മൺഡേ ടെസ്റ്റും പാസ്; പേമാരിയിലും വിജയക്കുട ചൂടി 'കണ്ണൂർ സ്ക്വാഡ്', കുതിപ്പ് 50 കോടിയിലേക്ക്
സെപ്റ്റംബർ 28നാണ് റോബി വർഗീസ് രാജ് എന്ന പുതുമുഖ സംവിധായകൻ അണിയിച്ചൊരുക്കിയ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ എത്തിയത്.
പതിയെ വന്ന് വൻ ആഘോഷമാകുന്ന സിനിമകളുടെ ട്രെന്റ് ആണിപ്പോൾ മലയാള സിനിമയിൽ. ഈ വർഷം അതിന് തുടക്കമിട്ടത് 'രോമാഞ്ചം' ആയിരുന്നു. പിന്നാലെ എത്തിയ 2018 സിനിമയും 'ആർഡിഎക്സും' വൻ വിജയം കൊയ്തു. അത്തരത്തിൽ സീറോ ഹൈപ്പും സീറോ പ്രൊമോഷനുമായി എത്തി പ്രേക്ഷക മനസിൽ ഇടംനേടിയിരിക്കുക ആണ് 'കണ്ണൂർ സ്ക്വാഡ്'. ആദ്യദിനം മുതൽ ലഭിച്ചു കൊണ്ടിരിക്കുന്ന മൗത്ത് പബ്ലിസിറ്റിയിലൂടെ ബോക്സ് ഓഫീസിലും വിജയ കിരീടം ചൂടുകയാണ് മമ്മൂട്ടി നായകനായി എത്തിയ ഈ ചിത്രം.
സെപ്റ്റംബർ 28നാണ് റോബി വർഗീസ് രാജ് എന്ന പുതുമുഖ സംവിധായകൻ അണിയിച്ചൊരുക്കിയ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ എത്തിയത്. ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായ മമ്മൂട്ടി കസറിയപ്പോൾ, പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു ഇതാണ് 'മലയാള സിനിമയുടെ പടത്തലവൻ'. ആ തലവന്റെ ഭരണം ബോക്സ് ഓഫീസിലും തുടർന്നു. ആദ്യദിനം കേരളത്തിൽ നിന്നുമാത്രം 2.40 കോടി ആയിരുന്നു കണ്ണൂർ സ്ക്വാഡ് സ്വന്തമാക്കിയത്. പിന്നീട് ഇങ്ങോട്ട് കേരളം കണ്ടത് ബോക്സ് ഓഫീസ് വേട്ട.
റിലീസ് ചെയ്ത് അഞ്ചാം ദിനത്തിൽ എത്തി നിൽക്കുമ്പോൾ, ആഗോള തലത്തിൽ 50 കോടിയിലേക്ക് കുതിക്കുകയാണ് കണ്ണൂർ സ്ക്വാഡ്. ഇന്നലെ മാത്രം 4.15 കോടിയാണ് ചിത്രം നേടിയത്. അതായത് 'മൺഡേ ടെസ്റ്റും' മമ്മൂട്ടി ചിത്രം പാസായി എന്ന് അർത്ഥം.
ആദ്യദിനം 2.40കോടി, രണ്ടാം ദിനം 2.75 കോടി, മൂന്നാം ദിനം 3.45, നാലാം ദിനം 4.65 കോടി, അഞ്ചാം ദിനം 4.15 കോടി എന്നിങ്ങനെ ആണ് ഇതുവരെയുള്ള കണ്ണൂർ സ്ക്വാഡിന്റെ കളക്ഷൻ. ഇതോടെ കേരളത്തിൽ നിന്നുമാത്രം 17.40 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. അതേസമയം, ആഗോളതലത്തിൽ നാല്പത് കോടി ചിത്രം പിന്നിട്ടു എന്നും വിവരമുണ്ട്. അങ്ങനെയെങ്കിൽ ഈ വാരാന്ത്യം കടക്കുമ്പോഴേക്കും മമ്മൂട്ടി ചിത്രം 50 കോടി പിന്നിടുമെന്നാണ് വിലയിരുത്തലുകൾ. കനത്ത മഴയിലും വൻ ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഒന്നാമത് മോഹൻലാൽ, രണ്ടാമത് മമ്മൂട്ടി, ഒടുവിൽ ആ യുവതാരം; മികച്ച ആദ്യവാരാന്ത്യം നേടിയ 10സിനിമകൾ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..