ഇത് ചരിത്രം, 'ലിയോ' നേടിയത് 140കോടിയല്ല, അതുക്കും മേലെ! ഇന്ത്യന്‍ സിനിമയിലെ ബമ്പര്‍ ഒപ്പണിംഗ്
ചിത്രത്തിന്റെ ബജറ്റ് 300 കോടി ആണെന്നാണ് വിവരം.
"വിജയ് ചിത്രം ആണെങ്കിൽ ഉറപ്പായും വിതരണക്കാർക്കും നിർമാതാവിനും പണം കിട്ടും. ഇത് ഉറപ്പായൊരു കാര്യമാണ്. സക്സസ് പിക്ചർ ആണത്", വിജയിയെ കുറിച്ച് അദ്ദേഹത്തിന്റെ പിതാവും നിർമാതാവും ആയ ചന്ദ്രശേഖർ പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകൾ അന്വർത്ഥം ആക്കുന്നത് തന്നെ ആണ് വിജയ് ചിത്രങ്ങൾക്ക് ലഭിക്കുന്ന ഹൈപ്പും കളക്ഷനും. അൽപമൊന്ന് പരാജയം നേരിട്ടാലും വിജയ് ചിത്രം ബോക്സ് ഓഫീസിൽ വിജയിക്കും എന്നത് സത്യമായ വസ്തുതയാണ്. ഉദാഹരണങ്ങൾ നിരവധി. ബോക്സ് ഓഫീസ് കോട്ടകൾ തകർക്കുന്ന വിജയ് ചിത്രങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ എത്തിയിരിക്കുകയാണ് ലിയോ ഇപ്പോൾ.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിൽ ലിയോ ദാസ് ആയും പാർത്ഥിപൻ ആയും വിജയ് നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം അതേറ്റെടുത്തു. പ്രീ-സെയിലിൽ അടക്കം ചിത്രം പണം വാരിക്കൂട്ടി. ഇപ്പോഴിതാ ആദ്യദിനം ലിയോ നേടിയ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ആണ് ഔദ്യോഗിക കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
140 കോടിയാണ് ലിയോ നേടിയതെന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. എന്നാൽ ഈ കടക്കുകളെ പിന്തള്ളി കൊണ്ടുള്ള നേട്ടമാണ് ലിയോ സ്വന്തമാക്കിയത്. അതായത്, ആദ്യദിനം 148.5 കോടിയോളം രൂപയാണ് ലിയോ നേടിയിരിക്കുന്നത്. ഇതോടെ 2023ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ തന്നെ ഒന്നാമത് എത്തിയിരിക്കുകയാണ് ലിയോ.
ഇന്നലെ വരെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നത് ഷാരൂഖിന്റെ ജവാൻ, പഠാൻ എന്നീ ചിത്രങ്ങളാണ്. പഠാൻ 106 കോടിയും ജവാൻ 129 കോടിയുമാണ് ആദ്യദിനം നേടിയത്. ഈ റെക്കോർഡാണ് ഒറ്റദിവസത്തിൽ ലിയോ തിരുത്തി കുറിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. തൃഷ, ബാബു ആന്റണി, സഞ്ജയ് ദത്ത്, മാത്യു, അർജുൻ സർജ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രത്തിന്റെ ബജറ്റ് 300 കോടി ആണെന്നാണ് വിവരം.
മോഹൻലാലും വിജയിയും ഒപ്പത്തിനൊപ്പം; മമ്മൂട്ടിയുടെ ഒരു ചിത്രം മാത്രം, ആദ്യദിനം 'പണംവാരിയ' സിനിമകൾ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..