ബജറ്റ് 35 കോടി; പക്ഷേ ബോക്സ് ഓഫീസില്‍ ചലനമില്ലാതെ ആ ചിത്രം, 3 ദിവസത്തില്‍ നേടിയത്
വരുണിന്‍റെ കഴിഞ്ഞ ചിത്രവും പരാജയമായിരുന്നു
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും ചലനാത്മകമായ കാന്‍വാസുകളിലൊന്ന് തെലുങ്ക് സിനിമയുടേതാണ്. ഏറ്റവും വലിയ ബജറ്റിലും കാന്‍വാസിലും എത്തുന്ന ചിത്രങ്ങളില്‍ എണ്ണത്തില്‍ മുന്നില്‍ പലപ്പോഴും തെലുങ്ക് ആണ്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് രണ്ടാം നിര താരങ്ങളുടെ ചിത്രങ്ങള്‍ക്കും താരതമ്യേന ഉയര്‍ന്ന ബജറ്റ് തെലുങ്കില്‍ ലഭിക്കാറുണ്ട്. എന്നാല്‍ സിനിമയില്‍ എപ്പോഴുമുള്ള അപ്രവചനീയത ഇത്തരം ചിത്രങ്ങളെയും വാഴ്ത്താറും വീഴ്ത്താറുമുണ്ട്. ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ ബോക്സ് ഓഫീസ് കളക്ഷന്‍റെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്നത് വരുണ്‍ തേജ് നായകനായ മട്ക എന്ന ചിത്രമാണ്.
എന്നാല്‍ വിജയത്തിന്‍റെ പേരിലല്ല, മറിച്ച് ബോക്സ് ഓഫീസിലെ മോശം പ്രതികരണത്തിന്‍റെ പേരിലാണ് ചിത്രം വാര്‍ത്തകളില്‍ എത്തുന്നത്. കരുണ കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. വൈര എന്‍റര്‍ടെയ്ന്‍മെന്‍റ്സും എസ്ആര്‍ടി എന്‍റര്‍ടെയ്ന്‍മെന്‍റ്സും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഈ മാസം 14 നാണ് തിയറ്ററുകളില്‍ എത്തിയത്.
35 കോടി ബജറ്റില്‍ ഒരുങ്ങിയതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചിത്രമാണിത്. എന്നാല്‍ റിലീസ് ദിനത്തില്‍ നേടാനായത് 71 ലക്ഷം മാത്രമായിരുന്നു. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചതോടെ തുടര്‍ ദിനങ്ങളിലെ കളക്ഷനും താഴ്ന്നുതന്നെ നിന്നു. രണ്ടാം ദിനം 65 ലക്ഷവും മൂന്നാം ദിനം 75 ലക്ഷവുമാണ് ചിത്രം നേടിയത്. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് 2.11 കോടി മാത്രം. ഞായറാഴ്ച ചിത്രം 3 കോടി മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ 35 കോടി ബജറ്റുള്ള ഒരു ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യ കളക്ഷന്‍ എന്നത് പരിഗണിക്കുമ്പോള്‍ നിര്‍മ്മാതാക്കളെ ഏറെ നിരാശപ്പെടുത്തുന്ന കണക്കാണ് ഇത്. ചിത്രത്തിന്‍റെ ഇന്ത്യയിലെ ലൈഫ് ടൈം കളക്ഷന്‍ തന്നെ 5- 7 കോടിയില്‍ നില്‍ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. വരുണ്‍ തേജിന്‍റെ കഴിഞ്ഞ ചിത്രം ഓപറേഷന്‍ വാലന്‍റൈനും ബോക്സ് ഓഫീസില്‍ മോശം പ്രകടനമാണ് കാഴ്ചവച്ചത്.
ALSO READ : ഒരു വധുവിനെപ്പോലെ ഒരുങ്ങി 'പത്തരമാറ്റി'ലെ നയന; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍