ഷാരൂഖ് ഖാന്‍ അയോധ്യ രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയോ? വൈറല്‍ വീഡിയോയുടെ വസ്തുത
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മത്തില്‍ ഷാരൂഖ് ഖാന്‍ പങ്കെടുത്തു എന്ന തരത്തിലാണ് പ്രചാരണമെല്ലാം
മുംബൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മത്തില്‍ ബോളിവുഡിലെ നിരവധി സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്തിരുന്നു. കങ്കണ റണാവത്ത് മുതല്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ വരെയുള്ളവര്‍ ചടങ്ങിനായി രാമക്ഷേത്രത്തിലെത്തി. സൂപ്പര്‍ താരം ഷാരൂഖ് ഖാനും അയോധ്യയില്‍ എത്തിയിരുന്നോ? ഷാരൂഖിനെ കുറിച്ചുള്ള പ്രചാരണവും അതിന്‍റെ വസ്‌തുതയും എന്താണെന്ന് നോക്കാം.
പ്രചാരണം
'അയോധ്യ രാമക്ഷേത്രം ഷാരൂഖ് ഖാന്‍ സന്ദര്‍ശിച്ചു' എന്ന തരത്തില്‍ റീല്‍സിലൂടെയാണ് പ്രചാരണമെല്ലാം. ഷാരൂഖ് ഏതോ അമ്പലത്തില്‍ നിന്ന് കുടുംബസമേതം പുറത്തേക്ക് വരുന്നത് വീഡിയോയില്‍ കാണാം. ഷാരൂഖ് ഖാന്‍ അയോധ്യയിലെത്തി എന്ന തലക്കെട്ടിനൊപ്പം ജയ് ശ്രീറാം എന്ന എഴുത്തും റീലിലുണ്ട്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മത്തിന് ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളിലൊന്നും ഷാരൂഖിന്‍റെ പേര് കാണാതിരുന്നതിനാല്‍ അദേഹം അയോധ്യയിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ തന്നെയോ ഇത് എന്ന സംശയമുയര്‍ന്നു. ഈ സാഹചര്യത്തില്‍ വീഡിയോ വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കി.
വസ്‌തുത
എന്നാല്‍ ഷാരൂഖ് ഖാന്‍ അയോധ്യ രാമക്ഷേത്രത്തില്‍ എത്തിയതിന്‍റെ വീഡിയോ അല്ല ഇത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ കഴിഞ്ഞ വര്‍ഷം ഷാരൂഖ് കുടുംബസമേതം സന്ദര്‍ശനം നടത്തിയതിന്‍റെ വീഡിയോയാണ് അയോധ്യയിലേത് എന്ന പേരില്‍ പ്രചരിക്കുന്നത്. 2023 സെപ്റ്റംബറിലായിരുന്നു ഷാരൂഖിന്‍റെ തിരുമല സന്ദര്‍ശനം. ഷാരൂഖിന്‍റെയും കുടുംബത്തിന്‍റെയും തിരുപ്പതി സന്ദര്‍ശനം പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തിരുന്നു. ആ വീഡിയോ ചുവടെ കാണാം.
നിഗമനം
ബോളിവുഡ് സ്റ്റാര്‍ ഷാരൂഖ് ഖാന്‍ അയോധ്യ രാമക്ഷേത്രത്തില്‍ എത്തി എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തിരുപ്പതി ക്ഷേത്രത്തില്‍ നിന്നുള്ള വീഡിയോയാണിത്.
Read more: അയോധ്യ രാമക്ഷേത്രത്തില്‍ ആദ്യ ദിനം എത്തിയ ജനസഞ്ചയമോ ഇത്; ചിത്രത്തിന്‍റെ സത്യം പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം