'ലിയോ' വന്നിട്ടും വീണില്ല! തമിഴിലെ എക്കാലത്തെയും നമ്പര്‍ 1 കളക്ഷന്‍ റെക്കോര്‍ഡ് ആ ചിത്രത്തിന് തന്നെ
ജയിലറിനെ മറികടന്ന് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ആയും മാറിയിരുന്നു ലിയോ
കോളിവുഡില്‍ നിന്ന് ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ലിയോ. കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, വിജയ് എല്‍സിയുവിലേക്ക് (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) എത്തുമോ എന്ന ആകാംക്ഷ ഇങ്ങനെ പല ഘടകങ്ങളാണ് ഇതിന് കാരണമായത്. ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും വമ്പന്‍ ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം 148.5 കോടി! ഇന്ത്യന്‍ സിനിമയില്‍ തന്നെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗുമാണ് ഇത്. എന്നാല്‍ ഒടിടി റിലീസ് അടുത്തിരിക്കെ, തിയറ്റര്‍ റണ്‍ ഏറെക്കുറെ അവസാനിക്കാനിരിക്കെ ലിയോയുടെ ലൈഫ് ടൈം കളക്ഷന്‍ സംബന്ധിച്ച പ്രവചനങ്ങള്‍ ട്രേഡ് അനലിസ്റ്റുകള്‍ നടത്തുന്നുണ്ട്.
വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയ ചിത്രം രജനികാന്ത് ചിത്രം ജയിലറിനെ മറികടന്ന് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ആയും മാറിയിരുന്നു. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയങ്ങളുടെ പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ചിത്രം. എന്നാല്‍ തിയറ്റര്‍ റണ്‍ ഏറെക്കുറെ അവസാനിച്ച ചിത്രം രണ്ടാം സ്ഥാനത്തുതന്നെ ഫിനിഷ് ചെയ്യാനാണ് സാധ്യതകളൊക്കെയും. തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റ് രജനികാന്തിന്‍റെ തന്നെ ഷങ്കര്‍ ചിത്രം 2.0 ആണ്. 2018 ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ലൈഫ് ടൈം ഗ്രോസ് 655.44 കോടിയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ലിയോ കഴിഞ്ഞ ദിവസം വരെ നേടിയത് 612 കോടിയാണ്. അതായത് 40 കോടിയിലേറെ നേടിയാല്‍ മാത്രമേ ചിത്രം 2.0 യെ വെട്ടി കളക്ഷനില്‍ ഒന്നാമതെത്തൂ. ഇത് ഏറെക്കുറെ അസാധ്യമാണെന്ന് പറയേണ്ടിവരും.
അതേസമയം സമ്മിശ്ര പ്രതികരണം നേടിയ ഒരു ചിത്രം ബോക്സ് ഓഫീസില്‍ ഇത്രയും മുന്നേറിയത് ചരിത്രമാണ്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക