തമിഴ്നാട്ടില്‍ ആദ്യമായി ഒരു കോടി നേടിയ മലയാള ചിത്രം 'പ്രേമ'മല്ല! മറ്റൊരു സിനിമ
തമിഴ്നാട്ടില്‍ തരംഗം തീര്‍ത്ത ചിത്രമായിരുന്നു പ്രേമം
കേരളത്തിന് പുറത്ത് മലയാള സിനിമയ്ക്ക് കാലങ്ങളായി റിലീസ് ഉള്ള ഇതര സംസ്ഥാന സെന്‍ററുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെന്നൈ. മലയാളികളുടെ വലിയ സംഖ്യ തന്നെ അതിന് കാരണം. എന്നാല്‍ ചെന്നൈക്ക് പുറത്ത് തമിഴ്നാട്ടിലെ മറ്റ് ഇടങ്ങളില്‍ ജനപ്രീതി നേടുന്ന മലയാള ചിത്രങ്ങള്‍ കുറവാണ്. ഇപ്പോഴിതാ ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം മികച്ച അഭിപ്രായം നേടി ചലനം സൃഷ്ടിക്കുകയാണ്. ചിദംബരത്തിന്‍റെ സംവിധാനത്തില് എത്തിയ മഞ്ഞുമ്മല്‍ ബോയ്സ് ആണ് ആ ചിത്രം. തമിഴ്നാട് കളക്ഷനില്‍ മലയാള ചിത്രങ്ങളുടെ ഒരു റെക്കോര്‍ഡും തകര്‍ത്തിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്.
തമിഴ്നാട്ടില്‍ എക്കാലത്തെയും ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡ് ആണ് മഞ്ഞുമ്മല്‍ ബോയ്സ് സ്വന്തം പേരിലാക്കിയത്. തമിഴ്നാട്ടില്‍ നിന്ന് ഇതിനകം തന്നെ ചിത്രം 3 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞു. തമിഴ്നാട്ടില്‍ ആദ്യമായി 3 കോടി നേടുന്ന മലയാള ചിത്രവും ഇതുതന്നെ. ഇതിനുമുന്‍പ് തമിഴ്നാട്ടില്‍ തരംഗം തീര്‍ത്ത ഒരു മലയാള ചിത്രം പ്രേമമായിരുന്നു. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം ചെന്നൈയിലെ ഒരു തിയറ്ററില്‍ 200 ദിവസത്തിന് മുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
തമിഴ്നാട്ടില്‍ നിന്ന് ആദ്യമായി 2 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്ത മലയാള ചിത്രം പ്രേമമായിരുന്നു. എന്നാല്‍ അവിടെ ആദ്യമായി 1 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്ത മലയാള ചിത്രം പ്രേമമല്ല, മറ്റൊരു ചിത്രമാണ്. അഞ്ജലി മേനോന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, പാര്‍വതി തിരുവോത്ത്, നസ്രിയ നസിം, പാരീസ് ലക്ഷ്മി തുടങ്ങി വന്‍ താരനിര അണിനിരന്ന ബാംഗ്ലൂര്‍ ഡെയ്‍സ് ആണ് ആ ചിത്രമെന്ന് ട്രാക്കര്‍മാര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം