ബോക്സ് ഓഫീസില്‍ 'സൂപ്പര്‍ സണ്‍ഡേ'? പെരുമഴയിലും നനയാതെ 'കണ്ണൂര്‍ സ്ക്വാഡ്', ഞായറാഴ്ച നേടിയത്
കേരളത്തില്‍ സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രം റിലീസ് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ സ്ക്രീന്‍ കൌണ്ടിലാണ് കണ്ണൂര്‍ സ്ക്വാഡ് പ്രദര്‍ശനം ആരംഭിച്ചത്
പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി, അതും റിലീസിന്‍റെ ആദ്യ ദിവസങ്ങളില്‍ നേടുന്നത് ഒരു ചിത്രത്തെ സംബന്ധിച്ച് ഇന്ന് ഏറെ പ്രധാനമാണ്. അതിനെ ആശ്രയിച്ചാണ് ചിത്രത്തിന്‍റെ വിജയ പരാജയങ്ങള്‍ എന്നതുതന്നെ കാരണം. അത്തരത്തില്‍ പോസിറ്റീവ് അഭിപ്രായം ലഭിച്ചാല്‍ ചിത്രങ്ങള്‍ വമ്പന്‍ വിജയവും അതേസമയം നെഗറ്റീവ് ആണെങ്കില്‍ വമ്പന്‍ പരാജയവുമാവുന്ന കാലമാണിത്. രോമാഞ്ചത്തിനും 2018നുമൊക്കെ ശേഷം വമ്പന്‍ മൌത്ത് പബ്ലിസിറ്റി നേടിയ ഒരു ചിത്രം പ്രതികൂല കാലാവസ്ഥയിലും തിയറ്ററുകളില്‍ ആളെ കൂട്ടുകയാണ്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രമാണ് മികച്ച അഭിപ്രായവും കളക്ഷനും നേടി മുന്നേറുന്നത്.
വ്യാഴാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് അന്ന് മുതല്‍ ഓരോദിവസത്തെ കളക്ഷനിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒപ്പം കേരളത്തിലെ സ്ക്രീന്‍ കൌണ്ടും വര്‍ധിച്ചിരുന്നു. കേരളത്തില്‍ സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രം റിലീസ് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ സ്ക്രീന്‍ കൌണ്ടിലാണ് കണ്ണൂര്‍ സ്ക്വാഡ് പ്രദര്‍ശനം ആരംഭിച്ചത്. എന്നാല്‍ ഓരോ ദിവസവും അത് വര്‍ധിച്ചുവന്നു. ഞായറാഴ്ച 330 ല്‍ അധികം സ്ക്രീനുകളിലാണ് കേരളത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഞായറാഴ്ചത്തെ കളക്ഷന്‍ സംബന്ധിച്ച ആദ്യ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.
4 മുതല്‍ 4.5 കോടി വരെയാണ് റിലീസിന് ശേഷമുള്ള ആദ്യ ഞായറാഴ്ച ചിത്രം കേരളത്തില്‍ നിന്ന് നേടിയതെന്നാണ് പ്രധാന ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ഈ വര്‍ഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന ഫസ്റ്റ് സണ്‍ഡേ കളക്ഷനാണ് ഇതെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. കേരളമൊട്ടാകെ ശക്തമായ മഴ ആയിരുന്നിട്ടും തിയറ്ററുകളില്‍ ശരാശരി 85 ശതമാനം ഒക്കുപ്പന്‍സി ഉണ്ടായിരുന്നതായാണ് അറിയുന്നത്. ഇതോടെ ആദ്യ നാല് ദിനങ്ങളിലെ കേരള കളക്ഷന്‍ 13 കോടിക്ക് മുകളിലെത്തും. ആദ്യ വാരാന്ത്യ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടേക്കും.
മമ്മൂട്ടി നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ്. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ പ്രതികളെ തേടി കേരളത്തിന് പുറത്ത് പോകുന്ന പൊലീസ് സംഘത്തിന്‍റെ കഥയാണ് പറയുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
ALSO READ : ആ കോംബോ വീണ്ടും; ഞെട്ടിക്കാന്‍ ഫഹദും വടിവേലുവും, ഇക്കുറി കോമഡി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക