മൗത്ത് പബ്ലിസിറ്റി കളക്ഷനിൽ പ്രതിഫലിച്ചോ? 'മാർക്ക് ആന്‍റണി' ആദ്യ 4 ദിനങ്ങളിൽ നേടിയത്

അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിശാലിന് ഈ തരത്തിലുള്ള ഒരു വിജയം ലഭിക്കുന്നത്

mark antony 4 day box office collection vishal sj suryah Adhik Ravichandran mini studio nsn

തമിഴ് സിനിമയിൽ ജയിലറിന് ശേഷം ഏറ്റവുമധികം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് വിശാൽ നായകനായ മാർക്ക് ആന്‍റണി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ട്രെയ്‍ലര്‍ അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ റിലീസിന് മുന്‍പ് തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്ന ചിത്രത്തിന് സ്വാഭാവികമായും റിലീസ് ദിനത്തില്‍ മികച്ച ഒക്കുപ്പന്‍സി ലഭിച്ചു. അത് പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയായി പരിണമിച്ചു എന്നതാണ് മാര്‍ക്ക് ആന്‍റണിയുടെ വിജയം. 

മികച്ച ഓപണിംഗ് നേടിയ ചിത്രത്തിന്‍റെ ആദ്യ നാല് ദിനങ്ങളിലെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. തമിഴ്നാട്ടില്‍ മാത്രം 34 കോടി നേടിയ ചിത്രം കേരളം. കര്‍ണാടകം അടക്കമുള്ള മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് നേടുന്നത്. എല്ലാ റിലീസിംഗ് സെന്‍ററുകളില്‍ നിന്നുമായി ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 55 കോടി നേടിയതായി ഒണ്‍ലി കോളിവുഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നിര്‍മ്മാതാവ് എസ് വിനോദ് കുമാര്‍ ഈ കണക്കുകള്‍ ശരിവച്ചിട്ടുമുണ്ട്.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിശാലിന് ഈ തരത്തിലുള്ള ഒരു വിജയം ലഭിക്കുന്നത്. 2018 ല്‍ പുറത്തെത്തിയ ഇരുമ്പ് തിരൈ ആയിരുന്നു ഇതിന് മുന്‍പ് മികച്ച വിജയം നേടിയ വിശാല്‍ ചിത്രം. ഈ മാസം 28 വരെ മറ്റ് പ്രധാന റിലീസുകളൊന്നും തമിഴില്‍ നിന്നില്ല എന്നതും ബോക്സ് ഓഫീസില്‍ മാര്‍ക്ക് ആന്‍റണിക്ക് ഗുണമാണ്. വിശാലും എസ് ജെ സൂര്യയും ഇരട്ട വേഷങ്ങളിലെത്തുന്ന ചിത്രം ടൈം ട്രാവലിലൂടെ കഥ പറയുന്ന ഒന്നാണ്. റിതു വര്‍മ്മ, അഭിനയ, സെല്‍വരാഘവന്‍, സുനില്‍, നിഴല്‍കള്‍ രവി, റെഡിന്‍ കിംഗ്‍സ്‍ലി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ : 1000 കോടി ക്ലബ്ബില്‍ എന്നെത്തും? ആ തെന്നിന്ത്യന്‍ ചിത്രങ്ങളെ മറികടക്കുമോ 'ജവാന്‍'?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios