ഇത് റീ റിലീസ് തന്നെയോ? 23 വര്‍ഷത്തിന് ശേഷവും തിയറ്റര്‍ പൂരപ്പറമ്പാക്കി ആ മഹേഷ് ബാബു ചിത്രം! 2 ദിവസത്തെ കളക്ഷൻ
മഹേഷ് ബാബുവിന്‍റെ പിറന്നാള്‍ ദിനത്തിലായിരുന്നു റീ റിലീസ്
തെലുങ്കില്‍ ഏറെ ആരാധകരുള്ള താരങ്ങളിലൊരാളാണ് മഹേഷ് ബാബു. ഇപ്പോഴിതാ പല ഭാഷകളിലുമുള്ള റീ റിലീസ് ട്രെന്‍ഡില്‍ ഒരു മഹേഷ് ബാബു ചിത്രവും പ്രേക്ഷകരെ തേടി എത്തിയിരിക്കുകയാണ്. കൃഷ്ണ വംശിയുടെ രചനയിലും സംവിധാനത്തിലും 2001 ല്‍ പുറത്തെത്തിയ മുരാരി എന്ന ചിത്രമാണ് റീ റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. സൂപ്പര്‍നാച്ചുറല്‍ ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം 23 വര്‍ഷത്തിനിപ്പുറം മഹേഷ് ബാബുവിന്‍റെ പിറന്നാള്‍ ദിനമായ ഓഗസ്റ്റ് 9 നാണ് തിയറ്ററുകളിലെത്തിയത്.
ഒരു പുതിയ ചിത്രമോ എന്ന പ്രതീതി തോന്നിപ്പിക്കുന്ന തരത്തിലാണ് മഹേഷ് ബാബു ആരാധകര്‍ മുരാരി വീണ്ടും കാണാന്‍ തിയറ്ററുകളിലേക്ക് ഇരച്ചെത്തുന്നത്. ഫലം ബോക്സ് ഓഫീസില്‍ മിന്നും പ്രകടനമാണ് ചിത്രം നടത്തുന്നത്. ആദ്യദിനം ഇന്ത്യയില്‍ നിന്ന് 4.75 കോടി നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 5.25 കോടിയും സ്വന്തമാക്കി. രണ്ടാം ദിനം ഇന്ത്യയില്‍ നിന്ന് 1.75 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 60 ലക്ഷവും നേടിയ ചിത്രത്തിന്‍റെ രണ്ട് ദിവസത്തെ ആഗോള ഗ്രോസ് 7.10 കോടിയാണ്.
തെലുങ്കിലെ സമീപകാല റീ റിലീസുകളില്‍ മുരാരി രണ്ടാമതാണെന്ന് ടി2ബി ലൈവിനെ ഉദ്ധരിച്ച് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്നോട്ടുള്ള ദിവസങ്ങളില്‍ പവന്‍ കല്യാണ്‍ ചിത്രം ഖുഷിയെ മറികടന്ന് മുരാരി കളക്ഷനില്‍ ഒന്നാമതെത്തുമെന്നാണ് തെലുങ്ക് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷമായിരുന്നു പവന്‍ കല്യാണ്‍ ചിത്രത്തിന്‍റെ റീ റിലീസ്.
അതേസമയം മുരാരിയുടെ ഒറിജിനല്‍ റിലീസ് 2001 ഫെബ്രുവരി 17 ന് ആയിരുന്നു. റിലീസ് സമയത്ത് എ, ബി സെന്‍ററുകളില്‍ മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിന് സി ക്ലാസ് തിയറ്ററുകളില്‍ മാത്രമാണ് കാര്യമായി നേട്ടം കൊയ്യാനാവാതെ പോയത്.
ALSO READ : പൊട്ടിച്ചിരിയുമായി സൈജു കുറുപ്പ്; 'ഭരതനാട്യം' ട്രെയ്‌ലര്‍ എത്തി