തർക്കത്തിലായ ശിവസേനയുടെ 'അമ്പും വില്ലും'; വർത്തമാനവും ചരിത്രവും!!
അവകാശത്തർക്കം പരിഹരിക്കാൻ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. പതിനെട്ടടവും പയറ്റിയിട്ടും ഇരുപക്ഷവും ഒത്തുതീർപ്പിൽ എത്താതായതോടെ അറ്റകൈ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രയോഗിച്ചു. ശിവസേനയുടെ ചിഹ്നം മരവിപ്പിച്ചു. താക്കറെ വിഭാഗവും ഷിൻഡെ വിഭാഗവും അങ്ങനെയിപ്പോ അമ്പും വില്ലും കൊണ്ടുപോകേണ്ട എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ നേതൃത്വം നൽകിയ മഹാവികാസ് അഖാഡി സഖ്യ സർക്കാരിനെ ബിജെപി സഹായത്തോടെ അട്ടിമറിച്ച് ഒരു വിഭാഗം എംഎൽഎമാർ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയപ്പോൾ മുതൽ ഉയർന്നുകേൾക്കുന്ന ചോദ്യമാണ് ആരാണ് യഥാർത്ഥ ശിവസേന എന്നത്. ബാൽ താക്കറെയുടെ യഥാർത്ഥ പിൻഗാമികൾ തങ്ങളാണെന്ന് ഇരുവിഭാഗവും വാദിക്കുന്നു. വാദപ്രതിവാദങ്ങൾ അങ്ങനെ സുപ്രീംകോടതി വരെയെത്തി. പക്ഷേ, പ്രശ്നം അവിടംകൊണ്ടും തീർന്നില്ല. അവകാശത്തർക്കം പരിഹരിക്കാൻ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. പതിനെട്ടടവും പയറ്റിയിട്ടും ഇരുപക്ഷവും ഒത്തുതീർപ്പിൽ എത്താതായതോടെ അറ്റകൈ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രയോഗിച്ചു. ശിവസേനയുടെ ചിഹ്നം മരവിപ്പിച്ചു. താക്കറെ വിഭാഗവും ഷിൻഡെ വിഭാഗവും അങ്ങനെയിപ്പോ അമ്പും വില്ലും കൊണ്ടുപോകേണ്ട എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
പാർട്ടിയായാൽ ചിഹ്നം വേണമല്ലോ! അങ്ങനെ, ആവശ്യമായ ചിഹ്നങ്ങളുടെ പട്ടിക നൽകാൻ ഇരുകൂട്ടരോടും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. അവയിൽ നിന്ന് ഓരോന്ന് തെരഞ്ഞെടുക്കാമല്ലോ എന്നായിരുന്നു ധാരണ. താക്കറേ വിഭാഗം ചിഹ്നമായി ത്രിശൂലവും ഉദയസൂര്യനും തീപന്തവും നൽകി. ഷിൻഡെ വിഭാഗം ത്രിശൂലവും, ഉദയ സൂര്യനും, ഗദയും നൽകി. എന്തായാലും താക്കറെ പക്ഷത്തിന് തീപ്പന്തം അനുവദിച്ച് തീരുമാനമായി. ഷിൻഡെ വിഭാഗത്തിന് ചിഹ്നം അനുവദിച്ചിട്ടില്ല. മതപരമായ കാരണങ്ങളാൽ ഈ ചിഹ്നങ്ങൾ അനുവദിക്കാനാവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇന്ന് രാവിലെ 11 മണിക്ക് മുമ്പായി പുതിയ ചിഹ്നം നൽകണമെന്ന് ഷിൻഡെ വിഭാഗത്തോട് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
പാർട്ടിയുടെ പേരുകൾ വ്യത്യസ്തമായതുകൊണ്ടാണ് ചിഹ്നം രണ്ട് വേണ്ടിവന്നതെന്ന് മറക്കരുത്. ശിവസേന (ഉദ്ദവ് ബാല സാഹേബ് താക്കറെ) എന്ന പേരാണ് ഉദ്ദവ് താക്കറെ വിഭാഗത്തിന് ലഭിച്ചത്. ബാലസാഹേബാൻജി ശിവസേനയാണ് ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്റേത്. ശിവസേന ചിഹ്നത്തിലും പേരിലും ഇരു വിഭാഗങ്ങളും അവകാശം ഉന്നയിച്ചിട്ടുള്ളതിനാൽ, അന്തിമ തീർപ്പുണ്ടാകുന്നതു വരെ ഈ നില തുടരുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ താക്കറെ - ഷിന്‍ഡെ വിഭാഗങ്ങൾ പുതിയ പേരും ചിഹ്നവും ഉപയോഗിച്ചാകും കളത്തിൽ ഇറങ്ങുക. തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി പേരും ചിഹ്നവും മരവിപ്പിച്ചത് ചോദ്യം ചെയ്ത് ഉദ്ദവ് താക്കറെ ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.
അമ്പും വില്ലും വിവാദവും
അമ്പും വില്ലും ചിഹ്നം വിവാദത്തിൽ പെടുന്നത് ഇതാദ്യമല്ല. ചിഹ്നം സംബന്ധിച്ച് ശിവസേനയും ഷിബു സോറന്റെ ഝാർഖണ്ഡ് മുക്തി മോർച്ചയും തമ്മിൽ നിരന്തരം തർക്കം നിലനിന്നിരുന്നു. 1989-ലാണ് ശിവസേനയ്ക്ക് ഈ ചിഹ്നം അനുവദിച്ചതെങ്കിൽ, 1985-ൽ തന്നെ അത് ഉപയോഗിക്കാനുള്ള അവകാശം ജെഎംഎം നേടിയെടുത്തിരുന്നു.
ഇരു പാർട്ടികളുടെയും അതത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചിഹ്നമായി അമ്പും വില്ലും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നു. എന്നാൽ, മഹാരാഷ്ട്രയ്ക്കും ഝാർഖണ്ഡിനും പുറത്ത് തെരഞ്ഞെടുപ്പിനെ നേരിടാൻ ഇരു പാർട്ടികൾക്കും വ്യത്യസ്ത ചിഹ്നങ്ങൾ തെരഞ്ഞെടുക്കേണ്ടി വന്നു. രണ്ടും സംസ്ഥാന പാർട്ടികളായി അംഗീകരിക്കപ്പെട്ടതിനാൽ ഇരുവർക്കും ചിഹ്നം സംവരണം ചെയ്തിട്ടില്ല.
2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും, ഇരു പാർട്ടികൾക്കും ഒരേ ചിഹ്നം അനുവദിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. ഝാർഖണ്ഡ് മുക്തി മോർച്ചയ്ക്കും ശിവസേനയ്ക്കും അതാത് സംസ്ഥാനങ്ങളിൽ ഒരേ സംവരണ ചിഹ്നമായ വില്ലും അമ്പും ഉള്ളതിനാൽ, ഇളവ് നീട്ടേണ്ടതില്ലെന്ന് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. 2019-ൽ ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ (യുണൈറ്റഡ്) തങ്ങളുടെ അമ്പടയാള ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചു. എന്നാൽ, ജെഎംഎം ഝാർഖണ്ഡിൽ വില്ലും അമ്പും ചിഹ്നം ഉപയോഗിക്കുന്നതിനാൽ ജെഡിയുവിനെ കമ്മീഷൻ അമ്പടയാള ചിഹ്നം ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി. ജെഡിയുവിന് കാര്യമായ സാന്നിധ്യമുള്ള ബിഹാറിൽ ശിവസേനയ്ക്കും ജെഎംഎമ്മിനും ഇതേ വിലക്ക് ബാധകമാണ്.
ഈ പാർട്ടി ചിഹ്നം ഇത്ര സംഭവമാണോ!!
ഒരു പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വോട്ടർമാർക്കിടയിൽ പാർട്ടിയുടെ ബ്രാൻഡാണ്. ഒരു കമ്പനി അതിന്റെ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന രീതിയുമായി ഇതിനെ താരതമ്യം ചെയ്യാം. കോൺഗ്രസിന്റെ കൈ, ബിജെപിയുടെ താമര, ആം ആദ്മി പാർട്ടിക്കാരുടെ ചൂൽ തുടങ്ങിയവ പോലെ സാധാരണക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നിത്യോപയോഗ സാധനങ്ങളോ വസ്തുവകകളോ ആണ് ചിഹ്നങ്ങളാവുക.
കുറഞ്ഞത് 10% മണ്ഡലങ്ങളിലെങ്കിലും സ്ഥാനാർത്ഥികളെ നിർത്താൻ കഴിയുന്ന അംഗീകൃതവും അംഗീകരിക്കപ്പെടാത്തതുമായ കക്ഷികൾക്ക് ചിഹ്നം അനുവദിക്കുന്ന 200 ചിഹ്നങ്ങളുടെ ഒരു ബാങ്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ട്. ഒരു ചിഹ്നത്തിനായി രണ്ട് പാർട്ടികൾക്ക് ഒരേ താല്പര്യം ഉണ്ടെങ്കിൽ, ആദ്യം വരുന്നവർക്ക് ആദ്യം നൽകുന്ന നയമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇങ്ങനെയുള്ളപ്പോൾ പിന്തുടരുന്നത്.
Read Also: 'ശിവസേന ഇനി ഒന്നല്ല, രണ്ട്'; ശിവസേന (ഉദ്ദവ് ബാലസാഹേബ് താക്കറെ)യും ബാലസാഹേബാൻജി ശിവസേനയും