100 കോടിയിലും നോണ്‍ സ്റ്റോപ്പ്! അനുപമ പരമേശ്വരന്‍റെ തെലുങ്ക് ചിത്രം 'ടില്ലു സ്ക്വയര്‍' ഇതുവരെ നേടിയത്
മാര്‍ച്ച് 29 ന് തിയറ്ററുകളിലെത്തിയ ചിത്രം
തെലുങ്കില്‍ ഇന്ന് ഏറ്റവും തിരക്കുള്ള നായികാ താരങ്ങളില്‍ ഒരാളാണ് അനുപമ പരമേശ്വരന്‍. 2016 ല്‍ പുറത്തെത്തിയ അരങ്ങേറ്റചിത്രം മുതല്‍ 15 ചിത്രങ്ങള്‍ അനുപമ തെലുങ്കില്‍ ഇതിനകം അഭിനയിച്ചുകഴിഞ്ഞു. അതില്‍ ഏറ്റവും ഒടുവില്‍ പുറത്തെത്തിയ ചിത്രം തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ബോക്സ് ഓഫീസില്‍ 100 കോടിയിലും നില്‍ക്കാതെ കുതിക്കുകയാണ് ചിത്രം. കളക്ഷന്‍ സംബന്ധിച്ച് ഏറ്റവും പുതിയ കണക്കുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
മാര്‍ച്ച് 29 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മാലിക് റാം സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധു ജൊന്നലഗഡ്ഡയാണ് നായകന്‍. റൊമാന്‍റിക് ക്രൈം കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഡി ജെ ടില്ലു എന്ന കഥാപാത്രമായി സിദ്ധു എത്തുമ്പോള്‍ ലില്ലി ജോസഫ് എന്നാണ് അനുപമയുടെ കഥാപാത്രത്തിന്‍റെ പേര്. സിത്താര എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ സൂര്യദേവര നാഗവംശി, രവി ആന്‍റണി പുഡോട്ട എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 125.2 കോടിയാണ്. നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിരിക്കുന്ന കണക്കാണ് ഇത്.
2022 ല്‍ പുറത്തെത്തി ബോക്സ് ഓഫീസില്‍ വിജയം നേടിയ ഡിജെ ടില്ലുവിന്‍റെ സീക്വല്‍ ആണ് ടില്ലു സ്ക്വയര്‍. ചിത്രത്തിന്‍റെ സഹരചനയും നായകന്‍ സിദ്ധു ജൊന്നലഗഡ്ഡയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മാണം. മുരളീധര്‍ ഗൗഡ്, സിവിഎല്‍ നരസിംഹ റാവു, മുരളി ശര്‍മ്മ, പ്രണീത് റെഡ്ഡി കല്ലെം, രാജ് തിരണ്ഡസു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.