നിലവിലെ പോളിസി പ്ലാനുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ എല്‍ഐസി പിന്‍വലിക്കുകയാണോ? Fact Check
പ്ലാനുകള്‍ പുതുക്കുന്നതിന്‍റെ ഭാഗമായി എല്ലാ ഇന്‍ഷൂറന്‍സ് പദ്ധതികളും 2024 സെപ്റ്റംബര്‍ 30ഓടെ എല്‍ഐസി പിന്‍വലിക്കുന്നതായാണ് നോട്ടീസ്
ദില്ലി: സെപ്റ്റംബര്‍ 30ഓടെ നിലവിലുള്ള എല്ലാ പോളിസി പദ്ധതികളും എല്‍ഐസി (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) പിന്‍വലിക്കുമെന്ന തരത്തിലുള്ള നോട്ടീസിന്‍റെ വസ്‌തുത എന്ത്? നോട്ടീസ് വ്യാപകമായി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നതിനാല്‍ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
പുതുക്കുന്നതിന്‍റെ ഭാഗമായി നിലവിലുള്ള എല്ലാ ഇന്‍ഷൂറന്‍സ് പ്ലാനുകളും 2024 സെപ്റ്റംബര്‍ 30ഓടെ എല്‍ഐസി പിന്‍വലിക്കുന്നതായാണ് എക്‌സ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നോട്ടീസിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് പ്രകാരമാണ് ഈ നീക്കമെന്നും 2024 ഒക്ടോബര്‍ 1ന് പുതുക്കിയ പോളിസികള്‍ അവതരിപ്പിക്കുമെന്നും നോട്ടീസില്‍ പറയുന്നു. പുതുക്കിയ പ്ലാനുകള്‍ പ്രകാരം പ്രീമിയം തുകയില്‍ മാറ്റമുണ്ടാകും, പോളിസി ചട്ടങ്ങളിലും നിബന്ധനകളിലും മാറ്റമുണ്ടാകും, പുതിയ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ രണ്ടുമൂന്ന് മാസങ്ങളെടുത്തേക്കാം, ഉയര്‍ന്ന സാമ്പത്തിക നേട്ടമുള്ള പ്ലാനുകള്‍ എന്നേക്കുമായി പിന്‍വലിച്ചേക്കാം എന്നും നോട്ടീസില്‍ വിശദീകരിക്കുന്നു. പ്ലാനുകള്‍ പിന്‍വലിക്കും മുമ്പ് നിലവിലെ മികച്ച പദ്ധതികളില്‍ ചേരുന്നത് ഗുണം ചെയ്യും എന്നും വിശദീകരിക്കുന്ന നോട്ടീസ് സത്യമോ?
വസ്‌തുത
നിലവിലുള്ള പോളിസി പദ്ധതികള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരമൊരു നോട്ടീസ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ അഥവാ എല്‍ഐസി പുറത്തിറക്കിയിട്ടില്ല എന്നതാണ് വസ്‌തുത. നോട്ടീസ് വ്യാജമാണെന്ന് വ്യക്തമാക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം 2024 സെപ്റ്റംബര്‍ രണ്ടിന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ വിശദീകരണം എല്‍ഐസി റീ-ട്വീറ്റ് ചെയ്‌തിട്ടുമുണ്ട്.
Read more: 'രജിസ്ട്രേഷന്‍ ഫീസ് അടച്ച് കസ്റ്റമര്‍ സര്‍വീസ് പ്രതിനിധിയാവാം, പ്രതിഫലം 28,000 രൂപ'; മെസേജ് വ്യാജം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം