'ഡ്രാമ' റിവ്യൂ: രഞ്ജിത്തും മോഹന്‍ലാലും വീണ്ടുമൊന്നിക്കുമ്പോള്‍
അതിമാനുഷികനായ നായകനോ തീയേറ്ററില്‍ സീറ്റിന്റെ തുമ്പിലിരുന്ന് കാണേണ്ട കഥയ്‌ക്കോ ആയല്ല ഡ്രാമയ്ക്ക് ടിക്കറ്റെടുക്കേണ്ടതെന്നായിരുന്നു റിലീസിന് മുന്‍പ് രഞ്ജിത്ത് പറഞ്ഞത്. നായകനായ രാജഗോപാലിന് അതിമാനുഷികതയൊന്നുമില്ല എന്നത് സത്യമാണ്.
ഭൂരിഭാഗം പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ വിജയിച്ച ഒരു രഞ്ജിത്ത് ചിത്രം പുറത്തുവന്നിട്ട് ഏറെക്കാലമായി. പ്രാഞ്ചിയേട്ടനും ഇന്ത്യന്‍ റുപ്പിക്കും സ്പിരിറ്റിനും ശേഷം തീയേറ്ററുകളിലെത്തിയ രഞ്ജിത്ത് ചിത്രങ്ങള്‍ പ്രേക്ഷകപ്രതീക്ഷ കാക്കാതെ പോയവയാണ്. 2015ല്‍ പുറത്തെത്തിയ ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഡ്രാമ.
ഭൂരിഭാഗവും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന ഡ്രാമയില്‍ രാജു എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന രാജഗോപാലാണ് മോഹന്‍ലാല്‍. സ്വന്തം പേരില്‍ ലണ്ടനില്‍ ഒരു ഫ്യുണറല്‍ സര്‍വ്വീസ് സ്ഥാപനം നടത്തുന്ന ഡിക്‌സണ്‍ ലോപ്പസിന് (ദിലീഷ് പോത്തന്‍) വേണ്ടപ്പെട്ടയാളാണ് രാജു. അവശ്യഘട്ടങ്ങളില്‍ സഹായത്തിനായി ഡിക്‌സണ്‍ ആശ്രയിക്കുന്ന ഒരാള്‍. ഡിക്‌സണ്‍ പറയുന്നത് പ്രകാരം രണ്ട് മാസക്കാലത്തിന് ശേഷം കമ്പനിക്ക് മെച്ചമുണ്ടാകാവുന്ന ഒരു ശവമടക്കിനുള്ള അവസരം തേടിയെത്തുകയാണ്. യുഎസിലും ഓസ്‌ട്രേലിയയിലും ലണ്ടനിലുമൊക്കെ ജോലിക്കാരായ മക്കളുള്ള കട്ടപ്പനക്കാരി റോസമ്മ ജോണ്‍ ചാക്കോയുടെ (അരുന്ധതി നാഗ്) ശവസംസ്‌കാരം പരമാവധി ആര്‍ഭാടമായി നടത്താനാണ് ഡിക്‌സന്റെ ശ്രമം. റോസമ്മ ചാക്കോയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് പ്രതിബന്ധങ്ങളാണ് ഡിക്‌സണും രാജുവിനും നേരിടാനുള്ളത്. ഒന്ന്: മൃതദേഹം മൂന്ന് ദിവസത്തേക്ക് സൂക്ഷിക്കാന്‍ ഒരു കെട്ടിടം വേണം, രണ്ട്: ലണ്ടനില്‍ വച്ച് മരണപ്പെട്ടാല്‍ തന്നെ നാട്ടിലെത്തിച്ച് അടക്കണമെന്ന ആഗ്രഹം റോസമ്മ ചാക്കോ ഇളയ മകളോട് പറഞ്ഞിരുന്നു. വിദേശത്ത് ധനികരായ മക്കളുള്ള ഒരു സ്ത്രീയുടെ മരണം, മൃതദേഹം സംസ്‌കരിക്കാന്‍ മക്കള്‍ ബന്ധപ്പെടുന്ന ഒരു ഫ്യുണറല്‍ സര്‍വ്വീസ് സ്ഥാപനം, മക്കള്‍ക്കിടയിലുള്ള പാരസ്പര്യമില്ലായ്മയും സ്വാര്‍ഥതയുംകൊണ്ട് ശവസംസ്‌കാരത്തിന് നേരിടുന്ന പ്രതിബന്ധങ്ങള്‍. ഈ പ്ലോട്ടില്‍ ജീവിതത്തെയും മരണത്തെയുമൊക്കെ സംബന്ധിച്ച ഒരു ബ്ലാക്ക് ഹ്യൂമര്‍ അവതരിപ്പിക്കാനാണ് രഞ്ജിത്തിന്റെ ശ്രമം. എന്നാല്‍ അത്രകണ്ട് വിജയത്തിലെത്തുന്ന ഒരു ശ്രമമല്ല അത്.
അതിമാനുഷികനായ നായകനോ തീയേറ്ററില്‍ സീറ്റിന്റെ തുമ്പിലിരുന്ന് കാണേണ്ട കഥയ്‌ക്കോ ആയല്ല ഡ്രാമയ്ക്ക് ടിക്കറ്റെടുക്കേണ്ടതെന്നായിരുന്നു റിലീസിന് മുന്‍പ് രഞ്ജിത്ത് പറഞ്ഞത്. നായകനായ രാജഗോപാലിന് അതിമാനുഷികതയൊന്നുമില്ല എന്നത് സത്യമാണ്. എന്നാല്‍ രണ്ടര മണിക്കൂര്‍ നീളുന്ന ചിത്രത്തിന്റെ കഥയിലും അവതരണത്തിലും പ്രേക്ഷകരെ കൂടെക്കൂട്ടാന്‍ പ്രാപ്തിയുള്ള ഘടകങ്ങള്‍ കുറവാണ്. മരണവും ശവമടക്കുമൊക്കെ പ്രമേയമായി വരുന്ന ചിത്രത്തിന്റെ നരേഷന്‍ പുരോഗമിക്കുന്നതിനിടെ ബ്ലാക്ക് ഹ്യൂമര്‍ സ്വഭാവത്തിന്റെ തുടര്‍ച്ചയ്ക്ക് ഭംഗം വരുത്തി ഇടയ്ക്കിടെ ഗൗരവസ്വഭാവത്തിലേക്ക് വീണുപോകുന്നത് ആസ്വാദനത്തിന്റെ തുടര്‍ച്ചയെയും ബാധിക്കുന്നുണ്ട്.
മോഹന്‍ലാലിനും അരുന്ധതി നാഗിനും പുറമെ കനിഹ, ടിനി ടോം, ദിലീഷ് പോത്തന്‍, സുരേഷ് കൃഷ്ണ തുടങ്ങി വന്‍ താരനിര വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ദിലീഷ് പോത്തന്‍, ബൈജു എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ജോണി ആന്റണിയുടെ ഒരു കഥാപാത്രവുമാണ് ഇടയ്ക്ക് ചിരിയുണര്‍ത്തുന്നത്. അളഗപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രഞ്ജിത്തിന്റെ തുടക്കകാലത്തെ ചില ചിത്രങ്ങള്‍ക്ക് ശേഷം (മിഴി രണ്ടിലും, ചന്ദ്രോത്സവം, പ്രജാപതി) അളഗപ്പനും രഞ്ജിത്തും ഒരുമിക്കുന്നത് ഇപ്പോഴാണ്. ബിജിബാല്‍ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് വിനു തോമസ് ആണ്.