'ജവാന്‍റെ' തിളക്കത്തില്‍ വീണോ 'ഗദര്‍ 2'? 38 ദിവസം കൊണ്ട് നേടിയത്: കളക്ഷന്‍ എത്രയെന്ന് നിര്‍മ്മാതാക്കള്‍
ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ അപ്രതീക്ഷിത ഹിറ്റ് ആണ് സണ്ണി ഡിയോള്‍ നായകനായ ചിത്രം
ലോംഗ് റണ്‍ എന്നത് പുതുകാലത്ത് സിനിമകള്‍ക്ക് പറഞ്ഞിട്ടുള്ള ഒന്നല്ല. വൈഡ് റിലീസിഗും വിദേശ രാജ്യങ്ങളിലടക്കം കണ്ടെത്തുന്ന പുതിയ മാര്‍ക്കറ്റുകളിലെ കാര്യമായ റിലീസുമൊക്കെത്തന്നെ ഇതിന് കാരണം. റിലീസിന് ശേഷമുള്ള ആദ്യ രണ്ടാഴ്ചകളിലാണ് എത്ര പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രമാണെങ്കിലും ഇന്ന് പ്രധാന കളക്ഷന്‍ നേടുന്നത്. മറ്റൊരു പ്രതിസന്ധി ഈ രണ്ടാഴ്ചയ്ക്ക് അപ്പുറം പുതിയ റിലീസുകള്‍ ഉണ്ടാവും എന്നതാണ്. ബോളിവുഡില്‍ ഇപ്പറഞ്ഞതിന്‍റെ പുതിയ ഉദാഹരണം ഗദര്‍ 2 ആണ്.
ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ അപ്രതീക്ഷിത ഹിറ്റ് ആണ് സണ്ണി ഡിയോള്‍ നായകനായ ചിത്രം. 2001 ല്‍ പുറത്തെത്തിയ ജനപ്രിയ ചിത്രത്തിന്‍റെ സീക്വല്‍ എന്ന നിലയില്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്നെങ്കിലും നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ് പോലും ഇത്ര വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ പഠാന് ശേഷം തിയറ്ററുകളിലേക്ക് പ്രേക്ഷകരുടെ കുത്തൊഴുക്ക് തന്നെ സൃഷ്ടിച്ചു ചിത്രം. മികച്ച ഓപണിംഗ് മാത്രമല്ല, തുടര്‍ വാരങ്ങളിലും നല്ല കളക്ഷനാണ് ചിത്രം നേടിയത്. എന്നാല്‍ മൂന്ന് ആഴ്ചകള്‍ക്കിപ്പുറം ജവാന്‍ എത്തിയതോടെ കളക്ഷനില്‍ കാര്യമായ ഇടിവാണ് ഗദര്‍ 2 രേഖപ്പെടുത്തിയത്.
ഇന്ത്യയില്‍ നിന്ന് ആദ്യ വാരം 284 കോടിയും രണ്ടാം വാരം 134 കോടിയും നേടിയ ചിത്രം മൂന്നാം വാരം 63 കോടിയും നാലാം വാരം 27 കോടിയും നേടി. എന്നാല്‍ ജവാന്‍ എത്തിയതിന് ശേഷമുള്ള അഞ്ചാം വാരത്തില്‍ ഇത് 7.28 കോടിയിലേക്കും ആറാം വാരം 2.72 കോടിയിലേക്കും ചുരുങ്ങി. ജവാന്‍ എത്തുന്നത് വരെ ഹിന്ദി സിനിമാപ്രേമികളുടെ തിയറ്റര്‍ കാഴ്ചയ്ക്കുള്ള ആദ്യ ചോയ്സ് ഗദര്‍ 2 ആയിരുന്നെങ്കില്‍ ജവാന്‍ എത്തിയതിന് ശേഷം അതായി. എന്നിരിക്കിലും ഇന്ത്യന്‍ കളക്ഷനില്‍ ചിത്രം 500 കോടി ക്ലബ്ബ് പിന്നിട്ടിരുന്നു. 520 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടിയത്.
അതേസമയം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 520 കോടിയാണ് ചിത്രം നേടിയത്. 38 ദിവസത്തെ കളക്ഷനാണ് ഇത്.
ALSO READ : 'വോയ്‍സ് ഓഫ് സത്യനാഥന്‍' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക