ ട്വീറ്റില്‍ വാക്സിന്‍ എടുത്തത് 8AM ന് എന്നും പറയുന്നു. വസ്തുതപരമായി ഇത് ചേരില്ല.
അടുത്തത്, ഈ ട്വീറ്റ് ചെയ്തിരിക്കുന്ന ദിവസമായ ഒക്ടോബര്‍ 2ന് തനിക്കും ഭാര്യയ്ക്കും കൊവിഡ് 19 ബാധിച്ചുവെന്ന ഒറ്റ ട്വീറ്റ് മാത്രമാണ് ട്രംപ് നടത്തിയത് എന്ന് അദ്ദേഹത്തിന്‍റെ ട്വീറ്റര്‍ അക്കൌണ്ട് പരിശോധിച്ചാല്‍ വ്യക്തമാകും.
ഒപ്പം തന്നെ ട്രംപിന്‍റെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റില്‍ നിരവധി വ്യാകരണ പിശകുകള്‍ കാണാം. അതിന്‍റെ അവസാനം കാണുന്ന റഷ്യന്‍ വാക്കുകള്‍ ഇംഗ്ലീഷിലേക്ക് ട്രാന്‍സിലേറ്റ് ചെയ്താല്‍ അതിന് യാതൊരു അര്‍ത്ഥവും ലഭിക്കുന്നില്ല.
ഇതിനൊപ്പം റഷ്യന്‍ വാക്സിന്‍ സംബന്ധിച്ച് നേരത്തെ നടത്തിയ ട്രംപിന്‍റെ പ്രസ്താവനയും പരിശോധിക്കാം
നിഗമനം
ട്രംപ് റഷ്യന്‍ കൊവിഡ് വാക്സിന്‍ എടുത്തുവെന്നും അത് സുരക്ഷിതമാണ് എന്ന് പറയുന്ന തരത്തിലുമുള്ള ട്വീറ്റ് തീര്‍ത്തും വ്യാജമാണ്.