ബോളിവുഡിന് ആശ്വാസജയം പകരുമോ വിക്കി കൗശല്‍ ചിത്രം? 'സര ഹട്കെ' ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയത്
ലക്ഷ്മണ്‍ ഉടേകര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം
കൊവിഡ് കാലത്ത് നേരിട്ട തകര്‍ച്ചയില്‍ നിന്നും പൂര്‍ണാര്‍ഥത്തില്‍ കരകയറിയിട്ടില്ല ബോളിവുഡ്. മിക്ക സൂപ്പര്‍താര ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വീണപ്പോള്‍ ബോളിവുഡിന്‍റെ രക്ഷകനായത് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ആണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടിക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്. അതേസമയം കാന്‍വാസില്‍ വലിയ വലിപ്പമില്ലാത്ത ചില ചിത്രങ്ങള്‍ തിയറ്ററുകള്‍ക്കും ചലച്ചിത്ര വ്യവസായത്തിനും ആശ്വാസം പകര്‍ന്ന് ബോളിവുഡില്‍ എത്തുന്നുണ്ട്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിക്കി കൌശലും സാറ അലി ഖാനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സര ഹട്കെ സര ബച്ച്കെ എന്ന ചിത്രം.
ലുക്കാ ചുപ്പി, മിമി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ ലക്ഷ്മണ്‍ ഉടേകര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ജൂണ്‍ 2 വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 5.49 കോടി ആയിരുന്നു. പോസിറ്റീവ് അഭിപ്രായം വന്നതോടെ ശനിയാഴ്ച ദിവസം കളക്ഷനില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തി. 7.20 കോടിയാണ് ശനിയാഴ്ചത്തെ കളക്ഷന്‍. അതായത് രണ്ട് ദിവസങ്ങളില്‍ നിന്ന് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചിത്രം നേടിയെടുത്തിരിക്കുന്നത് 12.69 കോടിയാണ്. ഞായറാഴ്ചത്തെ കളക്ഷനും കൂടി ചേര്‍ത്ത് ചിത്രം ആദ്യ വാരാന്ത്യത്തില്‍ 22 കോടിയോളം നേടിയേക്കുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇനാമുള്‍ഹഖ്, സുസ്മിത മുഖര്‍ജി, നീരജ് സൂദ്, രാകേഷ് ബേദി, ഷരീബ് ഹാഷ്മി, ആകാശ് ഖുറാന, കാനുപ്രിയ പണ്ഡിറ്റ്, അനുഭ ഫത്തേപുര, ഹിമാന്‍ഷു കോലി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : നാല് പേര്‍ സേഫ്, ഇന്നത്തെ എവിക്ഷന്‍ പ്രഖ്യാപനം മറ്റ് നാല് പേരില്‍ നിന്ന്
WATCH VIDEO : 'മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്': ശ്രുതി ലക്ഷ്‍മി അഭിമുഖം