നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ രാഹുല്‍ ഗാന്ധി യാത്രയ്‌ക്കിടെ കാണുന്നുവോ? വീഡിയോയുടെ സത്യമിത്
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് രാഹുല്‍ ഗാന്ധി യാത്രാമധ്യേ വാഹനത്തിലിരുന്ന് സ്ക്രീനില്‍ തത്സമയം കാണുന്നതാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്
ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും വിജയിച്ച് എന്‍ഡിഎ അധികാരത്തില്‍ വന്നിരുന്നു. എന്‍ഡിഎയിലെ പ്രധാന പാര്‍ട്ടിയായ ബിജെപിയുടെ നരേന്ദ്ര മോദി ഇതോടെ പ്രധാനമന്ത്രി കസേരയില്‍ ഹാട്രിക് തികച്ചു. ഇതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ ഇന്ത്യാ മുന്നണിയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും നേതാവ് രാഹുല്‍ ഗാന്ധിയെ ചുറ്റിപ്പറ്റി പ്രചരിക്കുകയാണ്. എന്താണ് ഇതിലെ വസ്‌തുത എന്ന് നോക്കാം.
പ്രചാരണം
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് രാഹുല്‍ ഗാന്ധി യാത്രാമധ്യേ വാഹനത്തിലിരുന്ന് സ്ക്രീനില്‍ തത്സമയം കാണുന്നതായാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. നിരവധിയാളുകളാണ് ഈ വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) ഷെയര്‍ ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് ഈ വീഡിയോകള്‍ ഇതിനകം കണ്ടത്.
വസ്‌തുതാ പരിശോധന
എന്നാല്‍ നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് രാഹുല്‍ ഗാന്ധി വാഹനത്തിലിരുന്ന് സ്ക്രീനില്‍ കാണുന്നതായുള്ള വീഡിയോ പ്രചാരണം വ്യാജമാണ്. രാഹുല്‍ ഗാന്ധിയുടെ മറ്റൊരു വീഡിയോയില്‍ എഡിറ്റിംഗ് വരുത്തിയാണ് വ്യാജ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോയുടെ ഒറിജിനല്‍ രാഹുല്‍ ഗാന്ധി തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മുമ്പ് പങ്കുവെച്ചിരുന്നതാണ്. രാഹുല്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ മുന്നിലായി ഒരു സ്ക്രീന്‍ കാണാം. എന്നാല്‍ ഇതില്‍ ദൃശ്യങ്ങളൊന്നും അന്നത്തെ വീഡിയോയില്‍ ഉണ്ടായിരുന്നില്ല. ഇതിലേക്ക് മോദിയുടെ സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌ത് ചേര്‍ത്താണ് ഇപ്പോള്‍ വൈറലായ വീഡിയോ നിര്‍മിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. യഥാര്‍ഥ വീഡിയോ ചുവടെ കാണാം.
നിഗമനം
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് യാത്രയ്ക്കിടെ തത്സമയം കാറിലെ സ്ക്രീനില്‍ കാണുന്നതായുള്ള പ്രചാരണം വ്യാജമാണ്.
Read more: ഹമ്മോ എന്തൊരു വലിപ്പം; ഇത്ര ഭീമാകാരമായ നീരാളിയെ കണ്ടെത്തിയോ? Fact Check