കളക്ഷനില്‍ വീണ്ടും ഇടിവ്, ബോക്സ് ഓഫീസില്‍ പത്തി മടക്കുന്നോ 'ജവാന്‍'? 6 ദിവസത്തെ ഒഫിഷ്യല്‍ കളക്ഷന്‍
റിലീസ് ചെയ്യപ്പെട്ട വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള ഓരോ ദിവസവും 100 കോടിക്ക് മുകളില്‍ നേടിയ ചിത്രം
കൊവിഡ് കാലത്ത് നേരിട്ട തകര്‍ച്ചയില്‍ നിന്ന് ബോളിവുഡിനെ കരകയറ്റിയത് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ആയിരുന്നു. മറ്റ് സൂപ്പര്‍താരങ്ങള്‍ 200 കോടി ക്ലബ്ബില്‍ എത്തിപ്പെടാന്‍ പോലും ബുദ്ധിമുട്ടിയപ്പോള്‍ കിംഗ് ഖാന്‍റെ പഠാന്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലാണ് ഇടംപിടിച്ചത്. ഒന്നര വര്‍ഷങ്ങള്‍ക്കിപ്പുറം ജവാന്‍ എത്തിയപ്പോള്‍ ഒരു വിജയത്തുടര്‍ച്ചയുടെ പ്രതീക്ഷയിലായിരുന്നു ബോളിവുഡ്. പഠാന് ശേഷം, ആ ചിത്രം നേടിയതിന് തത്തുല്യമായ വിജയം മറ്റൊരു താരചിത്രത്തിനും നേടാനാവാതെപോയതും ബോളിവുഡിന് ജവാന് മേലുള്ള പ്രതീക്ഷ ഉയര്‍ത്തിയ ഘടകമാണ്. ആ പ്രതീക്ഷകളെ സാധൂകരിക്കുന്ന തരത്തില്‍ റെക്കോര്‍ഡ് ഓപണിംഗ് കളക്ഷനുമാണ് ചിത്രം സ്വന്തമാക്കിയത്. ആ കുതിപ്പ് നാല് ദിവസം നീണ്ട എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡിലേക്കും നീണ്ടു. എന്നാല്‍ തുടര്‍ന്നെത്തിയ പ്രവര്‍ത്തി ദിനങ്ങളില്‍ ചിത്രം കളക്ഷനില്‍ രേഖപ്പെടുത്തുകയാണ്.
റിലീസ് ചെയ്യപ്പെട്ട വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള ഓരോ ദിവസവും 100 കോടിക്ക് മുകളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് കളക്റ്റ് ചെയ്ത ചിത്രം തിങ്കളാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. വീക്കെന്‍ഡിന് ശേഷമുള്ള പ്രവര്‍ത്തിദിനം എന്ന നിലയില്‍ അത് പ്രതീക്ഷിച്ചതുമായിരുന്നു. എന്നാല്‍ ആറാം ദിനമായ ചൊവ്വാഴ്ചത്തെ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടപ്പോള്‍ തിങ്കളാഴ്ചത്തേതിലും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച 136 കോടി നേടിയ ചിത്രം തിങ്കളാഴ്ച നേടിയത് 54.1 കോടി ആയിരുന്നു. ചൊവ്വാഴ്ചത്തെ കളക്ഷന്‍ പുറത്തെത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 46.23 കോടി മാത്രമാണ്. ചിത്രം നേടിയ ഏറ്റവും താഴ്ന്ന കളക്ഷനാണ് ഇത്.
അതേസമയം ആദ്യ ആറ് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 621.12 കോടിയാണ്. ബുധനാഴ്ചത്തെ കളക്ഷന്‍ എത്രയായിരിക്കുമെന്ന ആകാംക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകള്‍. റിലീസ് ദിനം മുതല്‍ ഇങ്ങോട്ടുള്ള ഓരോ ദിവസത്തെയും കളക്ഷന്‍ നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് പുറത്തുവിടാറുണ്ട്.
WATCH >> "മമ്മൂക്ക പറഞ്ഞത് ഞാന്‍ മറക്കില്ല"; മനോജ് കെ യു അഭിമുഖം: വീഡിയോ