സമ്മിശ്ര പ്രതികരണത്തില്‍ വീണോ? വിജയ് ആന്‍റണിയുടെ 'പിച്ചൈക്കാരന്‍ 2' മൂന്ന് ദിവസം കൊണ്ട് നേടിയത്

വിജയ് ആന്‍റണിയുടെ സംവിധാന അരങ്ങേറ്റ ചിത്രം

pichaikkaran 2 first weekend box office collection vijay antony nsn

തമിഴിലും തെലുങ്കിലും മികച്ച വിജയം നേടിയ ചിത്രമായിരുന്നു വിജയ് ആന്‍റണി നായകനായി 2016 ല്‍ പുറത്തെത്തിയ പിച്ചൈക്കാരന്‍ (തെലുങ്കില്‍ ബിച്ചഗഡു). ഏഴ് വര്‍ഷത്തിനിപ്പുറം ചിത്രത്തിന്‍റെ സീക്വല്‍ പുറത്തെത്തിയപ്പോള്‍ മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. പിച്ചൈക്കാരന്‍ സംവിധാനം ചെയ്തത് ഗുരുമൂര്‍ത്തി ആയിരുന്നെങ്കില്‍ രണ്ടാം ഭാഗം സംവിധാനം ചെയ്തത് വിജയ് ആന്‍റണി തന്നെയാണ്. അദ്ദേഹത്തിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രവുമാണ് ഇത്. ഒരു വിജയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയ്ക്ക് തമിഴ്, തെലുങ്ക് ബോക്സ് ഓഫീസുകളില്‍ വലിയ പ്രതീക്ഷ പകര്‍ന്ന് എത്തിയ ചിത്രത്തിന് പക്ഷേ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വലിയ പ്രതികരണം നേടാനായില്ല.

അതേസമയം സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിവസം ലഭിച്ചതെങ്കിലും ആദ്യ വാരാന്ത്യത്തില്‍ കുടുംബപ്രേക്ഷകര്‍ കൂട്ടമായി തിയറ്ററുകളിലേക്ക് എത്തിയത് നിര്‍മ്മാതാക്കള്‍ക്ക് ഗുണമായി. റിലീസ് ദിനത്തില്‍ 6 കോടി നേടിയ ചിത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് നേടിയിരിക്കുന്നത് 18 കോടിയാണ്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ചേര്‍ത്തുള്ള കണക്കാണ് ഇത്. സമ്മിശ്ര പ്രതികരണം ലഭിച്ച ഒരു ചിത്രത്തെ സംബന്ധിച്ച് ഭേദപ്പെട്ട കളക്ഷനാണ് ഇത്.

വിജയ് ആന്‍റണി ആദ്യമായി ഒരു സിനിമയുടെ രചയിതാവാകുന്ന ചിത്രം കൂടിയാണ് ഇത്. വിജയ് ആന്‍റണി ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ നായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയം പൂര്‍ത്തിയാക്കുകയായിരുന്നു. 'ബിച്ചഗഡു 2' എന്നാണ് തെലുങ്കിലെ പേര്. സംഗീതവും വിജയ് ആന്‍റണി തന്നെ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്. കാവ്യ ഥാപ്പര്‍, ഡാറ്റോ രാധാ രവി, വൈ ജി മഹേന്ദ്രന്‍, മന്‍സൂര്‍ അലി ഖാന്‍, ഹരീഷ് പേരടി, ജോണ്‍ വിജയ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ALSO READ : 'ഇനി നിശബ്‍ദരായി ഇരിക്കാനാവില്ല'; ബിഗ് ബോസ് മത്സരാര്‍ഥി റിനോഷിനെതിരെ സൈബര്‍ ആക്രമണമെന്ന് പരാതി

Latest Videos
Follow Us:
Download App:
  • android
  • ios