കേരളത്തില്‍ 'പഠാനോ'ളം ഓളമുണ്ടാക്കിയോ 'ജവാന്‍'? 5 ദിവസത്തെ കളക്ഷന്‍
സെപ്റ്റംബര്‍ 7 ന് വലിയ പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രം
ബോളിവുഡ് സിനിമകളുടെ തെന്നിന്ത്യന്‍ മാര്‍ക്കറ്റ് ദുര്‍ബലമായിരുന്നു മുന്‍പ്. രാജ്യമൊട്ടാകെ ചര്‍ച്ചയാവുന്ന ശ്രദ്ധേയ ചിത്രങ്ങള്‍ ഓടുമെങ്കിലും തെന്നിന്ത്യന്‍ ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ബോളിവുഡ് ചിത്രങ്ങളുടെ കളക്ഷന്‍ താരതമ്യം അര്‍ഹിക്കുന്നത് ആയിരുന്നില്ല. വിശേഷിച്ചും കേരളത്തിലെ കളക്ഷന്‍. എന്നാല്‍ പാന്‍ ഇന്ത്യന്‍ സിനിമകളുടെ കാലത്ത് ഇതിന് മാറ്റം വരുന്നുണ്ട്. ആ മാറ്റത്തിന്‍റെ പതാകാവാഹകനായിരിക്കുന്നത് ഷാരൂഖ് ഖാന്‍ ആണ്. പഠാന് ശേഷം ജവാനും കേരളത്തിലും മികച്ച ബോക്സ് ഓഫീസ് പ്രതികരണം നേടുന്ന കാഴ്ചയാണ് തിയറ്ററുകളില്‍ ദൃശ്യമാവുന്നത്.
സെപ്റ്റംബര്‍ 7 ന് വലിയ പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് പക്ഷേ ഇവിടെ ആദ്യദിനം അത്രതന്നെ നെഗറ്റീവ് പബ്ലിസിറ്റിയാണ് ലഭിച്ചത്. പഠാന്‍ സൃഷ്ടിച്ച വലിയ ബെഞ്ച്മാര്‍ക്ക് തന്നെയായിരുന്നു ഒരു പ്രധാന കാരണം. ആദ്യദിനം 3.45 കോടി എന്ന മികച്ച കളക്ഷന്‍ നേടിയെങ്കിലും നെഗറ്റീവ് പബ്ലിസിറ്റി വന്നതോടെ ചിത്രം വീഴും എന്നായിരുന്നു ട്രാക്കര്‍മാരുടെ ആദ്യ വിലയിരുത്തല്‍. എന്നാല്‍ ചിത്രം ബോക്സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കേരളത്തില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ എക്കാലത്തെയും ബോളിവുഡ് ചിത്രങ്ങളുടെ ലിസ്റ്റില്‍ മൂന്നാമത് എത്തിയിരിക്കുകയുമാണ്.
വ്യാഴം മുതല്‍ തിങ്കള്‍ വരെയുള്ള അഞ്ച് ദിവസത്തെ കളക്ഷന്‍ വച്ച് ചിത്രം 10 കോടിക്ക് മുകളില്‍ കേരളത്തില്‍ നിന്ന് നേടിയെന്നാണ് പുറത്തെത്തുന്ന കണക്കുകള്‍. ബോളിവുഡില്‍ നിന്ന് ഇതിന് മുന്‍പ് രണ്ട് ചിത്രങ്ങള്‍ മാത്രമാണ് കേരളത്തില്‍ 10 കോടിക്ക് മുകളില്‍ നേടിയിരുന്നത്. പഠാനും ദംഗലും. പഠാന്‍ 13.1 കോടിയും ദംഗല്‍ 10.56 കോടിയുമാണ് കളക്റ്റ് ചെയ്തത്. ഈ റെക്കോര്‍ഡുകള്‍ ജവാന്‍ ബ്രേക്ക് ചെയ്യുമോ എന്നാണ് അറിയാനുള്ളത്. അതേസമയം വാരാന്ത്യത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 520 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഷാരൂഖ് ഖാന്‍റെ മൂല്യം വലിയ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്.
ALSO READ : "ഇതില്‍ സസ്പെന്‍സ് ഇല്ല, ത്രില്ലറും അല്ല"; 'നേരി'നെക്കുറിച്ച് ജീത്തു ജോസഫ്
WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ