വിജയിയെ കടത്തിവെട്ടി അജിത്ത്; പക്ഷേ തമിഴ് ഓപ്പണിംഗ് കിംഗ് ഈ ചിത്രം; 'മനസിലായോ സാറേ..'
വിജയ് നായകനായി എത്തുന്ന ലിയോ ആണ് തമിഴ്നാട്ടിൽ റിലീസിന് ഒരുങ്ങുന്ന പ്രധാന ചിത്രം.
സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഇന്റസ്ട്രികളിൽ ഒന്നാണ് തമിഴ്. ഭാഷാഭേദമെന്യെ ഏവരും ഒന്നടങ്കം കാണുന്നതും തമിഴ് സിനിമകളാണ്. പ്രത്യേകിച്ച് സൂപ്പർ താര ചിത്രങ്ങൾ. കേരളത്തിലും വൻ തോതിലുള്ള വരവേൽപ്പാണ് തമിഴ് സിനിമകൾക്ക് ലഭിക്കുക. പല സൂപ്പർ താര ചിത്രങ്ങളും കേരളത്തിൽ നിന്നും പണംവാരിപ്പടമായി പോയിട്ടുണ്ട്. അത്തരത്തിലൊരു സിനിമ ആയിരുന്നു ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്തിനൊപ്പം മോഹൻലാലും വിനായകനും നിറഞ്ഞാടിയപ്പോൾ മലയാളികൾ ഇരുകയ്യും നീട്ടി ചിത്രം സ്വീകരിച്ചു. ഇപ്പോഴിതാ തമിഴ് നാട്ടിൽ ഈ വർഷം മികച്ച ഒപ്പണിംഗ് ലഭിച്ച 10 ചിത്രങ്ങളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
2023 ജനുവരി മുതൽ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും മികച്ച ഓപ്പണിംഗ് ലഭിച്ചിരിക്കുന്നത് ജയിലറിന് തന്നെയാണ്. വിനായകൻ എന്ന നടനെ ഇന്ത്യൻ സിനിമയ്ക്ക് പരിചയപ്പെടുത്തിയ, പരാജയ സംവിധായകൻ എന്ന് മുദ്രകുത്തിയവർക്ക് മുന്നിൽ നെൽസൺ ദിലീപ് കുമാർ വൻ തിരിച്ചുവരവ് നടത്തിയ ചിത്രം ആദ്യദിനം നേടിയത് 22.5കോടിയാണ്. തമിഴിലെ സൂപ്പർ താരങ്ങളായ വിജയ്, അജിത്ത് എന്നിവരെ പിന്തള്ളിയാണ് ജയിലർ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
തുനിവ്- 21.4 കോടി, വാരിസ്- 20.38 കോടി എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള മറ്റ് ചിത്രങ്ങൾ. അതായത് വിജയിയെ കടത്തിവെട്ടി അജിത്ത് ചിത്രം ഒപ്പണിങ്ങിൽ മുന്നിൽ എത്തിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകളാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. പിഎസ് 2 - 16.5 കോടി, മാമന്നൻ - 8.8 കോടി, ജവാൻ - 7.93 കോടി, മാർക്ക് ആന്റണി- 5 കോടി, മാവീരൻ - 7.1 കോടി, പത്തുതല- 6.5 കോടി, വാത്തി - 5 കോടി എന്നിങ്ങനെയാണ് മറ്റ് സിനിമകളുടെ ഒപ്പണിംഗ് കളക്ഷൻ.
അതേസമയം, വിജയ് നായകനായി എത്തുന്ന ലിയോ ആണ് തമിഴ്നാട്ടിൽ റിലീസിന് ഒരുങ്ങുന്ന പ്രധാന ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വൻ ഹൈപ്പാണ് പ്രഖ്യാപന സമയം മുതൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒക്ടോബർ 19ന് തിയറ്ററിൽ എത്തുന്ന ലിയോ, രജനികാന്ത് ചിത്രം ജയിലറെ കടത്തിവെട്ടുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ലിയോയ്ക്ക് മുന്നോടിയായി സെപ്റ്റംബർ 28ന് ചന്ദ്രമുഖി 2 തിയറ്ററിൽ എത്തുകയാണ്. ജയിലറെ മറികടക്കാൻ ചിത്രത്തിന് സാധിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.
'ആതിരയുടെ മകള്‍ അഞ്ജലി' എത്തുന്നത് രണ്ട് ഭാഗങ്ങളിൽ, ബജറ്റ് 5ലക്ഷം: സന്തോഷ് പണ്ഡിറ്റ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..