തിയറ്ററില്‍ 100 ദിനങ്ങള്‍ പിന്നിട്ട് 'വാള്‍ട്ടര്‍ വീരയ്യ'; ചിരഞ്ജീവി ചിത്രം ഇതുവരെ നേടിയ കളക്ഷന്‍
കെ എസ് രവീന്ദ്ര സംവിധാനം ചെയ്ത ചിത്രം
യുവതാരങ്ങള്‍ കടന്നുവരുമ്പോള്‍ അത്രകാലവും താരസിംഹാസനങ്ങള്‍ അലങ്കരിച്ചിരുന്നവര്‍ക്ക് എന്ത് സംഭവിക്കും? ഇന്ത്യന്‍ ഭാഷാ സിനിമകളിലെ പല സൂപ്പര്‍താരങ്ങളെയും ഭയപ്പടുത്തുന്ന വസ്തുതയാണ് ഇത്. എന്നാല്‍ ദശകങ്ങള്‍ ചലച്ചിത്രലോകത്ത് പയറ്റി തെളിയിച്ച ഈ മുതിര്‍ന്ന താരങ്ങള്‍ക്ക് പുതിയ പ്രോജക്റ്റുകള്‍ക്ക് പഞ്ഞമുണ്ടാകില്ലെന്നതാണ് വാസ്തവം. തെലുങ്ക് സിനിമ എടുത്താല്‍ ഒരുകാലത്ത് ചിരഞ്ജീവിക്ക് എതിരുണ്ടായിരുന്നില്ല. എന്നാല്‍ അല്ലു അര്‍ജുനും ജൂനിയര്‍ എന്‍ടിആറും രാം ചരണുമൊക്കെ വന്‍ വിജയങ്ങള്‍ നേടുന്ന കാലമായിട്ടും ചിരഞ്ജീവിക്ക് ഇപ്പോഴും ബിഗ് ബജറ്റ് ചിത്രങ്ങളുണ്ട്. അവ വിജയിക്കുന്നുമുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ ചിരഞ്ജീവി ചിത്രം തിയറ്ററുകളില്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
കെ എസ് രവീന്ദ്ര സംവിധാനം ചെയ്ത വാള്‍ട്ടര്‍ വീരയ്യയാണ് ഈ ചിത്രം. ഇത്തവണത്തെ സംക്രാന്തി റിലീസ് ആയി ജനുവരി 13 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ 3 ദിനങ്ങളില്‍ നിന്നു തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണിത്. ഒരു മാസത്തിനിപ്പുറം ഫെബ്രുവരി 27 ന് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയും എത്തിയിരുന്നു ചിത്രം. ഒടിടി റിലീസിന് ശേഷവും ആന്ധ്രയിലും തെലങ്കാനയിലും ചില തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നിരുന്നു ചിത്രം.
100 ദിവസത്തിനിപ്പുറം ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ ആന്ധ്ര ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരുടെ കണക്ക് പ്രകാരം ആന്ധ്രയും തെലങ്കാനയും ചേര്‍ത്ത് ചിത്രം നേടിയത് 180.7 കോടിയാണ്. കര്‍ണാടകത്തില്‍ നിന്ന് 12.1 കോടിയും യുഎസില്‍ നിന്ന് 19.1 കോടിയും ഇന്ത്യയിലെ മറ്റ് ഇടങ്ങളില്‍ നിന്ന് 13.8 കോടിയും ചിത്രം സ്വന്തമാക്കി. അങ്ങനെ ആകെ നേടിയ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 225.7 കോടി രൂപ.
ലൂസിഫര്‍ തെലുങ്ക് റീമേക്ക് ആയിരുന്ന ഗോഡ്‍ഫാദറിനു ശേഷം ചിരഞ്ജീവി നായകനായ ചിത്രമാണിത്. ശ്രുതി ഹാസന്‍ നായികയായ ചിത്രത്തില്‍ രവി തേജയും കാതറിന്‍ ട്രെസയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്.
ALSO READ : ബജറ്റ് 8917 കോടി രൂപ! അവതാര്‍ 2 നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം എത്ര?