'മണ്‍ഡേ ടെസ്റ്റ്' പാസ്സായോ 'ജവാന്‍'? 5 ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍
പഠാന് ശേഷമെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി
റിലീസ് ചെയ്ത് ആദ്യ വാരാന്ത്യത്തിന് ശേഷമെത്തുന്ന തിങ്കളാഴ്ച ഒരു ചിത്രം എത്ര നേടും എന്നത് അതിന്‍റെ ജനപ്രീതിയുടെ നേര്‍സാക്ഷ്യമായാണ് ട്രേഡ് അനലിസ്റ്റുകള്‍ കാണാറ്. റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ വാരാന്ത്യത്തില്‍ കുടുംബപ്രേക്ഷകരടക്കം കൂട്ടമായി എത്തിയതിന് ശേഷമുള്ള ആദ്യ പ്രവര്‍ത്തിദിനം എന്നതാണ് തിങ്കളാഴ്ചയുടെ പ്രത്യേകത. വാരാന്ത്യ കളക്ഷനില്‍ അമ്പരപ്പിച്ച ചിത്രങ്ങളായാലും അവ തിങ്കളാഴ്ച എത്ര നേടുന്നു എന്നത് ചലച്ചിത്ര വിപണിയുടെ കൌതുകങ്ങളില്‍ ഒന്നാണ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പുതിയ സംസാരവിഷയം, ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ നേടിയ ഫസ്റ്റ് മണ്‍ഡേ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
നിര്‍മ്മാതാക്കള്‍ നല്‍കുന്ന കണക്കനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് തിങ്കളാഴ്ച ചിത്രം നേടിയത് 54.1 കോടിയാണ്. വ്യാഴാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള നാല് ദിനങ്ങളില്‍ നിന്നായി 520.79 കോടി നേടിയിരുന്നു ചിത്രം. തിങ്കളാഴ്ച ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 30.50 കോടിയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിക്കുന്നു. ഞായറാഴ്ച കളക്ഷനേക്കാള്‍ പകുതിയിലേറെ ഇടിവാണ് ബോക്സ് ഓഫീസില്‍ തിങ്കളാഴ്ച ചിത്രത്തിന് നേരിട്ടത്. 71.63 കോടി ആയിരുന്നു ഞായറാഴ്ച ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. എന്നാല്‍ തുടര്‍ ദിനങ്ങളില്‍ ചിത്രം കുതിപ്പ് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പഠാന് ശേഷമെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്‍റെയും നായികയായ നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റമായിരുന്നു. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പഠാന് വിപരീതമായി ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ALSO READ : 'ജയിലറി'നെ തൂക്കുമോ 'ലിയോ'? റിലീസിന് 37 ദിവസം ശേഷിക്കെ റെക്കോര്‍ഡുമായി വിജയ് ചിത്രം
WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ